ജമ്മുകശ്മീരിനും ലഡാക്കിനും പുത്തന്‍ ഉദയം
ചരിത്രത്തില്‍ സംഭവിച്ച ചില അപകടങ്ങളുടെ ഫലം മാത്രമാണ് നമ്മള്‍ ഇന്നലെ വരെ അറിഞ്ഞ ജമ്മുകശ്മീര്‍ എന്ന സംസ്ഥാനം. 1846 ല്‍ ദോഗ്ര രാജാവ് മഹാരാജ് ഗുലാബ് സിങും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ വ്യവസ്ഥയായിരുന്നു ദക്ഷിണ ജമ്മുവും കശ്മീര്‍ താഴ്‌വരയും ഒന്നിച്ചാക്കുക എന്നത്. ജനറല്‍ സോരാവര്‍ സിങ് ലഡാക്ക് പിടിച്ചെടുത്ത ശേഷം ബുദ്ധമതക്കാര്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ ലഡാക്ക് മേഖല ലിറ്റില്‍ ടിബറ്റ് എന്ന പേരിലും അറിയപ്പെട്ടു. ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതോടെ സംസ്ഥാനത്തിന്റെ ഘടനയിലും മാറ്റം വന്നു.
ഇതോടെ ലഡാക്ക് മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക എന്ന ലഡാക്ക് ജനതയുടെ ദീര്‍ഘകാല അഭിലാഷമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 50 വര്‍ഷത്തോളമായി ലഡാക്ക് ജനത ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കുന്നു. മേഖലയിലെ പരിമിത വികസനങ്ങള്‍ക്ക് ഈ തീരുമാനം പരിഹാരം നല്‍കുമെന്നാണ് ഒട്ടുമിക്ക ലഡാക്ക് നിവാസികളും അഭിപ്രായപ്പെടുന്നത്. കാലങ്ങളായി ശ്രീനഗറില്‍ ഭരണം കയ്യാളിയിരുന്നവര്‍ ജമ്മുകശ്മീരില്‍ കൊണ്ടുവരുന്ന നവീന ആശയങ്ങള്‍ ലഡാക്കില്‍ കൊണ്ടുവന്നിരുന്നില്ല എന്നാണ് ഇവരുടെ വാദം. അതുകൊണ്ടു തന്നെ അവരുടെ സംസ്‌കാരമോ സാമ്പത്തിക സാധ്യതയോ ലഡാക്ക് ജനതയ്ക്ക് പ്രതിഫലിപ്പിക്കാനും സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയപ്പോള്‍ ലേയിലെ ജനത അത്യുത്സാഹപൂര്‍വ്വമാണ് അതിനെ സ്വീകരിച്ചത്. ജമ്മുവിലെ ജനതയാകട്ടെ അതിനെ ഒരു ചരിത്രപരമായ ആവശ്യമായും സ്വീകരിച്ചു. 50 കളിലാണ് ഒരു രാജ്യത്ത് ഒരു നിയമം എന്ന ആശയം ജമ്മു മുന്നോട്ടു വച്ചത്. പ്രജ പരിഷത്ത് പാര്‍ട്ടിയുടെ ഒരു കൊടി, ഒരു നേതാവ് എന്ന മുദ്രാവാക്യം ഒരു പരിധിവരെ ഇതിന്റെ ഭാഗമായിരുന്നു.
എന്നിരുന്നാലും ജമ്മുകശ്മീരിനെ പുതിയ കേന്ദ്രഭരണ പ്രദേശമായി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തെ താഴ്‌വരയിലെ ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും എതിര്‍ത്തിട്ടുണ്ട്. വിശേഷാവകാശങ്ങളുള്ള വ്യക്തികളാണ് ഇക്കൂട്ടര്‍. പദവികള്‍ നഷ്ടപ്പെടുന്നതും ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്നും പിന്തള്ളപ്പെടുന്നതുമാണ് അവരുടെ വിഷമം. വികസന ഫണ്ടുകളുടെ ശരിയായ ഉപയോഗം കശ്മീര്‍ താഴ്‌വര ഇപ്പോള്‍ ആസ്വദിക്കുകയാണ്. വലിയ തോതിലുള്ള ഭരണപരമായ അഴിമതി ഇല്ലാതാക്കുന്നതിനും ഇത് കാരണമാകും. ഏറ്റവും പ്രധാനമായി രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സമൂല പരിഷ്‌കരണം ആവശ്യമാണെന്നുള്ള സിദ്ധാന്തത്തിന് സംസ്ഥാനമെങ്ങും പ്രാധാന്യം ഏറും. അതിര്‍ത്തിയിലെ ഭീകരതയെ ഉരുക്കുകൈകള്‍ കൊണ്ട് നേരിട്ടേ പറ്റൂ. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനവും തീവ്രവാദവും പലപ്പോഴും യോജിച്ചു പ്രവര്‍ത്തിക്കുന്നത് കശ്മീരിലെ യുവാക്കളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.
സാഹചര്യങ്ങള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലും സമാധാനത്തിലും ആകുന്ന സാഹചര്യം ഉണ്ടായാല്‍ ഭാവിയില്‍ ജമ്മുകശ്മീരിനെ കേന്ദ്ര ഗവണ്‍മെന്റ് മുന്‍ പദവിയിലേയ്ക്ക് മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവര്‍ത്തിച്ചു വ്യക്തമാക്കി എന്നതും ശ്രദ്ധേയമാണ്. മാറ്റങ്ങള്‍ വരുത്തുന്നതിന്റെ അടിസ്ഥാന ലക്ഷ്യം ചിലര്‍ ആരോപിക്കുന്നതുപോലെ കശ്മീരിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടുത്തുകയല്ല, മറിച്ച് താഴ്‌വര നേരിടുന്ന സുരക്ഷയും അനുബന്ധ വെല്ലുവിളികളും നേരിടാനാണ്.
ഈ മാറ്റങ്ങള്‍ വരുത്തുന്നതിന് ഗവണ്‍മെന്റിനുള്ള ഉദ്ദേശശുദ്ധിയെക്കുറിച്ചും ഇത് ചില സൂചനകള്‍ നല്‍കുന്നു. മത തീവ്രവാദവും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനവും മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികളെ നേരിടാനും സമാധാനവും സമത്വവും പുനഃസ്ഥാപിക്കാനും കഴിഞ്ഞാല്‍ ജമ്മുകശ്മീരിന് പഴയ സംസ്ഥാന പദവി തിരികെ നല്‍കാന്‍ കേന്ദ്രം തയാറാകും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 144-ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ജമ്മുകശ്മീര്‍ ലഡാക്ക് എന്നീ ഇരട്ട കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഉരുക്കുമനുഷ്യന്‍ എന്ന് അറിയപ്പെട്ട വല്ലഭായ് പട്ടേലിന്റെ ശ്രമഫലമായാണ് ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായത് എന്നത് ശ്രദ്ധേയമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : എം.കെ. ടിക്കു
രാഷ്ട്രീയ വ്യാഖ്യാതാവ്
വിവരണം : കൃഷ്ണ എ.
Comments
Post a Comment