വിഷയം : ഇന്ത്യ, നൈജര്‍, ടുണീഷ്യ ബന്ധം മെച്ചപ്പെടുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ ആഴ്ചയില്‍ നൈജര്‍, ടുണീഷ്യ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗത്വത്തിന് സഹായിച്ച കാലം മുതല്‍ ഇന്ത്യ ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിവരുന്നു. വിദേശകാര്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ തന്നെ ഈ രാജ്യങ്ങളെ ശ്രീ. ജയശങ്കര്‍ തെരഞ്ഞെടുത്തത് ഇതിന്റെ തെളിവായി വേണം കാണാന്‍. 

നൈജര്‍ തലസ്ഥാനമായ നയമേയില്‍ നൈജര്‍ പരസിഡന്റ് മഹമ്മദു ഇസോഫുമായി ചര്‍ച്ച നടത്തി. മഹാത്മാഗാന്ധി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ഇരു നേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ 150-#ാ#ം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ #്‌ദ്ദേഹത്തിന് ആദരം അര്‍പ്പിച്ച് ആഫ്രിക്കയില്‍ ഇന്ത്യ ആരംഭിക്കുന്ന ആദ്യ കേന്ദ്രമാണ് ഇത്. ആഫ്രിക്കയോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വത്തിന്റേയും, ഇന്ത്യ നൈജര്‍ സൗഹൃദത്തിന്റേയും ചിഹ്നമായി വേണം ഇതിനെ കണക്കാക്കാന്‍. പുത്തന്‍ സാങ്കേതികവിദ്യയും, പ്രകൃതി സൗഹാര്‍ദ്ദവും, വിശാലവുമായ ഒരു കെട്ടിടസമുച്ചയമാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍യ ആഫ്രിക്കന്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാനും, മറ്റ് യോഗങ്ങള്‍ സംഘടിപ്പിക്കാനും കഴിയുന്ന 2000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് കേന്ദ്രം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നയമേയിലെ താമസത്തിനിടെ നൈജര്‍ പ്രധാനമന്ത്രി ബ്രിഗി റാഫിനിയുമായി കേന്ദ്ര മന്ത്രി ചര്‍ച്ച നടത്തി. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളില്‍ നൈജര്‍ വിദേശകാര്യമന്ത്രി കല്ല ആന്‍കൗറാവോയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തീവ്രവാദം തടയുക, സുരക്ഷ, വികസനം, ഉഭയകക്ഷി ബന്ധം എന്നീ വിഷയങ്ങളില്‍ ഇരു നേതാക്കളും കരാറില്‍ ഒപ്പു വച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിച്ചിട്ടുണ്ട്. ഗതാഗതം, വൈദ്യുതീകരണം, സൈരോര്‍ജ്ജം, കുടിവെള്ളം എന്നീ മേഖലകലിലെ പദ്ധതികളില്‍ നൈജറിന് ഇന്ത്യ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സാങ്കേതിക വിദ്യ, സാമ്പത്തിക സഹകരണ പരിപാടിയുടെ ഭാഗമായി നൈജറിലെ നൂറിലധികം ഉദ്യോഗസ്ഥര്‍ പരിശീലനം നേടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നയമേയില്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നൈജറിന് ഇന്ത്യ തന്റെ പിന്തുണ നല്‍കിയിരുന്നു. 

അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നൈജര്‍ പിന്താങ്ങി വരുന്നു. വേള്‍ഡ് കസ്റ്റംസ് യൂണിയനില്‍ ഡയറക്ടര്‍, ലോക ആരോഗ്യ സംഘടനയില്‍ 2020-23 കാലയളവിലേക്കുള്ള വിദേശ ഓഡിറ്റര്‍, 2019-20 കാലയളവില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയില്‍ നൈജര്‍ ഇന്ത്യയെ പിന്തുണച്ചു.

2016-17 കാലയളവില്‍ 81.27 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്ന, നൈജറുമായുള്ള ഇന്ത്യയുടെ വ്യാപാരം 2017-18 ആയപ്പോഴേക്കും 140.45 മില്യണ്‍ ഡോളറിലെത്തി. 2019-20 കാലയളവില്‍ ഇന്ത്യയില്‍ നിന്നും നൈജറിലേക്കുള്ള കയര്‌റുമതി വ്യാപാരം 51.76 മില്യണ്‍ അമേരിക്കന്‍ ഡോളറും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വ്യാപാരം 0.34 മില്യണ്‍ അമേരിക്കന്‍ ഡോളറുമാണ്. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ടുണീഷ്യന്‍ പര്യടത്തിനിടെ വിവര സാങ്കേതിക - വാര്‍ത്താ വിനിമയ സംവിധാനത്തിനായുള്ള നൂതന കേന്ദ്രം സ്ഥാപിക്കാനുള്ള ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. 

ടുണീഷ്യന്‍ പ്രസിഡന്റ് ക്ലെയിസ് സയിദുമായും, ടുണീഷ്യന്‍ വിദേശകാര്യമന്ത്രി സബ്രി ബച്‌തോബ്ജിയുമായും വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതില്‍ ഊന്നല്‍ നല്‍കാനും ബഹുമുഖ വേദികളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായി.

2017-ല്‍ ഡല്‍ഹിയില്‍ നടന്ന ടുണീഷ്യ - ഇന്ത്യ സംയുക്ത സമിതിയുടെ ശുപാര്‍ശകളുടേയും, തീരുമാനങ്ങളുടേയും പശ്ചാത്തല ത്തില്‍ ഈ പര്യടനം പ്രാധാന്യം അര്‍ഹിക്കുന്നു. പൊതുതാല്പര്യമുള്ള പല മേഖലകളിലും ഇന്ത്യ - ടുണീഷ്യ പങ്കാളിത്തം ഉറപ്പുവരുത്താ നായി. അന്ന് ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരുന്നു. 1958 ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ടുണീഷ്യ സന്ദര്‍ശിക്കുന്നത്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇന്ത്യയെ പിന്തുണയ്ക്കുക വഴി ഇരു രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളുമായി ഊഷ്മളമായ ഒരു നയതന്ത്രബന്ധം തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.






തയ്യാറാക്കിയത് : കെ. വിനിത് വാഹി 

പത്രപ്രവര്‍ത്തകന്‍ 

വിവരണം : കൃഷ്ണ. എ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം