റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തമ്പോള്‍
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ്, റെയ്‌സിന സംഭാഷണത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള മികച്ച രീതിയിലുള്ള സഹകരണം ഉറപ്പുവരുത്താന്‍ ലവ്‌റോവിന്റെ സന്ദര്‍ശനം അവസരം ഒരുക്കുകയും ചെയ്തു.
ഇറാന്‍, ലിബിയ, സിറിയ അടക്കമുള്ള രാജ്യങ്ങളിലെ നിലവിലെ പ്രാദേശിക സ്ഥിതിഗതികള്‍, ലവ്‌റോവും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
മധ്യ പൂര്‍വേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവരും, ഇത്തരം സംഭവങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയിലും, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയുടെ രാഷ്ട്രീയാവസ്ഥയിലും ഉണ്ടാക്കാനിടയുള്ള ആഘാതങ്ങളും വിലയിരുത്തി.
2020 ല്‍ നടപ്പാക്കേണ്ട, പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യയും റഷ്യയും ഈ വര്‍ഷം നിരവധി ബഹുരാഷ്ട്രതല ചര്‍ച്ചകളിലാണ് പങ്കെടുക്കുന്നത്. ഇത്തരം വേദികളില്‍, നടക്കാനിരിക്കുന്ന സംഭാഷണങ്ങള്‍ക്ക് കൂടിയാണ് ഇരുവരുടെയും ചര്‍ച്ചകള്‍ വഴിതുറന്നിരിക്കുന്നത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്റെ പുരോഗതിയെപ്പറ്റിയും റഷ്യന്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തുകയുണ്ടായി. ഇന്ത്യ- റഷ്യ ഉഭയകക്ഷി സഹകരണത്തിന്റെ നിലവിലെ അവസ്ഥയും വിദേശകാര്യ മന്ത്രിമാര്‍ പരിശോധിക്കും.
പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുമായും റഷ്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും റഷ്യയും തമ്മില്‍, കഴിഞ്ഞ വര്‍ഷം നിരവധി വിഷയങ്ങളില്‍ ധാരണയില്‍ എത്തിയത് ശ്രീ.മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ- റഷ്യ തന്ത്രപ്രധാന സഹകരണത്തിന്റെ ഇരുപതാം വാര്‍ഷികമായ 2020, ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കേണ്ട വര്‍ഷമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, വ്‌ളാദിവോസ്റ്റോക്കിലാണ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ശ്രീ.നരേന്ദ്രമോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. 20-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു ഇത്.
പുടിന്റെ ഈ വര്‍ഷത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും.
ജി-20, ബ്രിക്‌സ്, ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടികള്‍ക്കിടയും ഇരുവരും കൂടിക്കാഴ്ച നടത്തും.
എന്നാല്‍, ഇതിനു മുന്നോടിയായി, മേയ് മാസത്തില്‍ വിജയ ദിവസത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനായി ശ്രീ.മോദി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ സഖ്യകക്ഷികളുടെ കീഴടങ്ങലിന്റെ ഓര്‍മ്മയ്ക്കായാണ് വിജയ ദിവസം ആഘോഷിക്കുന്നത്.
ലോകത്ത് നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി, ഇരു രാഷ്ട്രങ്ങള്‍ക്കും തിരിച്ചറിവുണ്ടെന്നും ബാഹ്യ സ്വാധീനങ്ങള്‍ക്ക് തങ്ങള്‍ കീഴടങ്ങില്ലെന്നും വ്‌ളാഡിവസ്റ്റോക്കി ഉച്ചകോടിയെത്തുടര്‍ന്ന് പുറത്താക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.
പരസ്പരമുള്ള ഊഷ്മള ബന്ധത്തിന്റെ പുരോഗതിക്ക് ഇന്ത്യയും റഷ്യയും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഇരുരാഷ്ട്രങ്ങളും വിദേശ നയത്തില്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നതും ഇതിനു തന്നെയാണ്.
സംഘര്‍ഷഭരിതമായ നിരവധി സന്ദര്‍ഭങ്ങള്‍ക്കിടയിലും ഇന്ത്യ- റഷ്യ ബന്ധത്തിന് സ്ഥിരത പകര്‍ന്നത് ഈ നിലപാടാണ്.
ഇന്ത്യയുടെയും റഷ്യയുടെയും ഉഭയകക്ഷി ബന്ധം ശക്തവും സുദൃഢവുമാക്കുന്നതിനായി 2025 ഓടെ 30 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഇതു നേടുന്നതിനായുള്ള വിഭവ ശേഖരണത്തിന് ഇരു രാജ്യങ്ങളും പരസ്പരം സമ്മതിച്ചിട്ടുള്ളതാണ്. നിലവില്‍ നവ സാങ്കേതിക വിദ്യയുടെയും പങ്കാളിത്ത നിക്ഷേപത്തിന്റെയും മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുന്നത്.
സൈനിക മേഖലയിലും സാങ്കേതിക മേഖലയിലും ഉള്ള സഹകരണമാണ് നയതന്ത്രബന്ധത്തിന് നെടുംതൂണായിട്ടുള്ളതെന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ എസ്-400 ആന്റിമിസൈല്‍ പദ്ധതിയ്ക്കായുള്ള പ്രത്യേക ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ഫോറങ്ങളില്‍ ഇന്ത്യയോടൊപ്പം നില്‍ക്കുന്ന റഷ്യ, ഇന്ത്യയുടെ വിശ്വസ്ത പങ്കാളി കൂടിയാണ്. ഇന്ത്യയുടെ സൈനികശക്തി പരിപോഷിപ്പിക്കുന്നതിലും റഷ്യയുടെ സഹായം ഉണ്ട്. ഐക്യരാഷ്ട്ര സഭയിലെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 48 അംഗ ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനും റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്കുണ്ട്.
തുടര്‍ന്ന് വരുന്ന ആണവ സഹകരണ പദ്ധതിയ്ക്കായുള്ള തിരിഞ്ഞുനോട്ടമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ആഗോള രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യ- റഷ്യ ബന്ധം വാഗ്ദത്ത ഭാവിയ്ക്കായുളള പരീക്ഷണഘട്ടമാണ്.
തയ്യാറാക്കിയത് : രഞ്ജിത് കുമാര്‍,
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : കരോള്‍ എബ്രഹാം/ സുലൈമാന്‍
Comments
Post a Comment