ഇറാഖ് വിഷമവൃത്തത്തില്‍

രണ്ടുമാസമായി ഇറാഖിലെ യുവാക്കള്‍ അഴിമതി തൊഴിലില്ലായ്മ, ആഭ്യന്തര രാഷ്ട്രീയത്തിലെ ഇറാന്‍- അമേരിക്കന്‍ ഇടപെടലുകള്‍ എന്നിവയ്‌ക്കെതിരെ പ്രതിഷേധത്തിലാണ്. നജഫ്, കര്‍ബല, ഇസ്ര, ബാഗ്ദാദ് എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധ സമരത്തിന്റെ ഭാഗമായി അവര്‍ ഗവണ്‍മെന്റ് വിരുദ്ധ പ്രകടനങ്ങള്‍ നടത്തുകയാണ്. പോപ്പുലര്‍ മൊബിലിസേഷന്‍ ഫോഴ്‌സസ്, കൂലിപ്പട്ടാളക്കാര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചടിയില്‍ ഏകദേശം 400 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി, ആദെല്‍-അബ്ദുള്‍ മെഹ്ദി ഗവണ്‍മെന്റിനുള്ള തന്റെ പിന്തുണ പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് ആത്മീയ നേതാവ് അയത്തുള്ള-അലി-സിസ്താനി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി രാജിവച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കുകയും പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും പ്രതിഷേധക്കാര്‍, അവരുടെ പ്രസ്ഥാനത്തിന്റെ കേന്ദ്രം ബാഗ്ദാദില്‍ നിന്നും താഹിര്‍ സ്‌ക്വയറിലേക്കു മാറ്റിക്കൊണ്ട് സമരം തുടര്‍ന്നു.

സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പ്രതിധ്വനിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. 2003 ലെ അമേരിക്കന്‍ ആക്രമണത്തിനുശേഷം ഇറാഖ് ജനത വിഭാഗീയ പ്രക്ഷോഭങ്ങളും ആഭ്യന്തരയുദ്ധവും അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകളും രാഷ്ട്രീയ സ്ഥിരതയും അവ്യക്തമാണ്. അന്താരാഷ്ട്ര എണ്ണവിപണിയില്‍ ഒരു പ്രധാന എണ്ണക്കയറ്റുമതി രാജ്യമായിരുന്നിട്ടും ഇറാഖ് വന്‍ സാമ്പത്തിക ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്ക് കാരണം രാഷ്ട്രീയ മേഖലയിലെ ഫണ്ടുകളുടെ ദുരുപയോഗവും അഴിമതിയുമാണെന്നാണ് പൊതുജനത്തിന്റെ വിശ്വാസം.

അറബ് വസന്തത്തിനുശേഷം ഉണ്ടായ പ്രക്ഷുബ്ധതകള്‍ ഇറാഖിനെ സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനുള്ള കഴിവിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 2013-14 ല്‍ ദെയ്‌ഷേയുടെ ഉയര്‍ച്ച ഇറാഖിനെ തകര്‍ച്ചയുടെ വക്കത്തെത്തിച്ചു. തീവ്രവാദ സംഘടനകള്‍ അതിവേഗം നേട്ടമുണ്ടാക്കുകയും, വിശാല പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ 2014 ജൂണില്‍ പിന്‍തുടര്‍ച്ച ആര്‍ക്കെന്ന കാര്യത്തില്‍ ഒരു അടിത്തറയ്ക്കു രൂപം കൊടുത്തു. 2017 ഡിസംബര്‍ ദെയ്‌ഷേയുടെ ആക്രമണത്തെതുടര്‍ന്ന് മൊസൂളിന്റെ പതനം പൂര്‍ണ്ണമായെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് യാതൊരു അറുതിയും ഉണ്ടായില്ല.

2018 മേയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയും രാജ്യത്ത് അഴിമതി, തൊഴിലില്ലായ്മ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവക്ക് ശമനമുണ്ടാകും എന്നും ജനം കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. തെരഞ്ഞെടുപ്പ് സമയ ബന്ധിതമായി നടന്നെങ്കിലും ഗവണ്‍മെന്റ് രൂപീകരണത്തിന് കാലതാമസം നേരിട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ അഞ്ച് മാസം വേണ്ടിവന്നു. 2018 ഒക്‌ടോബറില്‍ അദേല്‍ അബ്ദുള്‍-മഹ്ദി അധികാരമേറ്റെങ്കിലും ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല.

