ജിസാറ്റ്-30 ന്റെ വിജയകരമായ വിക്ഷേപണം

തടസ്സരഹിതമായ വാര്‍ത്താവിനിമയ സംവിധാനം ഉറപ്പു വരുത്താന്‍ ഈ മാസം 17 -നാണ് ഇന്ത്യ 41-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിക്ഷേപിച്ചത്. 14 വര്‍ഷത്തെ സേവന ത്തിന് ശേഷം ഇന്‍സാറ്റ്- 4എ യുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിക്കാനിരിക്കെയാണ് ജി-സാറ്റ് 30 ന്റെ വിക്ഷേപണം. വരുന്ന 15 വര്‍ഷത്തേക്ക് ഇന്‍സാറ്റ് നല്‍കിയിരുന്ന സേവനം ജിസാറ്റ് ഉറപ്പാക്കും.

ഫ്രഞ്ച് ഗയാനയിലെ ക്യൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍-5എ എന്ന റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏരിയന്‍ സ്‌പേസ് വിക്ഷേപിക്കുന്ന 24-ാമത് ഇന്ത്യന്‍ ഉപഗ്രഹ മാണ് ജിസാറ്റ്-30. 1981-ല്‍ ഇന്ത്യയുടെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിളും ഏരിയനിലൂടെയാണ് വിക്ഷേപിച്ചത്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനം ഉറപ്പാക്കുന്ന യൂടെല്‍സാറ്റ് കണക്ടും ഏരിയന്‍-5 ലൂടെയാണ് വിക്ഷേപിച്ചിരുന്നത്.

നിലവില്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4എ യുടെ പ്രവര്‍ത്തന കാലാവധി ഏതാണ്ട് അവസാനി ക്കാനിരിക്കെ നൂതന സാങ്കേതികവിദ്യയിലൂടെ അതിശക്തമായ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ജിസാറ്റ്-30 ന്റെ വിക്ഷേപണം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. പതിനഞ്ച് വര്‍ഷമാണ് ജിസാറ്റ്-30 ന്റെ കാലാവധി.

ഡിടിഎച്ച് സേവനങ്ങളിലും, ടെലിവിഷന്‍ സംപ്രേക്ഷണ ത്തിലും വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ജിസാറ്റ്-30 ലൂടെ സാധി ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12-സി, 12-കെയു എന്നീ ബാന്‍ഡുക ളിലുള്ള ട്രാന്‍സ്‌പോണ്ടറുകള്‍ ജിസാറ്റ്-30ല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപദ്വീപിലും, ദ്വീപസമൂഹങ്ങളിലും, കെയു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍ വാര്‍ത്താവിനിമയ സേവനങ്ങള്‍ ലഭ്യമാ ക്കുമ്പോള്‍, സി-ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍ ആസ്‌ട്രേലിയ, ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ടെലിവിഷന്‍ സംപ്രേഷണം നടത്തുന്നതിനും മറ്റ് വാര്‍ത്താ വിനിമയ സേവനങ്ങള്‍ക്കും സഹായിക്കും.

നിലവിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളായ വിസാറ്റ്, ടെലിവിഷന്‍ അപ് ലിങ്കിംഗ്, ടെലിപോര്‍ട്ട് സേവനങ്ങള്‍, ഡിടിഎച്ച് തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജിസാറ്റിലൂടെ സാധ്യമാകും. വിദൂര പ്രദേശങ്ങളില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിച്ച് അവിടെ നിന്ന് തന്നെ സംപ്രേഷണം ചെയ്യുന്നതിന് ജിസാറ്റ്-30 പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധിക്കും. യൂറോപ്പ് മുതല്‍ ആസ്‌ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍ നിന്നും തത്സമയ സംപ്രേഷണവും ഇനി മുതല്‍ ഇന്ത്യയില്‍ സാധ്യമാകും.

പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ 2030-വരെ നിലനില്‍ക്കാന്‍ ജിസാറ്റ്-30 ന് ആകുമെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്. ആല്‍ഫ ഡിസൈന്‍ ടെക്‌നോള ജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് ജിസാറ്റ്-30 ന് ആവശ്യമായ ഭാഗങ്ങള്‍ വികസിപ്പിച്ചത്. ബംഗളുരുവില്‍ ഐ.എസ്. ആര്‍.ഒയുടെ കേന്ദ്രത്തിലായിരുന്നു ഇവ സംയോജിപ്പിച്ചത്.

ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ വാര്‍ത്താവിനിമയ സംവിധാനം ഉറപ്പുവരുത്തുന്നതിനും, സ്ഥാപനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ജിസാറ്റ്-30 വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ തീരുമാനിച്ചത്.

ഭാവിയില്‍ വിക്ഷേപണങ്ങള്‍ക്കുള്ള റോക്കറ്റിന്റെ നിര്‍മ്മാണ ത്തിന് പുറത്തു നിന്നുള്ള ഏജന്‍സികളെ ചുമതലപ്പെടുത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ലാര്‍ഡണ്‍ ആന്റ് ടോബ്‌റോ എന്നീ കമ്പനികളാവും പി.എസ്.എല്‍.വി നിര്‍മ്മാണ ത്തിന് നേതൃത്വം നല്‍കുക. കൂടുതല്‍ ഭാരമുള്ള ജി.എസ്.എല്‍.വി റോക്കറ്റുകളും സംഘം വികസിപ്പിക്കും. ഗഗന്‍യാനു വേണ്ടിയുള്ള പതിനായിരം കോടി രൂപ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി 30,000 കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചതായും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഇതില്‍ 80 ശതമാനവും സ്വകാര്യ മേഖലയില്‍ ചെലവിടുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ. 2022-ല്‍ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് മുമ്പായി ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയിടുന്നത്. തിളക്കമാര്‍ന്ന നിരവധി വിജയങ്ങളുടെ പാരമ്പര്യമുള്ള ഐ.എസ്.ആര്‍.ഒയ്ക്ക് തുടര്‍ന്നും ജയം കൈവരിക്കാന്‍ സാധിക്കും.


തയ്യാറാക്കിയത് : ബിമന്‍ ബസു മുതിര്‍ന്ന ശാസ്ത്ര വ്യാഖ്യാതാവ്


വിവരണം :കൃഷ്ണ. എ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം