ഇന്ത്യയുടെവളര്‍ച്ച തുടരുമെന്ന് OECDസാമ്പത്തിക സര്‍വ്വേ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെവളര്‍ച്ച സുസ്ഥിരമാണെന്നും ഭാവിയിലും അത് തുടരുമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. OECD സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. കോര്‍പ്പറേറ്റ് നിക്ഷേപം, വ്യാവസായിക ഉല്പാദനം എന്നിവയുടെ പിന്നോക്കാവസ്ഥ ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട്

സൂചിപ്പിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ച ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. നികുതി ഘടനയിലെ പരിഷ്‌കാരങ്ങള്‍, ബിസിനസ് രംഗത്തെ ലളിതവല്‍ക്കരണം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുമെന്ന പ്രത്യാശയാണ് റിപ്പോര്‍ട്ടിലുള്ളത്. എങ്കിലും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും, കുറഞ്ഞ ഗ്രാമീണ വരുമാനവും വെല്ലുവിളികളായി തുടരുന്നു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഏകീകരണത്തിന്റെ അഭാവം, അതായത് സമ്പന്ന സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വം അടിയന്തര ശ്രദ്ധ ആവശ്യമായ മേഖലയാണ്.
ആഗോള സാമ്പത്തിക വളര്‍ച്ചയുടെ നേതൃസ്ഥാനത്ത് ഇന്ത്യ നിലകൊള്ളുകയാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് OECD മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞന്‍ ലോറന്‍സ് ബൂണ്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ചാക്രിയവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്തവര്‍ഷം 6.2 ശതമാനമായും തൊട്ടടുത്ത വര്‍ഷം 6.4 ശതമാനമായിരിക്കുമെന്നും OECD സാമ്പത്തിക സര്‍വ്വെ കണക്കാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 5.8 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ച നേടാന്‍, കയറ്റുമതിയും നിക്ഷേപവും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഫെഡറലിസത്തോടുള്ള പുതിയ സമീപനം, സാമ്പത്തിക ഉള്‍ച്ചേരല്‍

നടപടികള്‍, നിഷ്‌ക്രിയ ആസ്ഥികള്‍ സാമ്പത്തിക മേഖലമെച്ചപ്പെടുത്തുന്നതിനായി അനുയോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്തുക, പാപ്പരത്ത നിയമം ശരിയായി നടപ്പിലാക്കുക, ജി.എസ്.ടി.യുടെ നടപ്പിലാക്കല്‍ കോര്‍പ്പറേറ്റ് നികുതി പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍. വ്യാപാരത്തിന്‍മേലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1990-കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ ചരക്ക് സേവന കയറ്റുമതി 0.5 ശതമാനമായത് 2018-ല്‍ 2.1 ശതമാനമായി ഉയര്‍ന്നതായി OECD കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവര സാങ്കേതികവിദ്യയും ഫാര്‍മസ്യൂട്ടിക്കല്‍സുമായിരുന്നു ഈ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍.
അടിസ്ഥാന സൗകര്യവികസനത്തിനായി സാമ്പത്തിക അടിത്തറ പ്രദാനം ചെയ്യുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുക, വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക, വ്യാപാര നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, വാടക നിയന്ത്രണങ്ങള്‍ ശക്തമാക്കുക, എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെളിയിട വിസര്‍ജ്ജന നിര്‍മ്മാര്‍ജ്ജനം പോലുള്ള നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. 2014-ല്‍ 100 ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടില്‍
പറയുന്നു. ഇത് ആരോഗ്യ മേഖല മെച്ചപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും, ശിശുമരണങ്ങള്‍ കുറയ്ക്കുന്നതിനും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മലിനീകരണത്തിനെതിരെയുള്ള നടപടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ ആവശ്യമാണെന്ന് OECD റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന തോതിലുള്ള വായുമലിനീകരണം കുറയ്ക്കുന്നതിന് ധീരമായ നടപടികള്‍ ആവശ്യമാണ്.
വീടുകള്‍ക്കുള്ളിലെ മലിനീകരണവും അകാലമരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.പ്രത്യേകിച്ചും പുകപടലങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്‌ക്കേണ്ടതുണ്ട്. ദരിദ്രര്‍ക്കുള്ള പാചകവാതക സബ്‌സിഡികള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ലോകത്തിലെ വായുമലിനീകരണം ഏറ്റവും കൂടുതലുള്ള 10 നഗരങ്ങളില്‍ ഒന്‍പതും ഇന്ത്യയിലാണെന്ന ്‌റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യന്‍, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുന്‍പിലാണ് റിപ്പോര്‍ട്ട്അവതരിപ്പിച്ചത്.

ശക്തമായ ധനകാര്യ നയത്തിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനായത്, ആഗോള സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തം
എന്നിവയില്‍ ഇന്ത്യയെ റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു. സ്ഥൂല സാമ്പത്തിക നയത്തിലുള്ള പുരോഗതി ,നിക്ഷേപം വര്‍ദ്ധിപ്പിക്കല്‍, സാമൂഹിക അസമത്വങ്ങള്‍ പരിഹരിക്കുക, ആഗോള സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.

തയ്യാറാക്കിയത് : ലേഖാചക്രബൊര്‍ത്തി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി
വിവരണം : തുളസിദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം