പുതിയ സാമ്പത്തിക ഇടപാടുകളില്‍ പ്രതീക്ഷയോടെ ഇന്ത്യ

സമീപഭാവിയില്‍ അഞ്ച് ട്രില്യണ്‍ യു.എസ്. ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഭ്യന്തര വ്യാപാരം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുക ആഗോള സമ്പദ്‌വ്യവസ്ഥയുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനമാര്‍ഗ്ഗമാണ് നാം അതിനായി സ്വീകരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, പാപ്പരത്വനിയമം, ചരക്ക് സേവന നികുതി (ജി.എസ.്ടി.) എന്നിവ പോലുള്ള പരിഷ്‌കാരങ്ങള്‍ ഇന്ത്യ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ വിപണി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, ആഗോള വിപണി ശൃംഖലകളുടെ ഭാഗമാകാനായി തങ്ങളുടെ വ്യാപാര പങ്കാളികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നിവയും രാജ്യം ലക്ഷ്യമിടുന്നു. ക്രിയാത്മകവും പരസ്പര പ്രയോജനപ്രദവുമായ സാമ്പത്തിക ബന്ധങ്ങള്‍ പ്രാപ്തമാക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പ്രാദേശിക വ്യാപാര, ഉഭയകക്ഷി സാമ്പത്തിക ചര്‍ച്ചകള്‍ ആരംഭിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആര്‍.സി.ഇ.പി. കരാറില്‍ നിന്നും പിന്മാറിയ ഈ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വ്യാപാര നയങ്ങള്‍ക്കാകും ഇന്ത്യ പ്രാധാന്യം നല്‍കുകയെന്നും, ഇത്തരം ചര്‍ച്ചകള്‍ സൂചന നല്‍കുന്നു. യുറോപ്യന്‍ യൂണിയന്‍, യൂറോഷ്യന്‍ ഇക്കണോമിക് യൂണിയന്‍, എന്നീ പ്രാദേശിക സംഘങ്ങളോടും ഓസ്ട്രേലിയ, മൗറീഷ്യസ്, ഇസ്രായേല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച് നാം സജീവ ചര്‍ച്ച നടത്തിയിരുന്നു. 2007 ല്‍ രൂപവത്ക്കരിച്ച യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈനുകള്‍ക്കും വാഹനങ്ങള്‍ക്കുമുള്ള വിപണി പ്രവേശനം, തൊഴില്‍ മാനദണ്ഡങ്ങള്‍, ഗവണ്‍മെന്റ് വാങ്ങളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ ചര്‍ച്ചകളില്‍ ഏഴ് വര്‍ഷത്തോളം കാര്യമായ പുരോഗതി ഉണ്ടായില്ലയെന്നതാണ് സത്യം. നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയനുമായുള്ള ബി.ടി.ഐ. കരാര്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഗുണകരമാകും. എന്നാല്‍, വര്‍ധിച്ച കയറ്റുമതി സാധ്യതയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മേല്‍ലുള്ള തീരുവ വെട്ടിക്കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്ന് ഉറപ്പാണ്. ബ്രെക്‌സിറ്റിനു ശേഷം യു.കെ. യുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കാനും നാം തയാറാണ്. യു.കെ. യിലെ വലിയ പ്രവാസ സമൂഹവും നമുക്ക് ആ രാഷ്ട്രവുമായിയുള്ള ചരിത്രപരമായ ബന്ധങ്ങളും പരസ്പര നേട്ടത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍, നിക്ഷേപകര്‍ക്ക് സംരക്ഷണം ലഭിക്കുന്ന വ്യവസ്ഥകള്‍ക്ക് യു.കെ ശ്രമിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ വിശദമായ ചര്‍ച്ചകളിലൂടെ വേണം കരാറിന് രൂപം നല്‍കേണ്ടതും. സ്വതന്ത്ര വ്യാപാര കരാര്‍ പോലെയുള്ള ഒരു ഉടമ്പടിയെക്കുറിച്ച് ഇന്ത്യയോ, അമേരിക്കയോ ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അടുത്ത് തന്നെ ഒരു കരാര്‍ നിലവില്‍ വരാന്‍ സാധ്യതകള്‍ ഏറെയാണ്. അടുത്ത മാസം അവസാനം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കപ്പെടുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നതും. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്കുള്ള പ്രത്യേക പദവി പിന്‍വലിച്ച അമേരിക്കന്‍ നടപടിയും, അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യന്‍ തീരുമാനവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പുതിയ കരാറില്‍ പരിഹാരം ആയേക്കും. ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, വ്യാപാര രംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കുക തുടങ്ങിയവയ്ക്കും കരാറില്‍ പരിഗണന ലഭിച്ചേക്കും. രാജ്യത്തെ ആഭ്യന്തര വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടതിനാല്‍ ആര്‍.സി.ഇ.പി. കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ആര്‍.സി.ഇ.പി. കരാറില്‍ പറയുന്ന പോലെ, ആവശ്യമായ നിയമങ്ങള്‍ ഇല്ലാതെ തന്നെ നമ്മുടെ വ്യാപാര മേഖലകളെ, അന്താരാഷ്ട്ര വിപണിക്ക് തുറന്നു കൊടുക്കുന്നതോ, സേവന മേഖലയില്‍ വരാനിടയുള്ള പുതിയ നിയന്ത്രണങ്ങളോ ഒരിക്കലും നമ്മുടെ താത്പര്യങ്ങളോട് ചേര്‍ന്നു പോകുന്നതുമല്ല. ആര്‍.സി.ഇ.പി. യില്‍ നിന്നും പിന്മാറിയെങ്കിലും ഉടന്‍തന്നെ ആര്‍.സി.ഇ.പി. അംഗരാഷ്ട്രങ്ങളുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടാന്‍ നാം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. കിഴക്കന്‍ മേഖലയിലെ നമ്മുടെ അയല്‍ക്കാരായ ജപ്പാന്‍, ദക്ഷിണ കൊറിയ, ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള പഴയ ചില കരാറുകള്‍ പുനരാരംഭിക്കാനും, ആസ്‌ട്രേലിയയുമായി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. നിലവില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ആസിയാന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ട്. എന്നാല്‍, ഈ കരാറുകളില്‍ നിന്നും നമുക്ക് കാര്യമായ പ്രയോജനങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഈ പ്രശ്‌നം മറികടക്കാനായി നികുതി/നികുതി ഇതര സംവിധാനങ്ങള്‍ ഉപയോഗിച്ച്, ഈ രാജ്യങ്ങളുമായുള്ള വ്യാപാരം പ്രയോജനകരമാക്കാനും നാം ലക്ഷ്യമിടുന്നു. ആസ്‌ട്രേലിയ, ഇന്തോനേഷ്യ, ഇസ്രായേല്‍, യൂറേഷ്യന്‍ സാമ്പത്തിക സംഘം എന്നിവരുമായുള്ള സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവരുമായുള്ള ചര്‍ച്ചകള്‍ക്കും അടുത്തുതന്നെ തുടക്കമായേക്കും. എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍, ചരക്ക്-സേവനങ്ങളെയും, നിക്ഷേപങ്ങളെയും അടിസ്ഥാനമാക്കി വേണം നടത്താന്‍. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പേ വിശദമായ ചര്‍ച്ചകള്‍ ഉറപ്പാക്കാനുള്ള ഒരു നയത്തിന് ഇന്ത്യ രൂപം നല്‍കി കഴിഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുകളെ തുടര്‍ന്നുണ്ടാകുന്ന നിയന്ത്രണങ്ങള്‍ക്കും തീരുവയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും അനുസൃതമായി രൂപാന്തരപ്പെടുന്നതിന്, അംഗരാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കുന്നുമുണ്ട്. ചുരുക്കത്തില്‍, അടുത്തു തന്നെ സാമ്പത്തിക ഇടപാടുകളില്‍, ഒരു വന്‍ കുതിച്ചു ചാട്ടത്തിനാണ് ലക്ഷ്യമിടുന്നത് എന്ന് നിസംശയം പറയാം.


തയ്യാറാക്കിയത് : സത്യജിത് മൊഹന്തി,ഐ.ആര്‍.എസ്., മുതിര്‍ന്ന സാമൂഹിക ശാസ്ത്ര വിദഗ്ധന്‍ വിവര : കരോള്‍ അബ്രഹാം

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം