ഇന്ത്യയുടെ കിഴക്കേഷ്യന്‍ നയത്തെ ഊട്ടിയുറപ്പിച്ച് വിയറ്റ്‌നാം
വിയറ്റ്‌നാം വൈസ് പ്രസിഡന്റ് ഡാംഗ് തായ് നോക് തിമ്മിന്റെ ഇന്ത്യാ സന്ദര്‍ശനം ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ സഹായകരമായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവുമായി വിയറ്റ്‌നാം വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ കിഴക്കന്‍ രാഷ്ട്രനയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. കിഴക്ക് ഏഷ്യയിലെ കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, എന്നീ രാജ്യങ്ങളുമായും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ നിരന്തരമായി ശ്രമിച്ചു വരികയാണ്.
ഇന്ത്യ-വിയറ്റ്‌നാം ഉപരാഷ്ട്രപതിമാരുടെ ഇപ്പോഴത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സാമ്പത്തികവും നയതന്ത്രപരവുമായുള്ള സമഗ്ര പങ്കാളിതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയെയും വിയറ്റ്‌നാമിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വ്വീസിന്റെ പ്രഖ്യാപനവും ഈ സന്ദര്‍ഭത്തിലുണ്ടായി. കൂടാതെ വിയറ്റ്‌നാം റേഡിയോയുടെ ഓഫീസും ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. ബിഹാറിലെ ബോധ്ഗയയും വിയറ്റ്‌നാം വൈസ് പ്രസിഡന്റ് സന്ദര്‍ശിച്ചു.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിയറ്റ്‌നാം സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി വരികയാണ്. ഇന്ത്യയുടെ കിഴക്കേഷ്യന്‍ നയത്തോട് വിയറ്റ്നാം മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. അതേസമയം, തങ്ങളുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കിനെയും അവര്‍ സ്വാഗതം ചെയ്യുന്നു. ഉന്നതതല ഉദ്യോഗസ്ഥയോഗങ്ങള്‍, പ്രതിരോധ പരിശീലനങ്ങള്‍, സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ ഇവയെല്ലാം ഇന്ത്യാ-വിയറ്റ്‌നാം ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ ഉന്നതതല യോഗം, ആസിയാന്‍ രാജ്യ രക്ഷാമന്ത്രിമാരുടെ കൂടിക്കാഴ്ച, ഈസ്റ്റ് ഏഷ്യ സമ്മിറ്റ്, മേക്കോംഗ് ഗംഗ കോര്‍പ്പറേഷന്‍ എന്നിവയും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്.
2016 ല്‍ വിയറ്റ്‌നാമിന്റെ പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ഇന്ത്യ 500 ദശലക്ഷം ഡോളറുകള്‍ സഹായ വാഗ്ദാനം നല്‍കിയിരുന്നു. വിയറ്റ്‌നാമിന്റെ തീരദേശ അതിര്‍ത്തി സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്ന അതിവേഗ പട്രോളിംഗ് ബോട്ടുകള്‍ വാങ്ങുന്നതിനും കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്. നാ-താങ്ങിലെ ടെലികമ്മ്യൂണിക്കേഷന്‍സ് സര്‍വ്വകലാശാലയില്‍ കരസേനക്കായി സോഫറ്റ്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഇന്ത്യ വിയറ്റ്‌നാമിന് അഞ്ച് ദശലക്ഷം ഡോളറുകളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും ധാരണയായി. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും വിയറ്റ്‌നാമിന്റെ പൊതു സുരക്ഷാ മന്ത്രാലയവും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിരോധ, സുരക്ഷാ സഹകരണത്തിന് പുറമേ സാമ്പത്തിക സഹകരണവും ഉഭയകക്ഷി ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ്. വിയറ്റ്നാമിന്റെ പത്ത് വ്യാപാര പങ്കാളികളില്‍ ഒരാളാണ് ഇന്ന് ഇന്ത്യ. ആസിയാന്‍ രാജ്യങ്ങളില്‍ സിംഗപ്പൂരിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് വിയറ്റ്നാം. ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവയ്ക്ക് ശേഷം നാലാമത്തെ വലിയ വ്യാപാര പങ്കാളിയും. വസ്ത്രനിര്‍മാണം, ഔഷധം, കാര്‍ഷികോല്‍പ്പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, എഞ്ചിനീയറിംഗ് എന്നിവയുമാണ് വിയറ്റുനാമുമായി ഇന്ത്യ പ്രധാനമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
തെക്കു-കിഴക്കന്‍ ഏഷ്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ
വിയറ്റ്നാം ഇന്ത്യയ്ക്ക് നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഊര്‍ജം, ധാതു പര്യവേക്ഷണം, കാര്‍ഷിക സംസ്‌കരണം, പഞ്ചസാര ഉത്പാദനം, കാര്‍ഷിക രാസവസ്തുക്കള്‍, ഐ.ടി, വാഹന ഘടകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ അവിടെ നിക്ഷേപം നടത്തുന്നുണ്ട്. ദക്ഷിണ ചൈനാക്കടലിലെ എണ്ണ പര്യവേഷണം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും അവര്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്.
വിയറ്റ്നാമിലെ ഹൈഡ്രോകാര്‍ബണ്‍ ഇന്ധന പര്യവേഷണത്തില്‍ ഇന്ത്യയുടെ പ്രമുഖ കമ്പനിയായ ഒ.എന്‍.ജി.സി.-വിദേഷിന് ഓഹരികളുണ്ട്. ഒ.എന്‍.ജി.സി.യെ കൂടാതെ ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിംപെക്സ്, ജെ.കെ. ടയേഴ്സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ കമ്പനികളും
വിയറ്റ്നാമില്‍ വ്യാപാരമേഖലയില്‍ സജീവമാണ്.
ഇന്ത്യയും വിയറ്റ്നാമുമായുള്ള വ്യാപാരപങ്കാളിത്തത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1954 ല്‍ ഡിയാന്‍ ബീന്‍ ഫൂവില്‍ ഫ്രഞ്ചുകാര്‍ക്കെതിരായ വിജയത്തിനുശേഷം വിയറ്റ്നാമിലേക്കുള്ള ആദ്യ സന്ദര്‍ശകരിലൊരാളായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് തുടങ്ങിയതാണ് ആ ബന്ധം. തുടര്‍ന്ന്, അങ്കിള്‍ ഹോ എന്ന പേരില്‍ അറിയപ്പെടുന്ന് വിയറ്റ്‌നാം പ്രസിഡന്റ് ഹോ ചി മിന്‍ 1958 ല്‍ ഇന്ത്യ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ 1959 ലെ വിയറ്റ്നാം സന്ദര്‍ശനത്തോടെ ബന്ധം കൂടുതല്‍ ദൃഢമായി. അതിനുശേഷം ഇരുരാജ്യങ്ങളിലെയും ഉയര്‍ന്ന നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ തുടരുന്നതിന്റെ ഒടുവിലത്തെ സന്ദര്‍ശനമാണ് വിയറ്റ്‌നാം വൈസ് പ്രസിഡന്റ് ഡാംഗ് തായ് നോക് തിമ്മിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയുടെ കിഴക്കേഷ്യന്‍ നയത്തിന്റെ പ്രധാന പങ്കാളിയാണ്
വിയറ്റ്നാം എന്നതിനാല്‍ ഈ സന്ദര്‍ശനം ഇനിയും പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.........
തയ്യാറാക്കിയത് : ഡോ.തിത്‌ലി ബസു,
നയതന്ത്ര വിദഗ്ധ
വിവരണം : പ്രിയ രാജന്‍
Comments
Post a Comment