ഇറാഖിലെ ആഭ്യന്തരകാര്യങ്ങളില്‍ ഉള്ള ഇറാന്റെ ഇടപെടലാണ് യുവാക്കള്‍ക്കിടയില്‍ പ്രതിധ്വിനിക്കുന്ന മറ്റൊരു വിഷയം. 2003-ല്‍ സദ്ദാം ഹുസൈന്‍ ഭരണത്തിന്റെ പതനത്തിനുശേഷം ഇറാന്‍ ശക്തമായ രാഷ്ട്രീയ-സൈനിക സാന്നിദ്ധ്യമുള്ള ഒരു ശക്തിയായി ഇറാഖില്‍ രൂപംകൊണ്ടു. ഐആര്‍ജിസി പരിശീലനം സിദ്ധിച്ച ഷിയ തീവ്രവാദികള്‍ ജെയ്‌ഷേയെ തുരത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2018 മേയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഗവണ്‍മെന്റ് രൂപീകരിക്കാന്‍ വൈകിയതിന് കാരണ ടെഹ്‌റാന്റെ ഇടപെടലാണെന്ന ആരോപണവും ഉണ്ട്.

അറബ് ഗള്‍ഫ് ഭരണകൂടങ്ങള്‍ പ്രത്യേകിച്ച് സൗദി അറേബ്യ-ബാഗ്ദാദില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടേക്ക് അമേരിക്കയും താല്പര്യം കാണിക്കുകയായിരുന്നു. ഇറാഖ് ജനതയുടെ കണ്ണില്‍, യു. എസ്സിന്റെയും ഇറാന്റെയും ഇറാഖിന്മേലുള്ള അമിതതാല്പര്യം ബാഗദാദിന്റെ പ്രവര്‍ത്തനങ്ങള്‍ക് വിലങ്ങുതടിയായതായും കരുതപ്പെട്ടു. അത് ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരെയും പ്രതിരോധം അലയടിച്ചുയരാന്‍ കാരണമായി.

ഇറാഖില്‍ വലിയ എണ്ണശേഖരമുണ്ട്. ആഗോള എണ്ണകയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇറാഖ്, 2018 മുതല്‍ ഇന്ത്യ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഇറാഖില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2018-19 ല്‍ ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 22.3 ബില്യന്‍ യു.എസ് ഡോളറിന്റേതായിരുന്നു. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 13 ശതമാനം ഇറാഖാണ് സംഭാവന ചെയ്യുന്നത്. ഇറാഖിന്റെ ആഭ്യന്തര സ്ഥിതി ഇന്ത്യ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണ്. ആഗോളസ്ഥിതി കണക്കിലെടുത്ത് എണ്ണ ഇറക്കുമതിയെ ഇന്ത്യ വൈവിദ്ധ്യവല്ക്കരിച്ചു.

പ്രതിഷേധത്തെ നേരിടാനും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇറാഖ് ഭരണകൂടത്തിന് വേണ്ടത്ര കരുത്തില്ല എന്നതാണ് സത്യം. ഇറാഖ് ഒരു വഴിത്തിരുവിന്റെ പാതയിലാണിപ്പോള്‍. ഭാവിയ്ക്കായുള്ള മാര്‍ഗ്ഗരേഖ തീരുമാനക്കേണ്ടതായിട്ടുണ്ട്. ഇറാഖിന്റെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യവും മിഡില്‍ ഈസ്റ്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇറാഖ് ഗവണ്‍മെന്റ് തങ്ങളുടെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ എടുക്കുമെന്നും സമാധാനവും സുരക്ഷയും രാജ്യത്ത് വൈകാതെ പുനഃസ്ഥാപിതമാകുമെന്നും പ്രതീക്ഷിക്കുന്നു. 

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം



തയ്യാറാക്കിയത് : ഡോ.മുഹമ്മദ് മുദ്ദാസ്സിര്‍ ക്വാമര്‍ 

പടിഞ്ഞാറന്‍ ഏഷ്യന്‍ വിദഗ്ധന്‍


വിവരണം : രഞ്ജിത്

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.