4-ാം പശ്ചിമേഷ്യന്‍ സമ്മേളനം

4-ാം പശ്ചിമേഷ്യന്‍ സമ്മേളനം ന്യൂഡല്‍ഹിയിലെ മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസില്‍ സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലെ പത്തു വര്‍ഷത്തെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങള്‍, വെല്ലുവിളികളും പാഠങ്ങളും ഭാവിയും എന്നതായിരുന്നു സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം. മുന്‍ ലെബനന്‍ പ്രധാനമന്ത്രി ഫൗദ് സിനിയോറ, മുന്‍ ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി നബില്‍ ഫാഹ്മി തുടങ്ങി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രാദേശിക സുരക്ഷ, വിദേശശക്തികളുടെ പങ്ക്, സാമ്പത്തികം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ മാറിയ സാഹചര്യം, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം തുടങ്ങിയ ആറ് സെഷനുകളിലായാണ് ദ്വിദിന യോഗം പുരോഗമിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാര്‍ സിംഗ് കഴിഞ്ഞ ദശകത്തില്‍ മേഖല നേരിട്ട പ്രധാന പ്രശ്‌നങ്ങള്‍ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് മേഖലയുമായുള്ള അടുപ്പവും അദ്ദേഹം പങ്കുവെച്ചു. പശ്ചിമേഷ്യന്‍ നേരിടുന്ന അസ്ഥിരതയ്ക്കും സാമ്പത്തിക വളര്‍ച്ചയും മനോഹര്‍ പരീക്കര്‍ ഐ ഡി എസ് എ ഡയറക്ടര്‍ ജനറല്‍ സുജന്‍ ആര്‍ ഷേണായ് പ്രതിപാദിച്ചു. ഈ മേഖലയിലെ നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ നയതന്ത്രബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, വാണിജ്യം, നിക്ഷേപ പങ്കാളിത്തം തുടങ്ങിയ മേഖലകള്‍ അദ്ദേഹം പരാമര്‍ശിച്ചു.
കഴിഞ്ഞ ദശകത്തില്‍ മേഖല നേരിട്ട വിവിധ പ്രശ്‌നങ്ങള്‍ വിവിധ പ്രതിനിധികള്‍ വിവരിച്ചു. പശ്ചിമേഷ്യയിലെ രാജ്യങ്ങളും, നേതാക്കളും ജനങ്ങളും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മുന്നോട്ട് വരണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 2010 ഡിസംബറില്‍ ടുണീഷ്യയില്‍ ആരംഭിച്ച അസ്വസ്ഥത അറബ് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായി അവര്‍ പറഞ്ഞു. ഇത് മേഖലയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ വഷളാക്കി.
സമഗ്രവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണസംവിധാനത്തിനായി സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറുക എന്ന മുദ്രാവാക്യം മുഴക്കിയത്തോടെയാണ് അറബ് രാജ്യങ്ങളില്‍ അശാന്തി തുടങ്ങിയത്. എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷവും ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇതേ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. സിറിയ, യെമന്‍, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോഴും ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണ്.
അള്‍ജീരിയ, സുഡാന്‍, ലെബനന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അസ്വസ്തയുടെ പുതിയ അധ്യായത്തിന് വഴിവച്ചു. ഇത് ഇവിടങ്ങളിലെ അടിസ്ഥാന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ ശിഥിലമാക്കി. ജനസംഖ്യയില്‍ നല്ലൊരു ശതമാനവും യുവാക്കളായിരിക്കും ഏറ്റവും ഉയര്‍ന്ന തലത്തില്‍ തൊഴിലില്ലായ്ക്കും പ്രതിശീര്‍ഷ വളര്‍ച്ചയുടെയും മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെയും മാന്ദ്യത്തിനും കാരണമായി.
ഗള്‍ഫ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അസ്വസ്തയ്ക്കും അക്രമത്തിനും പിരിമുറുക്കങ്ങള്‍ക്കുമിടിയില്‍ ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജ സരുക്ഷാ പ്രശ്‌നം കൂടുതലായി അനുഭവപ്പെട്ടു.
ഇന്ത്യയുടെ കാഴ്ച്ചപ്പാടില്‍ ഈ മേഖലയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമാണുള്ളത്. ഈ മേഖലയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 200 ബില്യന്‍ യു എസ് ഡോളറിന്റെതാണ്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്. ഒന്‍പത് ദശലക്ഷം ഇന്ത്യാക്കാര്‍ ഇന്ന് ഗള്‍ഫ് മേഖലയില്‍ തൊഴിലെടുക്കുന്നു. പ്രാദേശിക സുരക്ഷാ വിഷയങ്ങളിലുള്ള വെല്ലുവിളികള്‍ പശ്ചിമേഷ്യയിലെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തും. അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ നേരിട്ട് ബാധിക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് ഇതിനെ നേരിടാന്‍ 2014 മുതല്‍ ഈ മേഖലയുമായി സജീവമായ നയതന്ത്ര ബന്ധം ഇന്ത്യ പിന്‍ തുടരുന്നത്.
ഈ മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തിലെ ഊന്നലുകളില്‍ ഒന്ന് പടിഞ്ഞാറേക്ക് നോക്കുക എന്നതില്‍ നിന്ന് പടിഞ്ഞാറുമായുള്ള ബന്ധവും പ്രവൃത്തിയും എന്ന നിലയിലേക്ക് വിദേശനയം മാറി. ഇന്ത്യ ഈ മേഖലയില്‍ നടത്തിയ നിരന്തര ഇടപെടുകളിലൂടെ ഇത് കൂടുതല്‍ വ്യക്തമാണ്. അത് രാഷ്ട്രീയ സാമ്പത്തിക സുരക്ഷാ പ്രതിരോധ ബന്ധത്തില്‍ വലിയ പുരോഗതി കൈവരിക്കാനായി. വിവിധ മേഖലകളില്‍ ഇന്ത്യ നടത്തിയ ഇടപെടല്‍ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കി.
യുവജനങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് മേഖലയിലെ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തെ പാഠങ്ങള്‍ സഹായകമാകുമെന്ന് പ്രതിനിധികള്‍ യോഗത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പശ്ചിമേഷ്യന്‍ ജനങ്ങളുടെ പുരോഗതിക്കു വേണ്ടി നിലവിലെ ബന്ധം ഇന്ത്യ ശക്തമായി തുടരും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.........

തയ്യാറാക്കിയത് : ഡോ.മൊഹമ്മദ് മുദ്ദാസീര്‍ ഖ്വാമര്‍
പശ്ചിമേഷ്യന്‍ നയതന്ത്ര ലേഖകന്‍

വിവരണം :തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം