പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു

അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം കാശ്മീര്‍ വിഷയം അടഞ്ഞ അധ്യായമാണെന്ന സത്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പദവി എടുത്ത്കളഞ്ഞ നടപടിയില്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ പാകിസ്ഥാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഭരണഘടനയുടെയും ഉള്ളില്‍ വരുന്നതാണെന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചു.
അന്താരാഷ്ട്ര സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടതോടെ പാകിസ്ഥാനിലെ രാഷ്ട്രീയക്കാരും കാശ്മീര്‍ വിഷയത്തിലെ രാഷ്ട്രീയക്കളികള്‍ അവസാനിപ്പിച്ച മട്ടാണ്. കാശ്മീര്‍, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ കാര്യങ്ങളുടെ ചുമതലയുള്ള പാകിസ്ഥാന്‍ മന്ത്രി അലി അമീന്‍ ഗന്‍ഡാപുര്‍ ഇന്ത്യയ്‌ക്കൊപ്പം നില്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്നും അമീന്‍ പറഞ്ഞിരുന്നു. പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദിനെപ്പോലെ പ്രകോപനപരമായി സംസാരിക്കുന്ന ആളായാണ് അമീനേയും കരുതപ്പെടുന്നത്. ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയായിരുന്ന
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് മന്ത്രിസഭയില്‍ ഇത്തരത്തിലുള്ള ആളുകള്‍ കയറിപ്പറ്റിയിരിക്കുന്നതെന്നതാണ് വൈരുദ്ധ്യം. ഗന്‍ഡാപുറിനെയും റാഷിദിനെയും പോലുള്ളവര്‍, ഇമ്രാന്റെ പുതിയ പാകിസ്ഥാനെന്ന സ്വപ്നത്തെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണു ചെയ്യുന്നത്.
അഭ്യന്തര പ്രശ്‌നങ്ങളാല്‍ വലയുന്ന പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മൂന്നുമാസമായി വ്യര്‍ത്ഥമായ നയതന്ത്ര പരിശ്രമങ്ങളിലാണ് പാകിസ്ഥാന്‍ എന്നതാണ് യാഥാര്‍ത്ഥ്യം.
കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രതിരോധത്തില്‍ ആണെന്നതാണ് മറ്റൊരു വസ്തുത. പാകിസ്ഥാന്റെ കാഴ്ചപ്പാടിലൂടെയല്ല കാശ്മീര്‍ വിഷയം ലോകരാജ്യങ്ങള്‍ കാണുന്നതെന്ന് പാകിസ്ഥാന്‍ നിരീക്ഷകരും ഇപ്പോള്‍ സമ്മതിക്കുന്നു. ജമ്മുകാശ്മീരിനും ലഡാക്കിനും ആയി ഇന്ത്യ തയ്യാറാക്കിയിരിക്കുന്ന വികസന അജണ്ട ലോകം അംഗീകരിച്ചിരിക്കുന്നു. കാശ്മീര്‍ താഴ്‌വരയിലേക്കും, ജമ്മുവിലേക്കും, ലഡാക്കിലേക്കും ആഗോള നിക്ഷേപം ഒഴുകാനുള്ള വലിയ സാധ്യത നിലനില്‍ക്കുന്നു. ഇരു കേന്ദ്ര ഭരണ പ്രദേശങ്ങളിലും വന്‍ വികസന പദ്ധതികളാണ് കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. അവിടുത്തെ ജനങ്ങളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.
പാക് അധീന കാശ്മീരിന്റെ വികസനത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രദേശത്തിന്റെ ചുമതലയുള്ള പാകിസ്ഥാന്‍ മന്ത്രി ഗര്‍ഡാപൂര്‍, പാക് അധീന കാശ്മീരിലെ ജനങ്ങള്‍ക്കായി പോരാടുമെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. പാകിസ്ഥാന്‍ ഗവണ്‍മെന്റ് കാശ്മീരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ രാജ്യത്ത് അവിടെ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. മോശമാകുന്ന സാമ്പത്തിക സ്ഥിതിയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ഉന്നയിച്ചാണ് പ്രക്ഷോഭങ്ങള്‍. മതപുരോഹിതനും, ജാമിയാത്ത് - ഉലമ - ഇസ്ലാം - ഫസല്‍ എന്ന വലതു പാര്‍ട്ടിയുടെ നേതാവുമായ ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
ഡീസല്‍ കുംഭകോണത്തില്‍ ആരോപണവിധേയനായതിനാല്‍ മൗലാന ഡീസല്‍ എന്ന് ഇമ്രാന്‍ കളിയാക്കിയ നേതാവാണ് ഇദ്ദേഹം. കറാച്ചിയില്‍ നിന്നു ആരംഭിച്ച മാര്‍ച്ച് ഗുജ്രന്‍ വാലയിലെത്തിയപ്പോള്‍ അധികാരം ജനങ്ങള്‍ക്ക് കൈമാറണെമന്ന് ഫസലുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. ഇമ്രാന്‍ ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു. മുഖ്യപ്രതിപക്ഷമായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് ഷെരീഫ് വിഭാഗവും പ്രതിപക്ഷ കക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു.
ജാമിയത്ത് - ഉലമ പാര്‍ട്ടിയുടെ യുവജന വിഭാഗമായ അന്‍സാര്‍ - ഉല്‍- ഇസ്ലാമിനെ ഭീകര സംഘടനയെന്നാരോപിച്ച് ഇതിനിടെ ഇമ്രാന്‍ഖാന്‍ നിരോധിച്ചു. ഇതിനെതിരെ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തിപ്പെട്ടതോടെ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടു പോകാവുന്ന അവസ്ഥയിലാണ്.
പ്രതിഷേധമാര്‍ച്ച് ഇമ്രാന്‍ ഗവണ്‍മെന്റിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സിറില്‍ അല്‍മെയ്ഡ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിസന്ധി തന്ത്രപരമായി നേരിടുന്നതിനുള്ള പരിചയ സമ്പത്തില്ലായ്മ പരീക്ഷിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രക്ഷോഭം നേരിടുന്നതില്‍ പരിഭ്രാന്തിയും അമിത പ്രതികരണവും കലാപങ്ങളിലേക്ക് നയിക്കുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്‌തേക്കാമെന്ന് സാരം.

തയ്യാറാക്കിയത് : കൗശിക് റോയ്
വാര്‍ത്താ വിശകലന വിദഗ്ദ്ധന്‍, ആകാശവാണി

വിവരണം : അനില്‍കുമാര്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.