ഇന്ത്യ-പോര്‍ച്ചുഗീസ് ബന്ധം വളര്‍ച്ചയുടെ പാതയില്‍
പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ നടത്തിയ ഇന്ത്യ സന്ദര്‍ശനം വിവിധ കാരണങ്ങളാല്‍ പ്രാധാന്യമേറിയതാണ്. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്പിന് പുറത്ത് ശ്രീ. കോസ്റ്റ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുവരെ മൂന്നുവട്ടം ശ്രീ. കോസ്റ്റ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2017 ജനുവരിയില്‍ ഇന്ത്യ നല്‍കിയ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ കോസ്റ്റ ഇന്ത്യയില്‍ എത്തിയിരുന്നു. ഗാന്ധി നഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിലും അന്ന് അദ്ദേഹം പങ്കെടുത്തു. അതേ വര്‍ഷം തന്നെ, പ്രധാമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളെപ്പറ്റിയും ഉഭയകക്ഷി സഹകരണം ആവശ്യമായ മേഖലകളെപ്പറ്റിയും അന്ന് ചര്‍ച്ചകളും നടന്നു. പോര്‍ച്ചുഗലിലെ 65,000 ത്തോളം വരുന്ന ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിക്കാനും ശ്രീ. മോദി അന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ നയതന്ത്ര പ്രതിനിധികള്‍ എന്നാണ് പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹത്തെ ശ്രീ. മോദി വിശേഷിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുമായി ദശാബ്ദങ്ങള്‍ നീണ്ട ഇടപാടുകളുടെ ചരിത്രം ഉണ്ടെങ്കിലും ഇപ്പോഴാണ് ഇന്ത്യന്‍ വിദേശനയ സൃഷ്ടികളുടെ പ്രത്യേക ശ്രദ്ധ പോര്‍ച്ചുഗലിനു ലഭിക്കുന്നത്. പോര്‍ച്ചുഗലുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ നമുക്ക് വൈവിധ്യമേറിയ കാരണങ്ങളുമുണ്ട്. പ്രധാനമന്ത്രി കോസ്റ്റ പറഞ്ഞപോലെ, യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറാന്‍ പോര്‍ച്ചുഗല്‍ ആഗ്രഹിക്കുന്നു. യൂറോപ്യന്‍ ഏകീകരണ ശ്രമങ്ങളില്‍ പോര്‍ച്ചുഗലിന് എന്നും മുന്തിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. യൂറോ നിലവില്‍ വന്ന കാലം മുതല്‍ തന്നെ പോര്‍ച്ചുഗലും അതുപയോഗിച്ചു വരുന്നു. യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ രൂപീകരണത്തില്‍ വലിയ പങ്കാണ് പോര്‍ച്ചുഗല്‍ വഹിച്ചിട്ടുള്ളത്. ലിസ്ബണ്‍ ഉടമ്പടി, ലിസ്ബണ്‍ വികസന നയം തുടങ്ങിയവ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം. പോര്‍ച്ചുഗല്‍ 2020 എന്ന പേരില്‍ യൂറോപ്യന്‍ കമ്മീഷനുമായി ഒരു പങ്കാളിത്ത ഉടമ്പടിയും പോര്‍ച്ചുഗല്‍ ഒപ്പുവച്ചിട്ടുണ്ട്. അടിസ്ഥാന വികസനവും വ്യാവസായിക വളര്‍ച്ചയും ലക്ഷ്യമിട്ട് യൂറോപ്യന്‍ നിക്ഷേപക നിധികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് ഈ ഉടമ്പടി. യൂറോപ്പ് 2020 നയത്തിന്റെ ഭാഗമായി സുസ്ഥിരവും മികവുറ്റതുമായ വളര്‍ച്ച നേടാനും പോര്‍ച്ചുഗലിന് ഏറെ ഗുണം ലഭിക്കാനും സാധ്യതയുണ്ട്. ഇന്ത്യയോട് പോര്‍ച്ചുഗല്‍ അടുത്ത കാലത്തായി കാട്ടുന്ന പ്രത്യേക താത്പര്യത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അതിലേറെയും നമുക്ക് ഗുണപ്രദമാകുന്നതാണെന്നും മനസ്സിലാക്കാം. ആഗോള വേദികളിലെ ഇന്ത്യന്‍ സാന്നിധ്യം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ സാമ്പത്തിക പുരോഗതി ലോക രാജ്യങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ വളര്‍ച്ച നേടാനാകുമെന്ന് നാം തെളിയിച്ചിട്ടുമുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ത്താന്‍ ശ്രീ. മോദിയും കോസ്റ്റയും പ്രത്യേക താത്പര്യമാണ് കാട്ടുന്നതും. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാനായാണ് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു കോസ്റ്റയുടെ സന്ദര്‍ശനം. ഗാന്ധി പൗരത്വ വിദ്യാഭ്യാസ അവാര്‍ഡ് എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ ചിന്തകളും ഉദ്ധരണികളും അടിസ്ഥാനപ്പെടുത്തി ഓരോ വര്‍ഷവും അവാര്‍ഡ് മേഖലകള്‍ നിശ്ചയിക്കും. മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യ അവാര്‍ഡ് അര്‍പ്പിക്കുക. പ്രതിരോധം, ശാസ്ത്ര-സാങ്കേതികം, വ്യാപാരം മുതലായ നിര്‍ദ്ദിഷ്ട മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും സഹകരണ മേഖലകള്‍ വൈവിധ്യവത്ക്കരിക്കാനും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. വിദ്യാഭ്യാസവും സംസ്‌ക്കാരവും ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പോര്‍ച്ചുഗലുമായുള്ള ആഴത്തിലുള്ള ബന്ധം പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുമായുള്ള കച്ചവട-നിക്ഷേപ ബന്ധങ്ങളെ ഉത്തേജിപ്പിക്കും. യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉഭയക്ഷി വ്യാപാര-നിക്ഷേപ കരാറില്‍ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും വ്യക്തമാക്കി. പോര്‍ച്ചുഗലില്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സാംസ്‌ക്കാരിക സമൃദ്ധിയും ബഹുമുഖ വൈവിധ്യങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഗീതം, നൃത്തം, ഭക്ഷണം, യോഗ തുടങ്ങിയവ ഫെസ്റ്റിവലില്‍ ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ കുതിപ്പാണ് സൂചിപ്പിക്കുന്നതെങ്കിലും യഥാര്‍ത്ഥ വ്യാപാര ശേഷിയെക്കാള്‍ വളരെ താഴെയാണിത്. ആഫ്രിക്കയിലും, പ്രത്യേകിച്ച് പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ പോര്‍ച്ചുഗീസ് കമ്പനികള്‍ സമ്മതം പ്രകടിപ്പിച്ചിട്ടുള്ളത് വളരെ നല്ല കാര്യമാണ്. മൂന്നാം രാജ്യങ്ങളില്‍ സംയുക്ത സംരംഭങ്ങളുടെ സാധ്യതയും ഇരു രാജ്യങ്ങളും ആരായുന്നുണ്ട്. ഇന്ത്യയും പോര്‍ച്ചുഗലുമായുള്ള ബന്ധം വളരെ പഴക്കമുള്ളതാണ്. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള കടല്‍ മാര്‍ഗ്ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് പര്യവേഷകനായ വാസ്‌കോഡ ഗാമയാണ്. 1498 ല്‍ അദ്ദേഹം കോഴിക്കോട്ട് കപ്പലിറങ്ങി. അന്നുമുതല്‍, ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ സുഗന്ധ വ്യഞ്ജന വ്യാപാരം ആരംഭിച്ചു. ആധുനിക നയതന്ത്രജ്ഞതയ്ക്ക് ഉന്നതതല രാഷ്ട്രീയ ഇടപാടുകള്‍ ആവശ്യമാണ്. നവ മേഖലകളായ ബഹിരാകാശം, സ്റ്റാര്‍ട്ടപ്പുകള്‍, ഷിപ്പിംഗ്, അഭ്യസ്തരായ യുവാക്കളുടെ കൈമാറ്റം, സംസ്‌ക്കാരം എന്നീ മേഖലകളിലെ സ്ഥിരമായ സഹകരണത്തോടെ ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഒരു പുതിയ വേഗത വന്നിരിക്കുകയാണ്. നല്ല വിദേശകാര്യ നയത്തിന് സൂക്ഷ്മത അത്യന്താപേക്ഷിതമാണ്. പക്ഷേ ഇതിന് ധൈര്യവും ഭാവനയും വേണം. പോര്‍ച്ചുഗലുമായുള്ള ഇന്ത്യയുടെ വളരുന്ന അടുപ്പവും ബഹുമുഖ ഇടപെടലുകളും ഇത്തരത്തിലുള്ള കാര്യക്ഷമതയുടെയും ഭാവനയുടെയും ഫലമാണ്. നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : ഡോ. ആഷ് നരെയ്ന്‍ റോയ്,ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഡല്‍ഹി. വിവരണം : കവിത സുനു
Comments
Post a Comment