അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലസൂചനകള്‍ പുറത്തു വന്നു. യുദ്ധക്കെടുതികളില്‍ നിന്നും ഇനിയും മോചിതമാകാത്ത രാജ്യം ജനാധിപത്യ പ്രക്രിയയില്‍ ശൈശവാവസ്ഥയില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഘാനി
50.46 ശതമാനം വോട്ടു നേടി വിജയിച്ചതായി സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും തൊട്ടടുത്ത എതിരാളിയുമായ ഡോ. അബ്ദുള്ള അബ്ദുള്ളയെ രണ്ടു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
താലിബാന്‍ അഴിച്ചുവിടുന്ന നിര്‍ബാധമായ ആക്രമണങ്ങള്‍ക്കിടയിലും ജനായത്ത ഭരണം ഉറപ്പാക്കാന്‍ ക്രമക്കേടുകളില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തിയ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. കൃത്രിമം ഒഴിവാക്കാന്‍ ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ആയിരക്കണക്കിന് ആളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്നും അയോഗ്യരാക്കിയിരുന്നു. എങ്കിലും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അവയെല്ലാം ഒന്നൊന്നായി പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്മീഷന്‍.
ഈ പരിശോധനകള്‍ക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ഈ പരിശോധനകള്‍ക്ക് ശേഷം അഷ്‌റഫ് ഘാനിയുടെ വോട്ട് ശതമാനം 50 ശതമാനത്തിലും താഴ്ന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ രണ്ടാംഘട്ട മത്സരത്തിന് സാധ്യതതെളിയും. പരിശോധനകള്‍ നീളുന്നത് മൂലം രാഷ്ട്രീയ അനിശ്ചിതത്വവും അതുവഴി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അത് തടയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കാര്യങ്ങള്‍ എങ്ങനെയാണ് ഉരുത്തിരിയുന്നതെന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് ലോകനേതാക്കള്‍. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി, അഷ്‌റഫ് ഘാനിയെ അഭിനന്ദിച്ച് രംഗത്തുവന്നു. അടുത്ത സുഹൃത്തും അയല്‍രാജ്യവുമായ അഫ്ഗാനിസ്ഥാനിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും, രാജ്യത്ത് ജനാധിപത്യവും സമൃദ്ധിയും സമാധാനവും പുലരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാന്‍ മുന്‍കൈയെടുക്കുന്ന സ്വയംപ്രേരിത നിയന്ത്രണങ്ങളുള്ള സമാധാന പുനസ്ഥാപനത്തിന് ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. വികസനത്തിനും, സുരക്ഷയ്ക്കും, ഭീകരതയെ നേരിടുന്നതിനും അഫ്ഗാനുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുമെന്നും ശ്രീ. മോദി വ്യക്തമാക്കി.
കടുത്ത പ്രതിസന്ധികളെ തരണം ചെയ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ചെറിയനേട്ടമല്ല. 2001 ല്‍ താലിബാന്‍ ഭരണകൂടം തകര്‍ന്ന ശേഷമുള്ള നാലാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇപ്പോഴത്തേത്. സ്വാധീനം കുറഞ്ഞു വരുന്നുണ്ടെങ്കിലും താലിബാനെ പൂര്‍ണ്ണമായും എഴുതിത്തള്ളാറായിട്ടില്ല. കാബൂളില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം, അതായത്, കഴിഞ്ഞ ആഴ്ചയാണ് വടക്കന്‍ ബാള്‍ഖ് പ്രവിശ്യയില്‍ അവര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 15 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയില്‍ 27 സമാധാന സേനാംഗങ്ങളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.
കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ തോക്കിന്‍ കുഴലില്‍ നിന്നും ജനാധിപത്യത്തിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തി രക്തരൂക്ഷിതമായ യുദ്ധക്കെടുതികളില്‍ നിന്നും അഫ്ഗാനെ മോചിപ്പിക്കാന്‍ ഇന്ത്യ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോള്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവയ്പാണ്.
വിവിധ ഗോത്രങ്ങളും പ്രാദേശിക സ്വത്വങ്ങളും നിലനില്‍ക്കുന്ന നാനാത്വ സമൂഹമായ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് ഘാനിയും
ഡോ. അബ്ദുള്ള അബ്ദുള്ളയും വ്യത്യസ്ത ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും ഒരുമിച്ച് അധികാരം പങ്കിടുന്നതിന് മടികാണിച്ചിട്ടില്ല. മൂന്നാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുവരും മുമ്പ് ഗവണ്‍മെന്റുണ്ടാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട്. തന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ ചെലവഴിച്ച
ഡോ. അബ്ദുള്ള അബ്ദുള്ളയും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് ദീര്‍ഘകാല പരിചയസമ്പത്തുള്ള ഘാനിയും ആ രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ട് ബുദ്ധിജീവികളാണ്. കഴിഞ്ഞ തവണത്തെപ്പോലെ ഗവണ്‍മെന്റുണ്ടാക്കി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും തയ്യാറാകാന്‍ വളരെയേറെ സാധ്യതകളുണ്ട്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു പഴഞ്ചൊല്ലില്‍ പറയുന്നതു പോലെ ചെന്നായ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. താലിബാനെന്ന ആ ചെന്നായയെ നേരിടുകയാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന് ഇരുവര്‍ക്കും വ്യക്തമായ ബോധ്യമുണ്ട്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : എം.കെ. ടിക്കു,
രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : അര്‍ച്ചന
Comments
Post a Comment