മെര്‍ക്കലിന്റെ ഇന്ത്യന്‍ സന്ദര്‍ശനം : ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു

ഇന്തോ - ജര്‍മ്മന്‍ സംയുക്ത ഗവണ്‍മെന്റുതല സമിതിയുടെ അഞ്ചാമത് യോഗത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് അധ്യക്ഷം വഹിച്ചു. ജര്‍മ്മനിക്ക് വളരെ വൈവിദ്ധ്യമായ ഉഭയകക്ഷി ബന്ധങ്ങളുള്ള ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉന്നത വ്യവസായികളും, മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തിയത്. സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അവര്‍ സന്ദര്‍ശിച്ചു.യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം സുദൃഢമാക്കുന്നതിനും, വിപുലീകരിക്കുന്നതിനും ജര്‍മ്മനിയുമായുള്ള വാണിജ്യബന്ധം വളരെയധികം പ്രയോജനം ചെയ്യുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യാപാര പങ്കാളിയാണ് ജര്‍മ്മനി. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും, കള്ളപ്പണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കണമെന്നും ശ്രീ. രാംനാഥ് കോവിന്ദ് പറഞ്ഞു.

പരസ്പര വിശ്വാസത്തിലും, നിയമവാഴ്ചയിലൂന്നിയ അന്താരാഷ്ട്ര ബന്ധങ്ങളിലും, സ്വതന്ത്ര വ്യാപാരത്തിലും ജനാധിപത്യ മൂല്യത്തിലും അധിഷ്ഠിതമായ തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ തുടരുന്നതെന്ന് ഐ.ജി.സി യോഗത്തിന് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ശ്രീ. മോദിയും, ആംഗലെ മെര്‍ക്കലും അഭിപ്രായപ്പെട്ടു.

മെര്‍ക്കല്‍ സുഹൃത്തും, സഹപ്രവര്‍ത്തകയും മാത്രമല്ല വളരെക്കാലമായി ലോകനേതൃനിരയില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വവും കൂടിയാണെന്ന് മോദി പറഞ്ഞു. ഇന്തോ - ജര്‍മ്മന്‍ സൗഹൃദത്തിന്റെ ഉത്തമോദാഹരണമാണ് ഒപ്പുവയ്ക്കപ്പെട്ട കരാറുകള്‍. നിര്‍മ്മിത ബുദ്ധി, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, വ്യാപാരം, നിക്ഷേപം, പുതു സംരംഭകത്വം, കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍, പരിസ്ഥിതി സൗഹൃദ വികസനം, ജനങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ട സഹകരണം എന്നീ 11 മേഖലകളിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സഹകരണത്തിന് തീരുമാനമായത്.

അഞ്ച് മേഖലകളില്‍ സഹകരണത്തിനും, പങ്കാളിത്തത്തിനുമായി 73 ഇന പദ്ധതി തയ്യാറാക്കിയതായി യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യം, ഗതാഗതം, പരിസ്ഥിതി, കൃഷി എന്നീ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയും, ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കാനും പൊതുതാല്പര്യമുള്ള മേഖലകള്‍ കണ്ടെത്താനും ധാരണയായി. നാലാം തലമുറ വ്യവസായങ്ങള്‍ക്കായി ഇന്ത്യ - ജര്‍മ്മന്‍ വിവര കൈമാറ്റത്തിനും, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി സംവിധാനത്തിന് സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലോകവ്യാപാര കരാറിനും, ആഗോള നിയമങ്ങള്‍ക്കും വിധേയമായുള്ള വ്യാപാരത്തിന് ഇരു രാജ്യങ്ങളും പിന്തുണ വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ മിറ്റല്‍ സ്റ്റാന്‍ഡ് പ്രോഗ്രാം, ജര്‍മ്മന്‍ - ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് എക്‌സേഞ്ച് പ്രോഗ്രാം എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രകൃതി സൗഹൃദ സാങ്കേതികവിദ്യകളും, പുനരുപപയോഗ ഊര്‍ജ്ജവും, ഇലക്ട്രിക് ഗതാഗത സംവിധാനവും ലക്ഷ്യമാക്കിയുള്ള നൈവുണ്യവികസനത്തിനും ഇരുപക്ഷവും സഹകരിക്കും. അതിവേഗ , മധ്യ -അതിവേഗ റെയില്‍, വ്യോമയാനം, ദുരന്തനിവാരണത്തിനായുള്ള അടിസ്ഥാനസൗകര്യ വികസനം എന്നിവയും പരിഗണനാ വിഷയങ്ങളായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സുസ്ഥിരവികസന ലക്ഷ്യങ്ങളും പാരീസ് ഉടമ്പടിയും മാര്‍ഗദര്‍ശകമേകും. 


തടയുന്നതിനായുള്ള ചട്ടക്കൂടുകള്‍, പരിസ്ഥിതി സൗഹൃദ വികസനം എന്നീ മേഖലകളില്‍ പാരീസ് ഉടമ്പടി മാനദണ്ഡമാക്കി മുന്നോട്ടുപോകാന്‍ ഇന്ത്യയും ജര്‍മ്മനിയും തീരുമാനിച്ചു. ഇന്തോ- ജര്‍മ്മന്‍ ഊര്‍ജ്ജ സഹകരണം, സൗരോര്‍ജ്ജ സഹകരണം എന്നിവയിലെ തുടര്‍ സഹകരണത്തിനും ചര്‍ച്ചകളില്‍ പ്രാധാന്യം ലഭിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഇരുരാജ്യങ്ങളിലും പരസ്പരം പഠിക്കാനുള്ള സൗകര്യം മെച്ചപ്പെടുത്തും.

2020 ഓടെ തന്ത്രപരമായ സഹകരണം രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തില്‍ ഇതിന് സ്ഥിരം സംവിധാനം ഒരുക്കാനും, ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ആഗോളതലത്തിലും - മേഖലയിലെയും സുരക്ഷാകാര്യങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന്‍ സമാധാനത്തിനും, ഇറാന്‍ ആണവ കരാറിനും ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചു. സമാധാനത്തിനും, സ്ഥിരതയ്ക്കും, സമൃദ്ധിക്കുമായി ബഹുമുഖ സഹകരണം ഉറപ്പാക്കുകയാണ് ഇന്ത്യയും ജര്‍മ്മനിയും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.



തയ്യാറാക്കിയത് : പ്രൊഫ. ഉമ്മു സല്‍മ ബാവ 

ജെ.എന്‍.യു - യൂറോപ്യന്‍ പഠന കേന്ദ്ര 

ചെയര്‍ പേഴ്‌സണ്‍

വിവരണം : നരേന്ദ്ര മോഹന്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.