ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വികാസത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികാസത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പിച്ച് പറഞ്ഞു. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരുന്ന പശ്ചാത്തലമാണെങ്കിലും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കോടി യു.എസ്. ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്തുന്നതിന് തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് എടുത്ത ശക്തമായ തിരുത്തല്‍ നടപടികളുടെ ഫലം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉടന്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവെ ശ്രീ. നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായികളുടെ സംഘടനയായ ASSOCHAMന്റെ നൂറാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ സാമ്പത്തിക രംഗം ചുരുങ്ങുകയാണെന്ന വാദങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജി.ഡി.പി. നിരക്കില്‍ തളര്‍ച്ച ഉണ്ടായിയെന്നത് വാസ്തവമാണ്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യമാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. ചൈനയും അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കിട്ടാക്കടങ്ങളും, നിഷ്‌ക്രിയ ആസ്തികളും കാരണം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വലിയ പ്രതിസന്ധിയില്‍ കൂടി കടന്നു പോവുകയാണ്. വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പാ സഹായം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. പൊതുമേഖലാ ബാങ്കുകളുടെ ശാക്തീകരണത്തിനാണ് ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആറോളം പൊതുമേഖലാ ബാങ്കുകളെ ആര്‍.ബി.ഐ. യുടെ മേല്‍നോട്ടത്തില്‍ ശക്തിപ്പെടുത്താനായതായും ശ്രീ. മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ബാങ്കുകളുടെ ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള വിവിധ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. വായ്പാ കുടിശ്ശികയും, കിട്ടാക്കടങ്ങളും കാരണം രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ASSOCHAM സമ്മേളനത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വായ്പാതിരിച്ചടവില്‍ വരുത്തിയ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ല്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലായിരുന്നു. സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനും, സാമ്പത്തിക മേഖലയില്‍ വേണ്ട അച്ചടക്കം കൊണ്ടുവരുന്നതിനും ഗവണ്‍മെന്റിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായാണ് കോര്‍പ്പറേറ്റ് നികുതിയില്‍ ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നമ്മുടെ സമ്പദ്‌വ്യവസ്ഥ സുതാര്യമാക്കാന്‍ നിരവധി നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. നികുതി പിരിവിലെ സുതാര്യത ലക്ഷ്യമിട്ടാണ് ജി.എസ്.ടി. നടപ്പാക്കിയതെന്നും ശ്രീ. മോദി വ്യക്തമാക്കി. വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ 63-ാം സ്ഥാനത്തെത്തിക്കാന്‍ സാധിച്ചത് ഗവണ്‍മെന്റിന്റെ വലിയ നേട്ടമാണ്. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം തൊഴില്‍ നിയമത്തിലും വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ശ്രീ. നരേന്ദ്രമോദി ഉറപ്പു നല്‍കി. ബാങ്കുകളുടേയും വ്യവസായങ്ങളുടേയും താല്പര്യം ഗവണ്‍മെന്റ് സംരക്ഷിക്കുന്നുണ്ടെന്നതിന്റെ സ്ഥിരീകണമാണ് പാപ്പരത്ത നിയമ ഭേദഗതി. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രചോദനമേകും. അഞ്ച് ട്രില്ല്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യം നിറവേറ്റാനാകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ നേടാനാകുമെന്ന് മുന്‍കാലങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. ഇതിന്റെ നേര്‍സാക്ഷ്യമാണ് സ്വച്ഛ്ഭാരത് പദ്ധതി. നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : മനീഷ് ആനന്ദ്, പ്രത്യേക ലേഖകന്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment