നേരിട്ടുള്ള വിദേശനിക്ഷേപം : ഇന്ത്യ സ്ഥാനം നിലനിര്‍ത്തി

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍
16 ശതമാനത്തിന്റെ നേട്ടവുമായി ഇന്ത്യ. വിദേശ നിക്ഷേപം നേടുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ ഇടം പിടിച്ചു. 2019 ല്‍
42 ബില്യനില്‍ നിന്ന് 49 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപ നിരക്ക് ആഗോള തലത്തില്‍ വര്‍ദ്ധന രേഖപ്പെടുത്താതെ ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2019 ലെ കണക്കനുസരിച്ച്
1.41 ട്രില്യനില്‍ നിന്ന് 1.39 ട്രില്യന്‍ ഡോളറായാണ് ലോക വിദേശ നിക്ഷേപ നിരക്ക് കുറഞ്ഞത്. അമേരിക്കയും ചൈനയുമടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നേട്ടം ശ്രദ്ധേയമാകുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ദക്ഷിണേഷ്യന്‍ മേഖല ആകെ കൈവരിച്ചത് പത്ത് ശതമാനം നേട്ടമാണ്. 60 ബില്യണ്‍ ഡോളറാണ് ദക്ഷിണേഷ്യയുടെ ആകെ നിക്ഷേപം. ഇതിന്റെ
80 ശതമാനം ഇന്ത്യയ്ക്ക് ലഭിച്ച നിക്ഷേപമാണ്. കൂടുതല്‍ നിക്ഷേപമുണ്ടായത് വിവരസാങ്കേതിക മേഖലയിലാണ്. ബംഗ്ലാദേശിനും പാകിസ്ഥാനും യഥാക്രമം ആറ് ശതമാനത്തിന്റെയും 20 ശതമാനത്തിന്റെയും നഷ്ടമാണ് ഉണ്ടായത്.
നേരിട്ടുള്ള വിദേശ നിക്ഷേപം പ്രധാനമയും ലോക രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. യുണൈറ്റഡ് കിങ്ഡം ആറ് ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍, ബ്രെക്‌സിറ്റും യൂറോപ്യന്‍ യൂണിയനും 305 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം അതായത് 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ബ്രസീല്‍ സ്വകാര്യവല്‍ക്കരണ സാമ്പത്തിക നയം നടപ്പിലാക്കാന്‍ തുടങ്ങിയതോടെ 26 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു. വിദേശ നിക്ഷേപത്തിന്റെ വര്‍ദ്ധന രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് വ്യത്യാസപ്പെടുന്നത്.
ഇന്ത്യയുടെ വിദേശവിനിമയ കരുതല്‍ നിരക്ക് 2019 ജനുവരി നാല് വരെയുള്ള കണക്കനുസരിച്ച് 65.1294 ബില്യണ്‍ ഡോളറാണ്. ഇത് ഓസ്‌ട്രേലിയ, ഫിന്‍ലാന്റ്, ഐസ്‌ലാന്റ് എന്നീ മൂന്നു രാജ്യങ്ങളുടെ ആകെ വിദേശനാണയ കരുതല്‍ നിരക്കിനു തുല്യമാണ്. വിദേശവിനിമയം പ്രധാനമായും നാല് ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവ വിദേശനാണയം, സ്വര്‍ണം, പ്രത്യേക പിന്‍വലിക്കല്‍ അധികാരം, അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര നാണയ നിധിയ്ക്ക് നല്‍കേണ്ട ധനം എന്നിവയാണ് അവ. വികസ്വര സമ്പദ്‌വ്യവസ്ഥകളാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പകുതിയിലധികം നേടുന്നത്. ചൈന, സിംഗപ്പൂര്‍, ബ്രസീല്‍, ഹോങ്കോങ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ 695 ബില്യണ്‍ ഡോളര്‍ നേടുമ്പോള്‍ ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെയാണ്. 251 ബില്യന്‍ ഡോളറാണ് അവരുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. 2019 ലെ കണക്കുകള്‍ പ്രകാരം ഇത് ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്.
മേഖലാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയന്‍ സമ്പദ്‌വ്യവസ്ഥകള്‍ എന്നിവിടങ്ങളില്‍ മൂന്ന് മുതല്‍ 16 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. വടക്കേ അമേരിക്കയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയില്ല. ഏഷ്യയിലും യൂറോപ്പിലും ആറ് മുതല്‍ നാല് വരെ ശതമാനത്തിന്റെ കുറവുണ്ടായി. ചുരുക്കി പറഞ്ഞാല്‍ പരിവര്‍ത്തനത്തിന് വിധേയമായ സമ്പദ്‌വ്യവസ്ഥകള്‍ 65 ശതമാനം വരെ നേട്ടം ഉണ്ടാക്കിയപ്പോള്‍ വികസ്വര രാജ്യങ്ങളുടെ പൂര്‍വ്വസ്ഥിതി നിലനിര്‍ത്തി. എന്നാല്‍, വികസിത രാജ്യങ്ങള്‍ ആകെ നോക്കിയാല്‍ ആറ് ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
നേരിട്ടുള്ള വിദേശനിക്ഷേപം 2020ല്‍ നേരിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.
വിദേശനിക്ഷേപ നിരക്കില്‍ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചുവെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള കുറവില്‍ ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് ആശങ്ക രേഖപ്പെടുത്തി. എന്നാല്‍, കൂടിയ വിദേശനിക്ഷേപം ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ള ഘടനാപരമായ പരിഷ്‌ക്കാരം സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും കൈവരിക്കുന്നതില്‍ നിര്‍ണായകമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : ഡോ.ലേഖാ എസ്. ചക്രബര്‍ത്തി
പ്രൊഫസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പബ്ലിക് ഫൈനാന്‍സ് ആന്റ് പോളിസി
വിവരണം : ഉദയകുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം