ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം പ്രാദേശിക കാഴ്ചപ്പാടില്‍
ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം, പ്രാദേശിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലെ 12-ാമത് ദക്ഷിണേഷ്യന്‍ സമ്മേളനം അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. പ്രതിരോധ പഠന വിശകലന സ്ഥാപനമായ IDSA യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ദക്ഷിണേഷ്യന്‍ മേഖല, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ അയല്‍പക്കം ആദ്യമെന്ന നയം, തങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനെപ്പറ്റി അവര്‍ ചര്‍ച്ചകളും നടത്തി. ഏതാണ്ട് 25 ഓളം പ്രബന്ധങ്ങള്‍, രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. വിദേശീയരെ കൂടാതെ ഒമ്പത് ഭാരതീയരും വിഷയത്തെപ്പറ്റിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയുണ്ടായി. തങ്ങളുടെ കേവല ദേശീയ സ്വത്വത്തിന് അപ്പുറം, ദക്ഷിണേഷ്യക്കാര്‍ എന്ന വിശാലമായ ചിന്തയിലേക്ക് ഉയര്‍ന്നു വരാന്‍ മേഖലയിലെ പൗരന്മാര്‍ ശ്രദ്ധിക്കേണ്ട സമയം ആസന്നമായതായി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാകട്ടെ, രാജ്യത്തിന്റെ അയല്‍പക്ക നയങ്ങളുടെ വിവിധ വശങ്ങളെപ്പറ്റിയാണ് സംസാരിച്ചത്. 2014 ല്‍, അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രഥമ പരിഗണന നല്‍കിയത് ഇന്ത്യയുടെ തൊട്ടടുത്തുള്ള അയല്‍ രാഷ്ട്രങ്ങള്‍ക്കാണ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി സാര്‍ക്ക് അംഗരാഷ്ട്രങ്ങളിലെ നേതാക്കളെ അദ്ദേഹം പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ശ്രീ. മോദി നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം നമ്മുടെ ഏറ്റവും അടുത്ത അയല്‍രാജ്യമായ ഭൂട്ടാനിലേയ്ക്കായിരുന്നു. ഇന്ത്യ ഏറ്റവും പ്രാധാന്യം നല്‍കുന്നത് നമ്മുടെ അയല്‍ക്കാര്‍ക്കാണ് എന്ന സന്ദേശം ലോകത്തിനു മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളിലൂടെ സാധിച്ചു. ഭരണകൂടം സ്വീകരിച്ച ഇത്തരമൊരു നയം, മുന്‍കാല ഗവണ്‍മെന്റുകളില്‍ നിന്നും ഏറെ വ്യത്യസ്തവുമാണ്. ഒന്നാം മോദി ഗവണ്‍മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കിയത് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന ആശയത്തിനായിരുന്നെങ്കില്‍ ഇക്കുറി എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ആശയത്തിനാണ് പ്രഥമ പരിഗണന. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ ഒരിക്കലും പരസ്പര പ്രയോജനം ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. മറിച്ച്, വളര്‍ച്ചയുടെ പങ്കുവയ്ക്കല്‍, പരസ്പര വിശ്വാസത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഏകപക്ഷീയമായ ഇളവുകള്‍ ഉറപ്പാക്കുക എന്നിവ അടിസ്ഥാനമാക്കിയ സഹകരണത്തിനാണ് ഇന്ത്യയെന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, നല്ല അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഗതാഗത സംവിധാനങ്ങള്‍, ജല വിഭവങ്ങളുടെ ഉപയോഗം, ഗ്രിഡ് ശൃംഖലകളിലൂടെയുള്ള ഊര്‍ജവിതരണം എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും നാം പ്രത്യേക ഊന്നല്‍ നല്‍കുകയുണ്ടായി. മേഖലയിലെ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത, വ്യാപാര തടസ്സങ്ങള്‍, സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ എന്നിവ മൂലം ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ വ്യാപാരം പൊതുവേ കുറവാണ്. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാനായി മേഖലയില്‍ നിരവധി ഗതാഗത പദ്ധതികള്‍ക്ക് നാം തുടക്കമിട്ടു കഴിഞ്ഞു. അതിന്റെ ആദ്യ ഫലമെന്നോണം, ഊര്‍ജവ്യാപാരം എന്ന സ്വപ്നം അടുത്തിടെ യാഥാര്‍ത്ഥ്യമായിരുന്നു. ഇന്ത്യ ബംഗ്ലാദേശിന് 1,200 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ നല്‍കുന്നത്. അത് ഇനിയും വര്‍ദ്ധിക്കും. ഭൂട്ടാനില്‍ ജലവൈദ്യുത പദ്ധതികള്‍ക്കായി ഒരു ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ബംഗ്ലാദേശ് ഉദ്ദേശിക്കുന്നുണ്ട്. നേപ്പാളില്‍ നിക്ഷേപം നടത്താനുള്ള താല്പര്യം ന്യൂഡല്‍ഹിയും അറിയിച്ചിട്ടുണ്ട്. ഗ്രിഡ് കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ രാജ്യാന്തര ഊര്‍ജ വ്യാപാരം കൂടുതല്‍ ശക്തമാകും. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപം നടത്തുന്നതിനു പുറമേ പ്രകൃതി ദുരന്തം, യുദ്ധങ്ങള്‍ എന്നിവമൂലം തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും അയല്‍രാജ്യങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഭരണനിര്‍വ്വഹണം ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നു. സൈനിക മേഖലയില്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ വിവിധ മേഖലയിലുള്ള സഹകരണത്തിന് തയ്യാറാകുന്നുണ്ട്. നേപ്പാളും ഭൂട്ടാനും ബംഗ്ലാദേശിലെ തുറമുഖങ്ങളെ തങ്ങളുടെ വ്യാപാരാവശ്യത്തിനായി പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നു. ഊര്‍ജ മേഖലയില്‍ വൈവിധ്യവല്‍ക്കരണത്തിനും അവര്‍ ശ്രമിക്കുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം തങ്ങള്‍ക്ക് ഗുണകരമാണെന്ന് കാഠ്മണ്ഡുവും തിംഫുവും തിരിച്ചറിഞ്ഞിട്ടുണ്ട്. മാലദ്വീപുകളും ഭൂട്ടാനും അവരുടെ ഇന്ത്യാ ആദ്യമെന്ന നയത്തിന് ഊന്നല്‍ നല്‍കുന്നു. യാഥാസ്ഥിതികത്വത്തില്‍ നിന്ന് വിശാലമായ രാജ്യാന്തര പരസ്പരബന്ധത്തിന് ബംഗ്ലാദേശ് പ്രാധാന്യം നല്‍കുന്നു. ഈ മേഖലയില്‍ അനുരഞ്ജനത്തിന്റെ പാത തുറക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ഭീകരവാദമാണ് ഇവിടുത്തെ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യാന്തര ബന്ധം മുഖ്യമാകുമ്പോഴും മറ്റു പല പ്രാദേശിക വിഷയങ്ങള്‍ക്കുള്ള പ്രാധാന്യവും തള്ളികളയാനാകില്ല. SAARC, BIMSTEC എന്നിവയും ബംഗ്ലാദേശ്-ഭൂട്ടാന്‍-ഇന്ത്യ-നേപ്പാള്‍ സാമ്പത്തിക ഇടനാഴി, ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്‍മാര്‍ സാമ്പത്തിക ഇടനാഴി മുതലായവയ്ക്കും തെക്കനേഷ്യന്‍ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ ചെയ്യാനാകും. ഭിന്നതകളെ മാറ്റിവച്ച് സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള പരിശ്രമമാണ് കാലം ആവശ്യപ്പെടുന്നത്. നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.........
തയ്യാറാക്കിയത് : ഡോ. സ്മൃതി എസ് പട്‌നായിക്ക്,
ദക്ഷിണേഷ്യന്‍ കാര്യങ്ങളിലെ നിരീക്ഷക
വിവരണം : കരോള്‍ അബ്രഹാം
Comments
Post a Comment