ഇന്ത്യ-മാല്‍ഡീവ്‌സ് ആറാമത് സംയുക്ത കമ്മീഷന്‍ യോഗം

ആറാമത് ഇന്ത്യ-മാല്‍ഡീവ്‌സ് സംയുക്ത കമ്മീഷണന്‍ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. മാല്‍ഡീവ്‌സ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്ജയശങ്കറും യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാവശങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.


സോലിഹ് ഗവണ്‍മെന്റ് രൂപീകരണത്തിനു ശേഷം മാല്‍ഡീവ്‌സിന് ഉണ്ടായ ജനാധിപത്യപരമായ രൂപമാറ്റം ബഹുമുഖ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിക്കുന്നതിന് വഴി തെളിച്ചിട്ടുണ്ട്. മാല്‍ഡീവ്‌സിലെ സാമൂഹികമേഖലാ വികസനത്തിനുളള സഹായം കൂടാതെ സമുദ്ര സുരക്ഷ പ്രതിരോധ മേഖലകളിലെ സഹകരണവും വ്യാപിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണ്. മാല്‍ഡീവ്‌സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം 1.4 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 800 മാല്‍ഡീവ്‌സിലെ അടിസ്ഥാന സൗകര്യമേഖലയിലുളള പദ്ധതികള്‍ക്കായി 800 മില്യണ്‍ ഡോളര്‍ വായ്പാ സഹായവും, സാമൂഹിക വികസന പദ്ധതികള്‍ക്കായി 5.6 മില്ല്യണ്‍ ഡോളര്‍ സഹായ ധനവും ഇന്ത്യ പ്രഖ്യാപിച്ചു. മാല്‍ഡീവ്‌സിലെ വിവിധ ദ്വീപുകള്‍ തമ്മിലുളള വികസന വിടവ് നികത്താന്‍ ഇത്തരം സഹായ പദ്ധതികളിലൂടെ സാധിക്കും. 2019-ലെ ഐക്യരാഷ്ട്രസഭ മാനവ വിഭവവികസന റിപ്പോര്‍ട്ടനുസരിച്ച് മാല്‍ഡീവ്‌സില്‍ അസമത്വം ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.
മേഖലയിലെ പാരമ്പര്യേതര ഭീഷണികളിലുണ്ടായ വര്‍ദ്ധനവ് മൂലം സുരക്ഷാ സഹകരണം ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു മുന്‍ഗണനാ മേഖലയായി ആവിര്‍ഭവിച്ചിട്ടുണ്ട്. സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യ മാല്‍ഡീവ്‌സിന് കാംയാബ് എന്ന് നാമകരണം ചെയ്ത കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ സമ്മാനിച്ചു. മാല്‍ഡീവ്‌സിന്റെ പ്രതിരോധ സേനയായ എം.എന്‍.ഡി.എഫിന് അടിസ്ഥാന സൗകര്യങ്ങളില്‍ പരിശീലനവും നല്‍കുക കോസ്റ്റല്‍ സര്‍വൈലന്‍സ് റഡാര്‍ സംവിധാനം രൂപപ്പെടുത്തുക തുടങ്ങിയവയും ഇന്ത്യ-മാല്‍ഡീവ്‌സ് പ്രതിരോധ സഹകരണത്തില്‍ ഉള്‍പ്പെടുന്നു.
ഭീകരവാദ പ്രതിരോധം, സംബന്ധിച്ച സംയുക്ത പ്രവര്‍ത്തകസമിതിയുടെ യോഗം എത്രയും പെട്ടെന്ന് ചേരാനും ആറാമത് സംയുക്ത കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായി.
ഭീകരവാദത്തിനെതിരെ നിരവധി നടപടികളാണ് മാല്‍ഡീവ്‌സ് സ്വീകരിച്ചിട്ടുളളത്. സിറിയയെ യുദ്ധമേഖലയായി പ്രഖ്യാപിക്കുകയും ഗവണ്‍മെന്റിന്റെ അനുവാദം കൂടാതെ സിറിയയിലേയ്ക്ക് സഞ്ചരിക്കുന്നത് ശിക്ഷാകരമായ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ട് ഭീകരവാദ നിരോധന നിയമം മാല്‍ഡീവ്‌സ് ഭേദഗതി ചെയ്തു. ഇസ്ലാമിക്‌സ്റ്റേറ്റ്, അല്‍ഖ്വയ്ദ മുതലായ സംഘടനകളുമായി ബന്ധമുളള മാല്‍ഡീവ്‌സ് പൗരന്മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മാല്‍ഡീവ്‌സ് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശവും നിലവിലുണ്ട്. 
ഭീകരനെന്ന് അമേരിക്ക പ്രഖ്യാപിച്ച മുഹമ്മദ് അമീനാണ് ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മാല്‍ഡീവ്‌സ് പൗരന്‍. അല്‍ക്വയ്ദ ബന്ധമുളള ഭീകരരായ മുഹമ്മദ് മസീദ്, സൊമിത് മുഹമ്മദ് എന്നിവര്‍ മാല്‍ഡീവ്‌സില്‍ പ്രമുഖ ബ്ലോഗര്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൊലപാതകത്തിനു സൂത്രധാരണം നടത്തിയതായും മാല്‍ഡീവ്‌സ് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ കണ്ടെത്തി. ജനുവരി 2014 നു ശേഷം രാജ്യത്ത് മതപരമായ ഭീകരവാദവുമായി ബന്ധപ്പെട്ട് 188 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. 
ഡിജിറ്റല്‍ കണക്ടിവിറ്റിയും ജനങ്ങള്‍ പരസ്പരമുളള ആശയവിനിമയവും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. മാല്‍ഡീവ്‌സില്‍ റുപെ സംവിധാനം പ്രാര്‍ത്തികമാക്കുന്നതും നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതും ഉള്‍പ്പെടെയുളള കാര്യങ്ങളും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
മാല്‍ഡീവ്‌സില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തി. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മാല്‍ഡീവ്‌സ് തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ യോഗത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം നിയമസഹായം നല്‍കും. മാല്‍ഡീവ്‌സ് വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സംയുക്ത കമ്മീഷന്‍ യോഗം സഹായകരമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പരബന്ധം മെച്ചപ്പെടുത്തുന്നതിന് ഉന്നതതലത്തില്‍ നിരവധി ചര്‍ച്ചകള്‍ പോയവര്‍ഷം ഇരുരാജ്യങ്ങളും നടത്തുകയുണ്ടായി. സഹകരിക്കാവുന്ന എല്ലാ മേഖലകളിലും ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താന്‍ മാല്‍ഡീവ്‌സ് താത്പര്യം പ്രകടിപ്പിച്ചു. പദ്ധതികളുടെ വേഗത്തിലുളള പൂര്‍ത്തീകരണത്തിനും ആഭ്യന്തര രാഷ്ട്രീയ സ്ഥിരതയ്ക്കും മാല്‍ഡീവ്‌സ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംയുക്ത കമ്മീഷന്‍ യോഗം ഇപ്പോള്‍ നടന്നത്. ഉഭയകക്ഷിതലത്തിലും പ്രാദേശികതലത്തിലും ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഏഴാമത് സംയുക്ത കമ്മീഷന്‍ യോഗം 2021-ല്‍ മാല്‍ഡീവ്‌സില്‍ വെച്ചു നടക്കും.

തയ്യാറാക്കിയത് : ഡോ.എം.സമത
ഇന്ത്യന്‍ മഹാസമുദ്രമേഖലയെ സംബന്ധിച്ച 
നയതന്ത്ര വിദഗ്ധ 
വിവരണം : കവിത സുനു

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം