ഇറാനിലെ പ്രക്ഷോഭങ്ങളില്‍ വിറയ്ക്കുന്ന ഗള്‍ഫ് മേഖല
ഇറാനിലെ സാധുക്കള്‍ക്ക് അധിക സാമ്പത്തിക സഹായത്തിനുള്ള പണം കണ്ടെത്താന്‍ പെട്രോള്‍ വിതരണത്തില്‍ റേഷനിംഗ് ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതോടെ എണ്ണവില കുതിച്ചുയരുകയും ജനങ്ങള്‍ ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലെ രാഷ്ട്രീയ സംഘര്‍ഷം നാടുകടത്തപ്പെട്ട പ്രതിപക്ഷ സംഘടനകളും ഇറാന്റെ ശത്രുരാജ്യങ്ങളുടെയും തന്ത്രമാണെന്ന് ആരോപിച്ച ഇറാന്‍ വളരെ ഉറച്ച രീതിയിലാണ് പ്രതികരിച്ചത്. ഇന്റ്ര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചു.
പ്രക്ഷോഭങ്ങളില്‍ 208 ഓളം പേര്‍ മരണമടഞ്ഞതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2000ത്തോളം പേര്‍ക്ക് പരിക്കേറ്റതായും 7000 ത്തോളം പേര്‍ ഇറാന്‍ സൈന്യത്തിന്റെ തടവിലായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇറാന്‍ ഗവണ്‍മെന്റ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രക്ഷോഭകരില്‍ ചിലരെ സുരക്ഷാ സേന വധിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ ആയുധ ധാരികളായ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച ഇറാന്‍ മാധ്യമങ്ങള്‍ സുരക്ഷാ സേനയുടെ വൈദഗ്ധ്യത്തെ പുകഴ്ത്തുകയും ചെയ്തു. സിഐഎ യുമായി ബന്ധമുള്ള എട്ട്‌പേരെ അറസ്റ്റു ചെയ്തതായും ഇറാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പോരാട്ടം നടന്ന് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തടവിലാക്കപ്പെട്ട നിരപരാധികളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇറാന്‍ അമേരിക്കയുടെ തീവ്രമായ ഉപരോധത്തില്‍ ആയിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രക്ഷോഭം അരങ്ങേറുന്നത്. ഇറാന്‍ ഉള്‍പ്പെടെ ലോകശക്തികള്‍ ഒപ്പിട്ടിരുന്ന ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക പിന്മാറിയത്. ഇതിനെ തുടര്‍ന്ന് എണ്ണ-പ്രകൃതിവാതക കയറ്റുമതിയില്‍ ഇറാന് ഗുരുതരമായ നിയന്ത്രണങ്ങള്‍ വന്നു. ഇതോടെ സാമ്പത്തിക നില വളരെ പരിങ്ങലിലാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക ദുരിതങ്ങള്‍ ഏറിയിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ രാജ്യത്തെ സാമ്പത്തിക ദുരിതത്തെ വിദേശ എതിരാളി രാജ്യങ്ങളുടെ മേല്‍ ചുമത്തി രക്ഷപ്പെടാനാണ് ഇറാന്‍ ഭരണകൂടം ശ്രമിക്കുന്നത്. എണ്ണവില വര്‍ദ്ധനയാണ് പ്രക്ഷോഭങ്ങളുടെ അടിസ്ഥാനമെങ്കിലും ഇറാനും അമേരിക്കയും തമ്മില്‍ ഏറെ നാളായുളള അകല്‍ച്ചയുടെ തിരിച്ചടിയാണ് നിലവിലെ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയത്. അമേരിക്ക ഉപരോധങ്ങള്‍ നീക്കുകയാണെങ്കില്‍ നിലവിലെ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇറാന്‍ തങ്ങളുടെ ആണവ പരിപാടികള്‍ കുറയ്ക്കുകയും മിസൈല്‍ പദ്ധതികള്‍ നിര്‍ത്തുകയും പ്രാദേശിക നടപടികളില്‍ സംയമനം പാലിക്കുകയും ചെയ്താല്‍ മാത്രമേ ഉപരോധങ്ങള്‍ നീക്കുകയുള്ളു വെന്ന് അമേരിക്ക മറുപടി നല്‍കിയിട്ടുണ്ട്. ഇത് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പരിഹരിക്കാനാവാത്ത വിധം തകരുന്നതിലേയ്ക്ക് നയിക്കും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ സമാധാനത്തിന് ഹാനികരമായ അവസ്ഥയ്ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്.
എന്നാല്‍ ആരും തന്നെ ഇറാന്റെ അസ്ഥിരത ആഗ്രഹിക്കുന്നില്ല. ഇറാന്റെ ന്യൂനപക്ഷ സമുദായങ്ങള്‍ തിങ്ങി നിറഞ്ഞ ഖുസെസ്ഥാന്‍, സിസ്ഥാന്‍, ബലൂചിസ്ഥാന്‍, കുര്‍ദ്ദിസ്ഥാന്‍ പോലുള്ള പ്രവിശ്യകളില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നത് കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ആശങ്കപ്പെടുന്നു. തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനായി ഇറാന്റെ മതനേതാക്കള്‍ ഉള്‍പ്പെട്ട ഭരണസംവിധാനം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി ആഭ്യന്തര, വിദേശ ശത്രുക്കള്‍ക്ക് കടുത്ത സന്ദേശം നല്‍കാന്‍ ശ്രമിക്കുമെന്നും ആശങ്കയുണ്ട്.
ഇറാനിലെ സംഘര്‍ഷങ്ങളോ അതുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയില്‍ കലാപമോ നടക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇറാനുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന മുഖ്യ പങ്കാളിയാണ് ഇറാന്‍. ഇറാനിലെ ചബ്ബഹാര്‍ തുറമുഖ വികസനത്തില്‍ ഇന്ത്യ മുഖ്യ പങ്ക് വഹിക്കുകയുമാണ്. മേഖലയില്‍ കൂടുതലായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇത്തരത്തിലുളള വാണിജ്യ ബന്ധങ്ങള്‍ക്കും തിരിച്ചടിയാകും.
നിങ്ങള്‍കേട്ടത്‌വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : ഡോ.അസിഫ് ഷുജ
ഇറാന്‍കാര്യ നയതന്ത്ര വിദഗ്ധന്‍
വിവരണം : നരേന്ദ്രമോഹന്‍
Comments
Post a Comment