ബംഗ്ലാദേശുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ
ഉഭയകക്ഷി, രാഷ്ട്രീയ-നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ ഇന്ത്യാ സന്ദര്ശനം വളരെ പ്രാധാന്യമര്ഹിക്കുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ നമ്മുടെ രാജ്യത്തിന്റെ വര്ദ്ധിച്ചുവരുന്ന നിക്ഷേപ സാധ്യതകള്‍ തുറന്നു കാട്ടാനുള്ള അവസരവും ലഭിച്ചു. ഇരു രാജ്യ നേതാക്കളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനകളില്‍ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ചില ശക്തമായ നടപടികള്‍ സ്വീകരിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇരു രാജ്യങ്ങളിലേയും ജനതയുടെ വികസനം ഉറപ്പാക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്ശനം വഴി സാധ്യമായതെന്ന് ശ്രീമതി ഷെയ്ഖ് ഹസീനയെ സ്വാഗതം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ ധാക്കയും ദില്ലിയും തമ്മില്‍ ഒമ്പത് പദ്ധതികള്‍ ആരംഭിച്ചുവെന്നും ശ്രീമതി ഹസീനയുടെ ഇപ്പോഴത്തെ ഇന്ത്യാ സന്ദര്ശനത്തിലൂടെ മൂന്ന് സംയുക്ത പദ്ധതികള്ക്ക് കൂടി തുടക്കം കുറിയ്ക്കാനായെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി.
വൈപുല്യമാര്ന്ന രീതിയില്‍ എല്‍.പി.ജി. വിതരണം, തൊഴില്‍ നൈപുണ്യം, ധാക്കയിലെ രാമകൃഷ്ണ മിഷനില്‍ വിവേകാനന്ദ ഭവനം സ്ഥാപിക്കല്‍ എന്നിവ സംബന്ധിച്ചുള്ള കരാറുകളില്‍ ഇരു രാജ്യവും ഒപ്പുവച്ചു. ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് വിപുലമായ രീതിയില്‍ എല്‍.പി.ജി. വിതരണം ചെയ്യാന്‍ തീരുമാനമായി. ബംഗ്ലാദേശിനെ സഹായിക്കുന്നതിനായി അവിടത്തെ ജനതയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ ഇന്ത്യ മുന്കൈ എടുത്ത് പ്രൊഫഷണല്‍ നൈപുണ്യ വികസന സ്ഥാപനം തുടങ്ങുവാനുള്ള പദ്ധതിയിലും ഇരു രാജ്യങ്ങളും തത്വത്തില്‍ ധാരണയായി.
തീരദേശ നിരീക്ഷണം, ചറ്റോഗ്രാം, മോംഗ്ല തുറമുഖങ്ങളില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രവേശനാനുമതി, ത്രിപുരയിലെ നഗര പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനായി ഫെനി നദിയില്‍ നിന്നും ഇന്ത്യയ്ക്ക് 1.82 ക്യുബിക് അടി വെള്ളം എടുക്കാനുള്ള അനുമതി എന്നിവയുള്പ്പെടെ ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഫെനി നദിയില്‍ നിന്നും വെള്ളം എടുക്കാനുള്ള അനുമതി ലഭിക്കുന്നതോടെ ത്രിപുരയിലെ അതിര്ത്തി നഗരത്തില്‍ സ്ഥിരമായി ജലവിതരണം ഉറപ്പാക്കാന്‍ സാധിക്കും. അടുത്തകാലത്ത് ഉയര്ന്നുവന്ന വിവാദങ്ങള്ക്ക് ഇതോടെ പരിഹാരമാകുകയും ചെയ്യും.
തീരദേശ നിരീക്ഷണത്തെ കുറിച്ച് വിശദീകരിയ്ക്കവേ കരാറിന് ആത്യന്തികമായി റഡാര്‍ യൂണിറ്റുകളും അടിസ്ഥാന സൗകര്യങ്ങളും പൊതുതീരദേശത്ത് സ്ഥാപിക്കാന്‍ അനുമതി ലഭ്യമാക്കുമെന്നും അത് പങ്കിടുന്ന തീരദേശങ്ങളെ നന്നായി നിരീക്ഷിക്കാന്‍ ഇരു രാജ്യങ്ങള്ക്കും കഴിയുമെന്നും ഗവണ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. തീരദേശ പരിപാലനത്തിനും സുരക്ഷയ്ക്കുമായി
20 നിരീക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കവേ, ബംഗ്ലാദേശ് ഒരു മതേതര രാജ്യമാണെന്ന് ശ്രീമതി ഷെയ്ഖ് ഹസീന പറഞ്ഞു. 2017
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി രാജ്യത്ത് ഒരു ദശലക്ഷത്തിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ മ്യാന്മാറില് നിന്നും എത്തിയതായി ശ്രീമതി ഹസീന പറഞ്ഞു. ഇവരെ മ്യാന്മാറിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് ശ്രീമതി ഹസീന അഭിപ്രായപ്പെട്ടു. 1.1 ദശലക്ഷം റോഹിംഗ്യക്കാര്‍ ചിറ്റഗോംഗ് മലനിരകളിലെ അഭയാര്ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. റോഹിംഗ്യകളുടെ പുനരധിവാസത്തിനും അവരെ സഹായിക്കുന്നതിനും ഇന്ത്യ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റാഖീന്‍ പ്രവിശ്യയില്‍ അവരെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യ ഒരു കോളനി നിര്മ്മിച്ചു നല്കിയിട്ടുണ്ട്. റോഹിംഗ്യന്‍ പ്രശ്നം സമാധാനപരമായി കൈകാര്യം ചെയ്ത് പരിഹരിക്കുന്നതിന് തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീമതി ഹസീന അഭിപ്രായപ്പെട്ടു. ബംഗ്ലാദേശില്‍ കഴിയുന്ന ബുദ്ധമത വിശ്വാസികളുടെ ക്ഷേമത്തിനായി 10 കോടി രൂപയുടെ സഹായവും ഇന്ത്യ ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തു.
വരുന്ന ആസിയാന്‍ ഉച്ചകോടിയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് ബംഗ്ലാദേശികള്‍ പ്രതീക്ഷിക്കുന്നത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ച വിഷയങ്ങളും ബംഗ്ലാദേശികള്‍ ഉന്നയിച്ചേക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും
ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുല്‍ ഹക്ക് അഭിപ്രായപ്പെട്ടു.
ഭീകരവാദവും അഴിമതിയും തുടച്ചു നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഹസീന ആവര്ത്തിച്ച് വ്യക്തമാക്കി. ന്യൂനപക്ഷ-ഭൂരിപക്ഷ വിവേചനത്തിനപ്പുറമുള്ള കാഴ്പ്പാട് രൂപീകരിക്കാന്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് ശ്രീമതി ഹസീന ആവശ്യപ്പെട്ടു
2020 ല്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന ബംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാന്റെ നൂറാം ജന്മവാര്ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉഭയകക്ഷി ചര്ച്ചയുടെ അവസാനം ശ്രീമതി ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധാക്കയിലേക്ക് ക്ഷണിച്ചു. ഇന്ത്യ ഈ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്
: കല്ലോല്‍
ബട്ടാചാര്യ
സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഹിന്ദു ദിനപത്രം.
വിവരണം : തുളസിദാസ്
Comments
Post a Comment