പാര്‍ലമെന്റിലെ പോയ വാരം
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ അവസാനവാരം സുപ്രധാന നിയമനിര്‍മ്മാണങ്ങളിലൂടെ ശ്രദ്ധേയമായി. നികുതി നിയമ ഭേദഗതി ബില്‍, സിഗരറ്റ് നിരോധന ബില്‍, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഭേദഗതി ബില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇ സിഗരറ്റ് നിരോധന ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കി.
ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കും, ശബ്ദായമാനമായ അന്തരീക്ഷത്തിലുമാണ് നികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും, അതിലുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം
ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇലക്ട്രോണിക് സിഗരറ്റിന്റെ സംഭരണവും വിതരണവും പരസ്യവും നിരോധിക്കുന്ന നിയമം ശബ്ദവോട്ടെടെയാണ് സഭ അംഗീകരിച്ചത്. ഒരു വര്‍ഷം വരെ തടവും ഒരു മില്ല്യണ്‍ യു.എസ്.ഡോളര്‍ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പുകവലി സാധ്യമാക്കുന്ന നിക്കോട്ടിനോ ഏതെങ്കിലും രാസവസ്തുവോ അടങ്ങിയിട്ടുളളതാണ് ഇലക്ട്രോണിക് സിഗരറ്റ് എന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ടുബാക്കോ നിയന്ത്രണത്തിലെ വെല്ലുവിളികള്‍ മുന്‍കൂട്ടികണ്ട് സമയബന്ധിതമായ ഇടപെടലുകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത ബില്ലിലൂടെ വെളിപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു.
എസ്.പി.ജി ഭേദഗതി ബില്‍ 2019 രാജ്യസഭ പാസാക്കി. ഭേദഗതി ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നു. പ്രധാനമന്ത്രിക്കും കുടുംബത്തിനും മാത്രമായി എസ്.പി.ജി.സംരക്ഷണം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും അഞ്ചു വര്‍ഷം വരെ സംരക്ഷണം നല്‍കുവാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
ദാദ്ര, നാഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശങ്ങളുടെ ലയനത്തിനായുള്ള ബില്ലും ലോക്‌സഭ പാസാക്കി. ലയനശേഷമുള്ള കേന്ദ്രഭരണ പ്രദേശത്തെ ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദ്യൂ എന്ന് നാമകരണം ചെയ്തു. കപ്പലുകളുടെ പുനചംക്രമണത്തിനായുള്ള ബില്‍ 2019-ഉം ലോക്‌സഭ പാസാക്കി. കപ്പലുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതും കപ്പലുകളുടെ പുനഃചംക്രമണവും നിയന്ത്രിക്കുന്നതാണ് ബില്‍.
പൗരത്വഭേദഗതി നിയമം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ചര്‍ച്ചയ്ക്കായി പാര്‍ലമെന്റില്‍ ബില്‍ അടുത്തയാഴ്ച വയ്ക്കും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ജെയ്ന്‍, ബുദ്ധിസ്റ്റ്, പാര്‍സി, ക്രിസ്റ്റ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കുന്നത് ഉദ്ദേശിച്ചുള്ളതാണ് ബില്‍. 1955-ലെ പൗരത്വ നിയമത്തില്‍ നിന്ന് ഒട്ടേറെ വ്യത്യാസമുള്ളതാണ് പുതിയ ബില്‍. നിലവിലെ നിയമം അനുസരിച്ച് ശരിയായ യാത്രാ രേഖകള്‍ ഇല്ലാതിരിക്കുകയോ സമയപരിധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുകയോ ചെയ്താല്‍ ഒരു വ്യക്തിയെ അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തും.
വ്യക്തിവിവര സംരക്ഷണ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്കി. വ്യക്തിവിവരങ്ങളുടെ ശേഖരണം, സംഭരണം, ഉപയോഗം, വ്യക്തികളുടെ സമ്മതം, പിഴകള്‍, നഷ്ടപരിഹാരം, നടപ്പിലാക്കേണ്ട വിധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ആരോഗ്യ രേഖകള്‍ പോലുള്ള വ്യക്തികളെ സംബന്ധിച്ച മുഖ്യമായ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സംഭരിക്കണം. വിദേശ ഇടപാടുകാരെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷം തീരുമാനിക്കും.
ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യാന്‍ ഗവണ്മെന്റ് കമ്മിറ്റി രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അറിയിച്ചു. രാജ്യത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയതായി
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌റായ് ചോദ്യോത്തരവേളയില്‍ രാജ്യസഭയെ അറിയിച്ചു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : യോഗേഷ് സൂദ്
പത്രപ്രവര്‍ത്തകന്‍
വിവരണം : കവിത
Comments
Post a Comment