പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രമേയത്തെ ശക്തമായി തള്ളി ഇന്ത്യ

വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കിടയിലെ പരസ്പര തര്‍ക്കം സദാ നിലനില്‍ക്കുന്ന സ്ഥിതി വിശേഷമാണ് പാകിസ്ഥാനിലുള്ളത്. ഇന്ത്യയെ സംബന്ധിക്കുന്ന ഏതൊരു ആഭ്യന്തരകാര്യവും ചര്‍ച്ചയ്ക്കു വിധേയമാക്കുന്ന മോശം സംസ്‌കാരവും പാകിസ്ഥാനുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ അതും ചര്‍ച്ചയ്ക്കു വിധേയമായി. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ഈ വിഷയത്തില്‍ മറ്റൊരു രാജ്യത്തിനും താല്‍പര്യം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല എന്നിരിക്കെയാണിത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പീഡിതരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്ന ലക്ഷ്യമാണ് പൗരത്വ ഭേദഗതി നിയമത്തിനുള്ളത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന നടപടി അന്താരാഷ്ട്ര തലത്തില്‍ നാണക്കേടുണ്ടാക്കുന്നതാണ്. ഇതാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ പാകിസ്ഥാന്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കാരണം. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പാകിസ്ഥാന് വളരെ മോശമായ ചരിത്രമാണുള്ളത്. ഭീതിയിലും, സുരക്ഷിതത്വമില്ലായ്മയിലുമാണ് പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം. മത നിന്ദ കേസില്‍ ആസിയ ബീബി എന്ന ക്രിസ്ത്യന്‍ വനിതയെ സ്വതന്ത്രയാക്കിക്കൊണ്ടുള്ള പാക് സുപ്രീം കോടതി വിധിക്കെതിരെ രാജ്യത്ത് നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന്റെ യാഥാസ്ഥിതികത്വം ലോകം കണ്ടിരുന്നു. ഒടുവില്‍ ആസിയ ബീബിക്കും കുടുംബത്തിനും വക്കീലിനും രാജ്യം തന്നെ വിടേണ്ടി വന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ന്യൂനപക്ഷ വിഭാഗങ്ങളുടെ രക്ഷകരായി സ്വയം അവതരിക്കുവാനാണ് ഇപ്പോള്‍ പാകിസ്ഥാന്റെ ശ്രമം. ഈ അവസരത്തില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ സ്ഥാപക നേതാവും,പാകിസ്ഥാന്റെ പ്രഥമ നിയമ, തൊഴില്‍ വകുപ്പ് മന്ത്രിയുമായ ജോഗേന്ദ്രനാഥ് മണ്ടലിന് 1950 ല്‍ രാജ്യം വിടേണ്ടി വന്നു. മണ്ടലിന് ഒടുവില്‍ തന്റെ പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിക്കേണ്ടതായും വന്നു. പിന്നീട് കൊല്‍ക്കട്ടയില്‍ അദ്ദേഹം അഭയം തേടുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വധശിക്ഷ നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ സൊരാഷ്ട്രീയന്‍ പാര്‍സി വിഭാഗത്തില്‍പ്പെട്ട ദൊറാബ് പട്ടേലിന് ചീഫ് ജസ്റ്റിസ് പദവി നല്‍കാതെയിരുന്ന രാജ്യമാണ് പാകിസ്ഥാന്‍. അങ്ങനെയും ധാരാളം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പാക് ആണവ പദ്ധതിയുടെ പിതാവായ ഡോക്ടര്‍ എ. ക്യു. ഖാന്‍ പോലും അഹമ്മദിയ വിഭാഗത്തില്‍പ്പെട്ട ആളെന്ന നിലയില്‍ വിവേചനം നേരിട്ടിരുന്നു. പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമായ ഒരു വിഷയത്തില്‍ പാക് അസംബ്ലി പാസാക്കിയ പ്രമേയത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ജമ്മുകശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ തുടര്‍ന്നു വരുന്ന പാക് കുപ്രചരണങ്ങളുടെ തുടര്‍ച്ചയായി മാത്രം പുതിയ ഈ നീക്കത്തെ കണ്ടാല്‍ മതിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിവരുന്ന പിന്തുണയ്ക്കുള്ള നീതികരണമായും പാകിസ്ഥാന്‍ ഈ വിഷയത്തെ കാണുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന പീഡന പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാക് ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരമൊരു പ്രമേയമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക് അടക്കമുള്ള പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ കണക്കുകള്‍ തന്നെ ഇതിനുള്ള തെളിവാണ് താനും. പൗരത്വ ഭേദഗതി നിയമം 2019 ന്റെ ലക്ഷ്യങ്ങളെ തന്നെ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതാണ് പാകിസ്ഥാന്റെ പ്രമേയം. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍, മതപരമായി പീഡനത്തിനിരയാകുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം 2019. ഒരു ഭാരതീയന്റെയും പൗരത്വം ഈ നിയമത്തിലൂടെ നഷ്ടപ്പെടുന്നില്ല. തങ്ങളുടെ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങള്‍ പാസാക്കിയ ചരിത്രം പേറുന്ന പാക് ദേശീയ അസംബ്ലിയാണ് ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് എന്നത് തികച്ചും പരിഹാസ്യമാണ്. മറ്റു രാജ്യങ്ങള്‍ക്കെതിരെ, കപടപ്രചാരണം നടത്തുന്ന പാകിസ്ഥാന്‍ ഈ വിഷയങ്ങളില്‍ ആത്മ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഇതുവരെയുള്ള എല്ലാ ഭരണകൂടങ്ങളും സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ അധികാരത്തിലെത്തിയതാണെന്നും ഏത് വിശ്വാസം പിന്തുടരുന്ന ഭാരതീയനും ഭരണഘടനയ്ക്കു കീഴില്‍ തുല്യ അവകാശങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ഓര്‍മിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മാതൃകയില്‍ ഉദാത്തമായ ഇത്തരം മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാന്‍ പാകിസ്ഥാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ഇന്ത്യ ആവശ്യപ്പെടുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന് പ്രത്യേക പാക് കോടതി വധശിക്ഷ വിധിച്ച അതേ ദിവസം തന്നെയാണ് പാക് അസംബ്ലിയില്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ച നടന്നതും. പെഷാവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖര്‍ അഹമ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. എന്നാല്‍, വിധിയ്ക്ക് തൊട്ടു പിന്നാലെ തന്നെ രാജ്യത്തോട് കൂറുള്ള പാക് പൗരനാണ് മുഷറഫ് എന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ സേന രംഗത്തെത്തുകയും ചെയ്തു. ചുരുക്കത്തില്‍ പാകിസ്ഥാനിലെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലികള്‍ ഒരു തുടര്‍നാടകം പോലെ നീളുകയാണ്. നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : കൗശിക് റോയ്, എയര്‍ : വാര്‍ത്ത അവലോകകന്‍ വിവരണം : ദീപു എസ്. എല്‍.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം