ന്യൂഡല്‍ഹി - റിയാദ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്

റിയാദുമായുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതി നുള്ള സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യന്‍ സന്ദര്‍ശനം നല്‍കുന്നത്. ഹജ്ജ് തീര്‍ത്ഥാടനം, പെട്രോളിയം ഇറക്കുമതി എന്നീ മേഖലകളില്‍ മാത്രം ഒതുങ്ങി നിന്ന ബന്ധം, ഈ അടുത്ത കാലത്ത് മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഊഷ്മളമായ രീതിയില്‍ പുതിയ ഉയരങ്ങളിലേക്ക് ഉഭയകക്ഷി ബന്ധം എത്തിക്കുന്നതിന് ഇരു രാജ്യങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംഘടിപ്പിച്ച 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷ്യേറ്റീവില്‍'' ഭാവി നിക്ഷേപക സംരംഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊര്‍ജ്ജസ്വലമാക്കുന്ന ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
പെട്രോളിയം ഇതര മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനമാണ് 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷ്യേറ്റീവ്'. പരമ്പരാഗതമല്ലാത്ത ഊര്‍ജ്ജം, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, ടൂറിസം കലാപരിപാടികള്‍ തുടങ്ങിയ വൈവിധ്യങ്ങളായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകള്‍ എഫ്.ഐ.ഐ യില്‍ ചര്‍ച്ച ചെയ്യപ്പെടും.
ഈ സംരംഭങ്ങളില്‍ ഇന്ത്യയും സഹകരിക്കുകയാമെങ്കില്‍ 2024 ഓടെ അഞ്ച് ലക്ഷം കോടി യു.എസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാവുക എന്ന നമ്മുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും.
2014-ല്‍ ആദ്യം പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ഇത് എട്ടാം തവണയാണ് ശ്രീ. നരേന്ദ്ര മോദി സൗദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യത്തെ സന്ദര്‍ശനമാണ്. ഇത് സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ ഉലഞ്ഞിരിക്കുന്ന ബന്ധത്തിന് കൂടുതല്‍ ആഘാതമാകും.
2006-ല്‍ അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ഡല്‍ഹി പ്രഖ്യാപന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു. ആ പ്രഖ്യാപനം ലക്ഷ്യം നേടുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദര്‍ശനത്തിലൂടെ കൈക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പെട്രോകെമിക്കല്‍ റിഫൈനറിയില്‍ നിക്ഷേപിക്കുന്നതിനും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ആരാംകോ 1500 കോടി യു.എസ്. ഡോളര്‍ നിക്ഷേപിക്കുന്നതിന് സന്നദ്ധത അറിയിച്ചതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്നവയാണ്.
സൗദി രാജകുടുംബത്തിലെ ഉന്നതരുമായി റിയാദ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനൊടുവില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ എല്ലാ തരത്തിലുമുള്ള ബാഹ്യ ഇടപെടലുകളെയും വ്യക്തമായി നിരസിക്കുന്നതായും, അന്താരാഷ്ട്ര സമൂഹം അത് നിറവേറ്റേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം തടയുന്നതിനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്നും പ്രസ്താവനയില്‍ എടുത്തുപറയുന്നു. ഇന്ത്യ നേരിടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനവും, സൗദി എണ്ണ സ്ഥാപനങ്ങള്‍ക്കെതിരായ ഡ്രോണ്‍ ആക്രമണവും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രസ്താവനില്‍ അടിവരയിട്ടു പറയുന്നു.
ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ രൂപീകരിച്ചതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. ഇത് സൂചിപ്പിക്കുന്നത് ഉഭയകക്ഷി ബന്ധം പരിപാലിക്കുന്നതിനായി ഇരു നേതാക്കളും പതിവായി കൂടിക്കാഴ്ച നടത്തും എന്നതാണ്.
ഊര്‍ജ്ജം, വ്യോമയാനം, സിവില്‍ ഏവിയേഷന്‍, സുരക്ഷാ സഹകരണം, പ്രതിരോധം, മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടോളം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ റുപേ കാര്‍ഡും പുറത്തിറക്കി. വിദേശ നയം സംബന്ധിച്ച് യെമന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സിറിയന്‍ പ്രശ്‌നവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണത്തിനും തന്ത്രപരമായ ഇടപെടലിനും വേദിയൊരുക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യയുടെ എണ്ണശേഖരം, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ചുരുക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന്റെ പരിണിതഫലം, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ നടത്താനും, അതിന്റെ ഫലം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാണാനും കഴിയുന്നു എന്നതാണ്.
നിങ്ങള്‍കേട്ടത്‌വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : പ്രൊഫ. പി.ആര്‍.കുമാരസ്വാമി
പശ്ചിമേഷ്യന്‍ പഠന കേന്ദ്ര ചെയര്‍മാന്‍
വിവരണം : നരേന്ദ്ര മോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം