കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍.
അവഗണിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ് കാലാവസ്ഥാ വ്യതിയാനം. ഇതില്‍ നിന്നും ഒരു രാജ്യവും മുക്തമല്ല. ഒരു രാജ്യത്തിന്റെ മാത്രമായ പ്രവര്‍ത്തനവും പ്രവര്‍ത്തന രാഹിത്യവും ഇതിനെ ബാധിക്കാനും പോകുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഇതിനോടകം ഇന്ത്യയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കാലം തെറ്റിയുള്ള മഴ, കൊടും ചൂട്, ക്രമം തെറ്റിയുള്ള ശൈത്യം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ആരോഗ്യത്തെയും ഭക്ഷ്യോത്പാദനത്തെയും ബാധിക്കാനും തുടങ്ങിയിരിക്കുന്നു.
അടുത്തിടെ അവസാനിച്ച കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച മാഡ്രിഡ് ഉച്ചകോടി, 2015 ലെ പാരിസ് ഉടമ്പടി 2020 മുതല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളിലേര്‍പ്പെടുകയുണ്ടായി. ഒരാഴ്ച നീണ്ടു നിന്ന ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യ രാശിക്കുണ്ടാകാനിടയുള്ള മഹാവിപത്തും ഇതു സംബന്ധിച്ചുള്ള ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പും വിശദമായി ചര്‍ച്ച ചെയ്തു. ഇതിനോടകം പ്രകൃതിക്കുണ്ടായ നാശം തുടരാതിരിക്കണമെങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ അതിവേഗം മുന്നോട്ടു കൊണ്ടു പോകേണ്ടതിന്റെ ആവശ്യകത രാജ്യാന്തര ഗവണ്‍മെന്റുകളുടെ സമിതി ചൂണ്ടിക്കാട്ടി.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പിടിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യം കൈവിട്ടുപോവുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതികാര്യ വിഭാഗം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈ നിലയില്‍ തുടരുകയാണെങ്കില്‍ വ്യാവസായിക വിപ്ലവകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള താപനം 2030 നും 2050 നുമിടയ്ക്ക്
1.5 ഡിഗ്രി വര്‍ദ്ധിക്കുമെന്നാണ് രാജ്യാന്തര ഗവണ്‍മെന്റ് സമിതിയുടെ വിലയിരുത്തല്‍. കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള രാജ്യങ്ങളുടെ ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ആദ്യപടിയായിരുന്നു 2015 ലെ പാരിസ് ഉച്ചകോടി. ഈ നൂറ്റാണ്ടില്‍ ആഗോളതാപനം പരമാവധി രണ്ട് ഡിഗ്രിയില്‍ താഴെ നിയന്ത്രിച്ചു നിര്‍ത്താനും, കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്താനുമാണ് ശ്രമം. ഈ ലക്ഷ്യത്തിനായുള്ള ആഗോള പദ്ധതിയില്‍ രാജ്യങ്ങളെ ഒന്നിപ്പിക്കുകയെന്ന വലിയ ലക്ഷ്യമായിരുന്നു മാഡ്രിഡ് ഉച്ചകോടിക്ക് ഉണ്ടായിരുന്നത്.
2017 ലെ കണക്കു പ്രകാരം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിമിത്തമുള്ള കാര്‍ബണ്‍ പുറന്തള്ളലിന്റെ 60 ശതമാനവും ചൈന, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ്. മൊത്തം ആഭ്യന്തര ഉത്പാദത്തിന് അനുപാതികമായുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാമെന്ന് ഇന്ത്യ വ്യക്തമാക്കി. നിലവിലെ പദ്ധതികളും നയങ്ങളും ഇതിനനുയോജ്യമാണെന്നും 15 ശതമാനം അധിക ലക്ഷ്യം നേടാനാകുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. കല്‍ക്കരി ഊര്‍ജ്ജത്തില്‍ നിന്നും ഫോസില്‍ ഇതര ഇന്ധനങ്ങളിലേക്കുള്ള മാറ്റം, ഹരിത വ്യവസായ സംരംഭങ്ങളിലൂടെ സീറോ എമിഷന്‍ സാങ്കേതികവിദ്യ കൈവരിക്കല്‍, പൊതുഗതാഗത സൗകര്യങ്ങളുടെ വിപുലീകരണം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം എന്നിവയാണ് ഇതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികള്‍.
മഹാത്മാഗാന്ധിയുടെ സുസ്ഥിര വികസനമെന്ന ആശയമാണ് മാഡ്രിഡില്‍ ഇന്ത്യ മുന്നോട്ടു വച്ചത്. ലളിത ജീവിതം പരിമിത ആവശ്യങ്ങളോടെയുള്ള ജീവിതം തുടങ്ങിയ ഗാന്ധി ദര്‍ശനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണ്. സുസ്ഥിര ഉപഭോഗവും ഉത്പാദനവും എന്ന ആശയത്തിലൂന്നിയാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യ പോരാടുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ 21 ശതമാനം കുറയ്ക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ടെന്നും 35 ശതമാനമെന്ന പാരിസ് ഉച്ചകോടി ലക്ഷ്യം നേടാനുള്ള പരിശ്രമത്തിലാണ് രാജ്യമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ മാഡ്രിഡ് ഉച്ചകോടിയെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കുന്ന ആദ്യ ആറു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പാരിസ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ച 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജമെന്ന ലക്ഷ്യത്തില്‍ 83 ജിഗാവാട്ട് ലക്ഷ്യവും ഇന്ത്യ കൈവരിച്ചു കഴിഞ്ഞു. ലക്ഷ്യം 450 ജിഗാവാട്ടായി പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആലോചനയിലാണ് രാജ്യം.
ലോകം വലിയ പാരിസ്ഥിതിക മാനുഷിക പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നതെന്നാണ് കാലാവസ്ഥാ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും വിടുതല്‍ നേടിയാലെ ഈ കാലാവസഥാ പ്രതിസന്ധി നേരിടാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : എന്‍. ഭദ്രന്‍ നായര്‍,
ഇന്ത്യന്‍ സയന്‍സ് ജേണല്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
വിവരണം : ഷീജ ഗണേശ്
Comments
Post a Comment