ഹാഫിസ് സയ്യിദിനെതിരെയുള്ള നടപടി പ്രഹസനമോ സത്യസന്ധമോ?

26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും തീവ്രവാദ സംഘടനയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ജമാത്ത്-ഉദ്-ധവയുടെ തലവനുമായ ഹാഫിസ് സയ്യിദിനെ തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് ലാഹോര്‍ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. ജൂലൈയിലാണ് പഞ്ചാബ് പൊലീസിലെ തീവ്രവാദം തടയല്‍ വിഭാഗം സയ്യിദിനും കൂട്ടാളികള്‍ക്കുമെതിരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലേക്ക് അയച്ചത്. കേസില്‍ വിധി വരുമ്പോഴും സയ്യിദ് ജയിലില്‍ തന്നെയായിരുന്നു. പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ കോടതി സയ്യിദിനെതിരെ കുറ്റപത്രം നല്‍കിയത് ഡിസംബര്‍

11 നായിരുന്നു. എന്നാല്‍, എന്ത് കൊണ്ട് ഇപ്പോള്‍ എന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം. സയ്യിദിനെതിരെയുള്ള കേസ് കോടതി ഗൗരവകരമായി കണക്കാക്കുമോ എന്ന ചോദ്യം പാകിസ്ഥാന്റെ പ്രവര്‍ത്തന രീതി നല്ലവണ്ണം അറിയുന്നവരുടെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതിനുള്ള സംഘടനയായ എഫ്.എ.റ്റി.എഫിന്റെ നേതൃത്വത്തില്‍ ഭീകരവാദത്തിനുള്ള ധനസഹായം നല്‍കല്‍ തടയുന്നതില്‍ പാകിസ്ഥാന്റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം നിലനിന്നിരുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പാകിസ്ഥാന് ഹാഫിസ് സയ്യിദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കേണ്ടി വന്നു. ഇതില്‍ സയ്യിദിന്റെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുന്നു. എന്നാല്‍, ഇതിനു ശേഷവും വീട്ടു ചെലവുകള്‍ക്കായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സയ്യിദിനെ അനുവദിക്കണമെന്ന് പാകിസ്ഥാന്‍ യു.എന്‍. രക്ഷാ സമിതിയോട് അപേക്ഷിച്ചിരുന്നു. എഫ്.എ.റ്റി.എഫിന്റെ സമ്മര്‍ദ്ദത്തിനു പുറകേ, ലഷ്‌കര്‍-ഇ-തൊയ്ബ നേതാവിനെതിരെ നടപടി എടുക്കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ഹാഫിസ് സയ്യിദ് ഒരു മത സംഘടന നടത്തുന്നതായും ഇന്ത്യ അറിയിച്ചിരുന്നു. സയ്യിദിനെ പിടികൂടുന്നതിനായി പത്ത് ദശലക്ഷം യു.എസ്. ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടോബറില്‍ നടന്ന എഫ്.എ.റ്റി.എഫ്. യോഗത്തില്‍ തീവ്രവാദ ധനസഹായം അവസാനിപ്പിക്കുന്നതിനും കള്ളപ്പണം വെളിപ്പിക്കല്‍ തടയുന്നതിനും പാകിസ്ഥാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്.എ.റ്റി.എഫ് അഭിപ്രായപ്പെട്ടിരുന്നു.

2020 ഫെബ്രുവരിക്കുള്ളില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എ.എഫ്.എ.റ്റി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഇനി വരാന്‍ പോകുന്ന എഫ്.എ.റ്റി.എഫ് യോഗത്തില്‍ കരിമ്പട്ടികയില്‍ പെടാതിരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായിരിക്കാം ഹാഫിസ് സയ്യിദിനെതിരെയുള്ള ലാഹോര്‍ കോടതിയുടെ നടപടി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സയ്യിദിനെതിരെയുള്ള കോടതി നടപടി. പാകിസ്ഥാന്റെ മണ്ണില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയേണ്ടതാണെന്നുള്ള അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദവും കര്‍ശനമായ പ്രസ്താവനകളുമാണ് സയ്യിദിനെതിരെയുള്ള നടപടി വേഗത്തിലാക്കാനുള്ള മറ്റൊരു കാരണം. ഒരു തരത്തില്‍ പറഞ്ഞാല്‍ തന്റെ മേലുള്ള നടപടിയില്‍ ഹാഫിസ് മുന്‍കൂട്ടി തയാറെടുത്തിരുന്നു എന്ന് വേണം കരുതാന്‍.

കഴിഞ്ഞ ആഴ്ച ലാഹോറിന്റെ പ്രാന്തപ്രദേശത്തിനടുത്ത് ഒരു പൊതു യോഗത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ സയ്യിദിന്റെ മകന്‍ തല്‍ഹ സയ്യിദ് ബോംബാക്രമണത്തില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. തല്‍ഹയുടെ ജീവനു നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അച്ഛനായ ഹാഫിസ് സയ്യിദിനു ശേഷം ഭാവിയില്‍ ലഷ്‌കറിന്റെ തലവന്‍ തല്‍ഹ സയ്യിദ് ആകുമെന്നാണ് കരുതപ്പെടുന്നത്. ലഷ്‌കറിന്റെ സാമ്പത്തിക കാര്യങ്ങളിലുള്ള തല്‍ഹയുടെ നിയന്ത്രണം സംഘടനയിലെ പല മുതിര്‍ന്ന അംഗങ്ങളേയും ചൊടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അതുകൊണ്ടു തന്നെ തല്‍ഹയുടെ നേരെ നടന്ന ആക്രമണം സംഘടനയ്ക്കുള്ളിലെ അധികാര തര്‍ക്കമാണെന്നും സംശയമുയരുന്നു.

സയ്യിദിനെതിരായ പാകിസ്ഥാന്റെ നടപടി അമേരിക്ക സ്വാഗതം ചെയ്യുന്നെങ്കിലും ഇന്ത്യ ഇക്കാര്യം അതീവ ശ്രദ്ധയോടെ നോക്കി കാണേണ്ടതാണ്. മുന്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റുകളെ അപേക്ഷിച്ച് ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യത്യസ്തമാകുമോ എന്ന കാര്യവും ഇന്ത്യ ശ്രദ്ധേയോടെ വീക്ഷിക്കേണ്ടതാണ്. ഇതിനു മുമ്പും ഹാഫിസ് സയ്യിദിനെ പല പ്രാവശ്യം പാകിസ്ഥാന്‍ ജയിലിലേയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും അത്രതന്നെ തവണ സ്വതന്ത്രനാക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ സയ്യിദിനെതിരെ സ്വീകരിച്ച നടപടിയ്ക്കു തൊട്ടുമുമ്പ് ഭൂമി തട്ടിപ്പ് കേസുള്‍പ്പെടെയുള്ള ഒരു ഡസനോളം കേസുകളില്‍ സയ്യിദിന് ജാമ്യവും അനുവദിച്ചിരുന്നു. അതുപോലെ തന്നെ പഞ്ചാബ് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സയ്യിദിനെ അറസ്റ്റ് ചെയ്ത രീതിയും സംശയം ജനിപ്പിക്കുന്ന ഒന്നാണ്. സയ്യിദിനെതിരെയുള്ള ഭീകര പ്രവര്‍ത്തന കേസുകളില്‍ സയ്യിദിനെതിരെയുള്ള പാകിസ്ഥാന്റെ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതാണ്. പാകിസ്ഥാന്റെ സാമ്പത്തിക കര്‍മ്മ പദ്ധതിയുടെ 27 പോയിന്റ് പ്ലാന്‍ ഇസ്ലാമാബാദ് അംഗീകരിക്കാന്‍ തയാറാവുകയാണോ എന്നുള്ളതും പരിശോധിക്കപ്പെടേണ്ടതാണ്. പാകിസ്ഥാന്റെ മുന്‍കാല സാക്ഷ്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സയ്യിദിനെ വീണ്ടും സ്വതന്ത്രനാക്കുമോ എന്നുള്ളതും കണ്ടറിയേണ്ടതാണ്.

തീവ്രവാദ ധനസഹായം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ എഫ്.എ.റ്റി.എഫ് തന്നെ ഒടുവില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമോ എന്ന കാര്യവും കണ്ടറിയാം.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം..........

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം