ആണവക്കരാറില്‍ നിന്നുള്ള ഇറാന്റെ പിന്മാറ്റവും ആഗോള പ്രത്യാഘാതങ്ങളും

ഇറാന്‍ ആണവപ്രശ്‌നം യൂറോപ്യന്‍ യൂണിയന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ചര്‍ച്ചയ്ക്ക് വെയ്ച്ചാല്‍ ആണവ നിരായുധീകരണ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ ജനറല്‍ ഖ്വാസിം സൊലായ് മാനിയെ അമേരിക്ക വധിച്ച പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ആഗോളതലത്തില്‍ ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. കോപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ ജോയിന്റ് അഥവാ ഇറാന്‍ ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കില്ലെന്ന് ഇറാന്‍ ഗവണ്മെന്റ് കൂട്ടായ തീരുമാനത്തിലെത്തി എന്നാണ് വാര്‍ത്തകള്‍.

ഡിസ്പൂട്ട് റിഡ്രഡല്‍ മെക്കാനിസം (DRM) ഇറാന്റെ മേല്‍ ചുമത്താനഉള്ള ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ശ്രമമാണ് ഇറാന്റെ പിന്മാറ്റത്തിനുള്ള പ്രേരണയായി കണക്കാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഈ രീതിയില്‍ സഞ്ചരിക്കാന്‍ അമേരിക്ക ഈ മൂന്ന് രാജ്യങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ പ്രശ്‌നം ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇടക്കിടെ ഉയര്‍ത്തികാട്ടുന്നതും ഡിആര്‍എം. ഉപയോഗിക്കുന്നതും ഇറാന്റെ മേല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉപരോധമുണ്ടാക്കാന്‍ വഴിവച്ചേക്കാം. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്‍ ഇപ്പോഴേ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി പ്രാദേശിക തലത്തില്‍ പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചു. കൂടുതല്‍ ഉപരോധങ്ങള്‍, പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും, പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഭരണ പ്രതിസന്ധി സൃഷ്ടിക്കും. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഗവണ്മെന്റിന് ബലപ്രയോഗം വേണ്ടിവരും.

ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട് എന്ന അന്താരാഷ്ട്ര അറ്റോമിക് എനര്‍ജിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കേ 2018 മെയ് എട്ടിന് കരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെയുള്ള മറുപടിയായി വേണം ഇറാന്റെ പിന്മാറ്റത്തെ അനുമാനിക്കാന്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടേക്കാം എന്ന പ്രതീക്ഷയില്‍ ഇറാന്‍ ഒരു വര്‍ഷം കാത്തിരുന്നു. പ്രതീക്ഷകള്‍ തെറ്റിയപ്പോള്‍ കരാറിന്റെ വ്യവസ്ഥകളില്‍ നിന്ന് കുറേശയായി പിന്മാറുമെന്ന് 2019 മെയ് എട്ടിന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ വേഗത കുറയ്ക്കുക എന്നതായിരുന്നു ജെസിപിഒഎയുടെ അടിസ്ഥാന ലക്ഷ്യം. ആണവപദ്ധതിയുടെ സുതാര്യതയാണ് ജെസിപിഒയുടെ മറ്റൊരു സുപ്രധാന ലക്ഷ്യം. അതിനാല്‍ ഈ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറുന്നത് ഇറാനിലെ ആണവപദ്ധതിയുടെ മുഖ്യമായ സ്വഭാവവും പുരോഗതിയും അറിയാന്‍ ഇതര രാജ്യങ്ങള്‍ക്ക് കഴിയാതെ വരുന്നതിന് കാരണമാകുന്നു.

ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഇത്തരം ആശങ്കകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ഇറാന്റെ പ്രാദേശിക എതിരാളികളായ സൗദി അറേബ്യക്ക് കൂടുതല്‍ കരുത്ത് വരും. ഇത് മധ്യകിഴക്കന്‍ മേഖലകളില്‍ അസ്ഥിരമായ ആണവ ആയുധ മത്സരങ്ങള്‍ക്ക് ഇടയാക്കും. ഇറാനിയന്‍ ആണവ പദ്ധതികളെ എതിര്‍ക്കുന്ന അമേരിക്ക, ഇസ്രേലിയ എന്നീ രാജ്യങ്ങള്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനെടുക്കുന്ന നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വഴിവച്ചേക്കാം. ഹൈഡ്രോ കാര്‍ബണിന്റെ സമ്പന്നമായ ഭൂമികയായ ഗള്‍ഫ് മേഖലയില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യവും ഈ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച ഇറാനിലെ വിദേശകാര്യമന്ത്രി മുഹമ്മദ് ജമാദ് സഫാറി ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യങ്ങള്‍ എല്ലാ സഹായവും ഇറാന് ഇന്ത്യ വാഗ്ധാനം ചെയ്തു.

ഇറാനും സൗദിയും ഗള്‍ഫ് മേഖലയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസിന്റെ മേല്‍നോട്ടം വഹിക്കുന്ന മുഹമ്മദ് ഖാസി ഈ അടുത്തിടെ പ്രസ്താവിച്ചിരുന്നു. മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും അത്യാവശ്യമാണ്. അതോടൊപ്പം ആണവ വ്യാപന സാദ്ധ്യത ഇല്ലാതാക്കുന്നതിന് രണ്ട് പ്രാദേശിക രാജ്യങ്ങളും പരസ്പര വ്യത്യാസങ്ങള്‍ പരിഹരിച്ച് തന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്.



നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.........






തയ്യാറാക്കിയത് : ഡോ.ആസിഫ് ഷൂജ

സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, മിഡില്‍ ഈസ്റ്റ്

ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ യൂണിവേഴ്‌സിറ്റി 

ഓഫ് സിംഗപ്പൂര്‍.

വിവരണം : തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം