ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

ഭക്ഷിണ-മദ്ധ്യേഷ്യയ്ക്കായുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ്, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്യു പോറ്റിംഗര്‍ എന്നിവര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അഞ്ചാമത് റയ്‌സിന സംഭാഷണങ്ങളുടെ ഭാഗമായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. റയ്‌സിന സംഭാഷണങ്ങള്‍ക്ക് പുറമേ ഇരുവരും ഉഭയകക്ഷി ചര്‍ച്ചകളിലും സംബന്ധിച്ചു. ഇന്ത്യാ സന്ദര്‍ശനത്തോടൊപ്പം പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. 

ഇന്ത്യാ-പെസഫിക് കാഴ്ചപ്പാട് തത്വാധിഷ്ഠിതമാണെന്ന് റയ്‌സിന ചര്‍ച്ചകളില്‍ മാത്യു പോറ്റിംഗര്‍ പറഞ്ഞു. നിയമ വാഴ്ചയെ ബഹുമാനിക്കുന്നതും, സമുദ്ര-വ്യോമയാന സ്വാതന്ത്ര്യത്തിനായും തുറന്ന വാണിജ്യം, രാജ്യങ്ങളുടെ പരമാധികാരം തുടങ്ങിയവയ്ക്കായും നിലകൊള്ളുന്ന രാഷ്ട്ര സമൂഹമാണ് ഇന്ത്യ-പെസഫിക് മേഖലയെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും വിശാലവുമായ ഇന്തോ-പസഫിക് സങ്കല്പത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ഭരണകേന്ദ്രീകൃത ദര്‍ശനങ്ങളേക്കാള്‍ പൗരകേന്ദ്രീകൃത ദര്‍ശനങ്ങളുള്ള രാജ്യങ്ങളാണെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.

റയ്‌സിന സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം അടുത്ത മാസം നടക്കാനിടയുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായികൂടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി വെല്‍സിന്റെ സന്ദര്‍ശനത്തെ കാണാവുന്നതാണ്. അങ്ങനെയെങ്കില്‍ 2016 ല്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും അത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ട്രംപ് നിലനിര്‍ത്തുന്ന ശക്തമായ ബന്ധത്തിന്റെ തെളിവാണ് കഴിഞ്ഞ വര്‍ഷം ടെക്‌സാസില്‍ നടന്ന ഹൗഡി മോഡി പരിപാടി.

ഇന്ത്യയും അമേരിക്കയും നയതന്ത്ര പങ്കാളിത്തം ശക്തമായി തുടരുന്നതിനുവേണ്ട മാര്‍ഗങ്ങള്‍ തേടുകയാണ്. കഴിഞ്ഞ മാസം വാഷിംഗ്ടണില്‍ നടന്ന 2 പ്ലസ് 2 ചര്‍ച്ചകളുടെ തുടര്‍ച്ചയായി വെല്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കരുതാവുന്നതാണ്. 2 പ്ലസ് 2 ചര്‍ച്ചകള്‍ക്കിടെ ഇരു രാജ്യങ്ങളും ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ തെരഞ്ഞെടുക്കപ്പെട്ട സൈനിക വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഉദ്ദേശിച്ചുള്ള വ്യാവസായിക സുരക്ഷ അനക്‌സ്, പ്രതിരോധ സാങ്കേതിക വ്യാപാരം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നടപടികള്‍ ഇന്ത്യാ-അമേരിക്ക പ്രതിരോധ വ്യവസായ സഹകരണത്തിന് ആക്കംകൂട്ടും.

ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ മേഖലകളിലെ പ്രഗല്‍ഭരുമായും വെല്‍സ് കൂടിക്കാഴ്ച നടത്തുകയും ഇന്തോ-പസഫിക് മേഖല സംബന്ധിച്ചും, ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യുകയുണ്ടായി. ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും അവര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര-നിക്ഷേപ ഉടമ്പടികള്‍ക്കായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണ്. കൃഷിയും ക്ഷീരോല്‍പാദന വ്യവസായ മേഖലകള്‍ തമ്മിലുള്ള വൈജാത്യങ്ങളെ കുറിച്ചും തീരുവയിലും ഇവയ്ക്ക് നല്‍കിവരുന്ന ഇളവുകളെ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇന്ത്യാ-അമേരിക്ക ബന്ധം വളരെയേറെ പുരോഗതി നേടിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാത്ത മേഖലകള്‍ വിരളമാണ്. ഉഭയകക്ഷി ബന്ധത്തിലെ സ്ഥായിയായ ഈ മാറ്റം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംയുക്ത പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി കൂടുതല്‍ ആശ്വാസകരമാണ്. ഉദ്യോഗസ്ഥതലത്തിലുള്ള പതിവ് ഉച്ചകോടികള്‍ മുതല്‍ നിരവധി തന്ത്രപ്രധാനമായ കൂടിയാലോചനകളിലും ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുകയാണ്. പ്രതിരോധം, ഭീകരവിരുദ്ധത, രാജ്യ സുരക്ഷ, സൈബര്‍ സുരക്ഷ, രഹസ്യാന്വേഷണം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്‌കാരം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഇന്ത്യാ-അമേരിക്ക ഉഭയകക്ഷി ബന്ധം ഇന്ന് വളരെയേറെ ശക്തിയാര്‍ജിക്കുകയാണ്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......


തയ്യാറാക്കിയത് : ഡോ. സ്തുതി ബാനര്‍ജി,

നയതന്ത്ര വിശകലന വിദഗ്ദ്ധ

വിവരണം : ഉദയകുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം