ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ വളര്‍ച്ച
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം എക്കാലത്തെയും മികച്ച നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡിസംബര്‍ 20 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 45,550 കോടി യു എസ് ഡോളര്‍ ആണ് കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 41,200 കോടി ഡോളര്‍ ആയിരുന്നു. വിദേശ നാണ്യ ആസ്തികളിലുണ്ടായ വന്‍ വര്‍ദ്ധനയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
റിസര്‍വ് ബാങ്കിന്റെ വിദേശ നാണ്യ വിനിമയത്തിനനുസരിച്ചാണ് പ്രധാനമായും വിദേശ നാണയ ആസ്തികളില്‍ മാറ്റങ്ങളുണ്ടാവുന്നത്. ഇതിനുപുറമേ വിദേശ നാണ്യ ശേഖരം വിവിധ പദ്ധതികളില്‍ വിന്യസിക്കുമ്പോഴും വിദേശ സാമ്പത്തിക സാഹയങ്ങള്‍ ലഭിക്കുമ്പോഴും ഇത്തരത്തില്‍ വിദേശ നാണയ ആസ്തിയില്‍ വര്‍ദ്ധനവ് ഉണ്ടാകും. ഇന്ത്യയുടെ വിദേശ നാണ്യ ആസ്തി, യു.എസ് ഡോളര്‍, യൂറോ, പൗണ്ട് സ്റ്റെര്‍ലിംഗ്, ജാപ്പനീസ് യെന്‍ തുടങ്ങി വിവിധ കറന്‍സികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര നാണയ നിധി കൈകാര്യം ചെയ്യുന്ന പ്രത്യേക പിന്‍വലിക്കല്‍ അവകാശവും വായ്പാ വിഹിത ശേഖരവും സ്വര്‍ണ്ണ ശേഖരവും വിദേശ നാണ്യ ആസ്തികളെ നിയന്ത്രിക്കുന്നു. നമ്മുടെ വിദേശനാണ്യ ശേഖരത്തിന്റെ 93 ശതമാനവും വിദേശനാണ്യ ആസ്തിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും വിദേശങ്ങളില്‍ നിന്നുളള വരുമാനത്തിന്റെ തോതും താരതമ്യം ചെയ്താണ് വിദേശ നാണ്യ ശേഖരത്തിന്റെ ആവശ്യകത വിലയിരുത്തപ്പെടുന്നത്. 1934 ലെ ആര്‍ബിഐ നിയമമാാണ് വിദേശ നാണയ ശേഖരത്തെ നിയന്ത്രിക്കുന്നത്. വ്യാപാര കമ്മിയും, മൂലധന നിക്ഷേപവും വിദേശനാണ്യ നിരക്കിലെ മാറ്റങ്ങളെ സ്വാധീനിക്കുന്നു.നേരിട്ടുള്ള വിദേശ നിക്ഷേപം മറ്റ് വിദേശ സഹായങ്ങള്‍ ഇടക്കാല വായ്പകള്‍ തുടങ്ങിയവയും മൂലധന നിക്ഷേപത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. ഇറക്കുമതി ചിലവുകളെ എത്രത്തോളം വഹിക്കാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫോറെക്‌സ് നീക്കിയിരിപ്പുകളെ സാധാരണ വിലയിരുത്താറുള്ളത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിദേശനാണ്യ കരുതല്‍ നിക്ഷേപത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2019 മാര്‍ച്ചില്‍ 9.6 മാസത്തെ ഇറക്കുമതി ചിലവുകള്‍ക്കാവശ്യമായ കരുതല്‍ ധനം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍, 2019 ജൂണില്‍ അത് 10 മാസത്തെ ഇറക്കുമതി ചിലവുകള്‍ക്കാവശ്യമായ അളവിലേയ്ക്ക് ഉയരുകയും ചെയ്തു.
എന്നാല്‍ ഫോറക്‌സ് നീക്കിയിരിപ്പുകളില്‍ ഉണ്ടായിരിക്കുന്ന ഈ ഉണര്‍വ് സ്ഥിരമാണോ അതോ അസ്ഥിരമാണോ എന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. നമ്മുടെ കൈവശമുള്ള വിദേശനാണ്യം ഏത് വിഭാഗത്തില്‍പെടുന്നതാണെന്നതിനെ ആശ്രയിച്ചാണ് അതിന്റെ സ്വഭാവവും.
ഉദാഹരണമായി അസ്ഥിര മൂലധനങ്ങളായ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ ഹ്രസ്വകാല വായ്പകള്‍ തുടങ്ങിയവയാണ് ഫോറക്‌സ് നിക്ഷേപത്തില്‍ കൂടുതലെങ്കില്‍ അത് ഒരിക്കലും സ്ഥിരത ഉള്ള ഒരു നീക്കിയിരിപ്പാക്കില്ല.
വിദേശത്തുനിന്നുള്ള പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ 'ഹോട്ട് മണി' എന്ന വിഭാഗത്തിലാണ് സാമ്പത്#ിക വിദഗ്ധര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ പലിശ നിരക്കുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്നവയാണ് ഇത്തരം നിക്ഷേപങ്ങള്‍.
അതായത്, നമ്മുടെ രാജ്യത്തെ പലിശനിരക്കുകളേക്കാള്‍ കൂടുതല്‍ മറ്റു രാഷ്ട്രങ്ങള്‍ നല്‍കാന്‍ തയ്യാറായാല്‍ ഇത്തരം നിക്ഷേപങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ നമുക്ക് നഷ്ടമാകും.
ഫോറക്‌സ് നിക്ഷേപങ്ങളെപ്പറ്റിയുള്ള ആര്‍ബിഐ യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കരുതല്‍ വിദേശ നാണ്യത്തിലെ അസ്ഥിര മൂലധനങ്ങളായ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ ഹ്രസ്വകാല വായ്പകള്‍ എന്നിവയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച് അവസാനത്തില്‍ കരുതല്‍ നാണ്യത്തിന്റെ 88.7 ശതമാനം അസ്ഥിര നിക്ഷേപങ്ങള്‍ ആയിരുന്നെങ്കില്‍ ജൂണ്‍ അവസാനമായിപ്പോഴേക്കും അത് 86.7 ശതമാനമായി കുറഞ്ഞു. ലോകസമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലാണ്. നമ്മുടെ ആഭ്യന്തര വിപണിയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ട്താനും.
അതുകൊണ്ട് തന്നെ ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഫോറക്‌സ് നിക്ഷേപങ്ങളെ ഇഴകീറി പരിശോധിക്കുന്നത് വിരോധാഭാസമാണ്. എന്നാല്‍ ഫോറക്‌സ് നീക്കിയിരിപ്പുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സാമ്പത്തിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും അടിസ്ഥാനപരവുമായ മാറ്റങ്ങള്‍ക്കാവും ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ നല്‍കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
2020 കേന്ദ്ര ബജറ്റ് ആസന്നമായിരിക്കെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചലനാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നതും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : ഡോ.ലേഖ എസ് ചക്രബര്‍ത്തി
NIPFP പ്രൊഫസര്‍
വിവരണം : കരോള്‍ അബ്രഹാം
Comments
Post a Comment