ദക്ഷിണ-കിഴക്കന്‍ ഏഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ

ഇന്ത്യയുടെ ആക്ട്-ഈസ്റ്റ് നയവും ഇന്തോ-പസഫിക് കാഴ്പ്പാടും ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ട് ആസിയാനും അതുമായി ബന്ധപപെട്ട ഉച്ചകോടികള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്റ് സന്ദര്‍ശിച്ചു. 16-ാമത് ഇന്ത്യാ-ആസിയാന്‍ ഉച്ചകോടി, 14-ാമത് കിഴക്കന്‍ ഏഷ്യാ ഉച്ചകോടി, മൂന്നാമത് ആര്‍.സി.ഇ.പി. ഉച്ചകോടി എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. നേരത്തെ, ഓഗസ്റ്റില്‍ ബാങ്കോക്കില്‍ നടന്ന ആസിയാന്‍ അനുബന്ധ മന്ത്രിസഭാ യോഗങ്ങളില്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ പങ്കെടുത്തു.
16-ാമത് ഇന്ത്യാ-ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്തോ-പസഫിക് ബന്ധം സുരക്ഷിതമാക്കുന്നതില്‍ പരസ്പര പങ്കാളിത്തം വേണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആസിയാന്‍ ബന്ധം, ഇന്തോ-പസഫിക്കിനോടുള്ള ആസിയാന്‍ സമീപനം തുടങ്ങിയ പൊതുതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ബന്ധത്തെ ശ്രീ.മോദി ഊന്നി പറഞ്ഞു. സമുദ്ര സഹകരണം, ഭൗതിക-ഡിജിറ്റല്‍ കണക്ടിവിറ്റി, സമ്പദ്‌വ്യവസ്ഥ, പരസ്പര സഹായം എന്നിവ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൃഷി, ശാസ്ത്രം, ഗവേഷണം, ഐ.സി.ടി., എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപാര സന്തുലിതാവസ്ഥയിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകനത്തെ സംബന്ധിച്ചും നേരത്തെ ഇന്ത്യയും ആസിയാനും ധാരണയില്‍ എത്തിയിരുന്നു.
കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. കിഴക്കനേഷ്യന്‍ ഉച്ചകോടിയുടെ സ്ഥാപക രാജ്യമെന്നനിലയില്‍ മേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള പരസ്പര സഹകരണം, സമുദ്ര സുരക്ഷ, ഭീകരവാദം കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് ഉച്ചകോടിയില്‍ ഇന്ത്യ വിശദീകരിച്ചു. കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ വികസന മുന്നേറ്റത്തെ സംബന്ധിച്ച നോംപെന്‍ പ്രഖ്യാപനത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് ലക്ഷ്യമിട്ടുള്ള മനില പ്ലാന്‍ ഓഫ് ആക്ഷന്റെ പുരോഗതിയെ നേതാക്കള്‍ വിലയിരുത്തി. അനധികൃത മയക്കുമരുന്ന് കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവ തടയുകയും നേരിടുകയും ചെയ്യുന്നത് അടക്കമുള്ള മുന്‍ രേഖകള്‍, സുസ്ഥിര പങ്കാളിത്തം ഉറപ്പാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തുടങ്ങിയവയ്ക്ക് കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ അംഗീകാരം ലഭിച്ചു.
ഇത്തവണത്തെ ആസിയാന്‍ ഉച്ചകോടിയില്‍ ആര്‍.സി.ഇ.പി. കരാറായിരുന്നു കേന്ദ്ര ബിന്ദു. ആസിയാന്‍ അംഗരാജ്യങ്ങളുള്‍പ്പെടെയുള്ള 16 രാജ്യങ്ങളുടെ ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ആര്‍.സി.ഇ.പി. ആഗോള സാമ്പത്തിക രംഗത്തിന്റെ 32 ശതമാനവും ഈ രാജ്യങ്ങളിലൂടെ കൈയിലാണ് എന്നാണ് കരുതുന്നത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടാത്ത ആര്‍.സി.ഇ.പി. എന്ന നിലയിലാണ് ധാരണയായത്. സേവന മേഖലയെ കരാറില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ ആവശ്യം.
ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ മറ്റ് 15 അംഗങ്ങളും 20 അധ്യായങ്ങളും അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ ഇവ അംഗീകരിക്കാന്‍ തയാറായിട്ടില്ല. പുതിയ വ്യാപാര മേഖല നേടുക, താരിഫ് ഇതര വസ്തുതകളിലെ പ്രശ്‌നം, ഉത്പന്നങ്ങളുടെ ഉത്ഭവസ്ഥാനം വ്യക്തമാക്കുന്ന ചട്ടങ്ങള്‍, ബെയ്‌സ് ഇയര്‍ എന്നിവ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. തുല്യത, ന്യായം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരാറില്‍ ഒപ്പിടേണ്ട എന്ന തീരുമാനത്തില്‍ ഇന്ത്യ എത്തിയത്. ഇന്ത്യന്‍ ജനതയുടെമേല്‍, പ്രത്യേകിച്ച് സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ഇത് ദൂഷ്യകരമായി ബാധിക്കും എന്നതിനാലാണ് താന്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറാകാത്തത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലന്റ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി തായ്‌ലന്റില്‍ വ്യക്തമാക്കി. കൂടാതെ ദക്ഷിണ കിഴക്കന്‍-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യന്‍ ബന്ധത്തേയും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, തീവ്രവാദം തടയല്‍, സൈബര്‍, തീര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-അമേരിക്ക-ജപ്പാന്‍-ഓസ്‌ട്രേലിയ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ഇന്ത്യയുടെ കിഴക്കനേഷ്യ നയത്തിന്റെ ഹൃദയഭാഗമാണ് ദക്ഷിണ കിഴക്കന്‍ ഏഷ്യ എന്നു പറയേണ്ടതുണ്ട്. ആസിയാന്‍ രാജ്യങ്ങളുമായുള്ള 25 വര്‍ഷത്തെ സഹകരണം ബലപ്പെടുത്തുവാന്‍ എന്നോണം 2018 ലെ 69-ാമത് റിപ്പബ്ലിക് ദിന പരിപാടിയില്‍ ആസിയാന്‍ അംഗരാജ്യങ്ങളെയായിരുന്നു ഇന്ത്യ മുഖ്യ അതിഥികളായി ക്ഷണിച്ചത്. ദക്ഷിണ കിഴക്കന്‍ ഏഷ്യയുമായുള്ള ഇന്ത്യന്‍ നയതന്ത്ര ബന്ധം വ്യാപാരം, പരസ്പര സംയോജനം, സംസ്‌കാരം എന്നിവയില്‍ ഊന്നിയുള്ളതാണ്. ഇന്ത്യ-ആസിയാന്‍ ബന്ധം കൂടുതല്‍ ഉയര്‍ന്ന തലങ്ങളില്‍ എത്തിക്കുന്നതിനായി തുടര്‍ന്നും ഇന്ത്യ ആസിയാന്‍ മേഖലയില്‍ നിക്ഷേപം നടത്തും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ഡോ.ടിറ്റ്‌ലി ബസു,
കിഴക്കന്‍-തെക്കുകിഴക്കന്‍ ഏഷ്യാ
നയതന്ത്ര അവലോകന വിദഗ്ധന്‍

വിവരണം : കൃഷ്ണ എ.

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.