ഗാലറിയ്ക്കു വേണ്ടിയുള്ള പാകിസ്ഥാന്റെ കളികള്‍ വീണ്ടും
2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാത്ത്-ഉദ്-ദവ, ലഷ്‌കര്‍-ഇ-തയ്ബ എന്നീ സംഘടനകളുടെ തലവനുമായ ഹാഫീസ് സെയ്ദിന് പാക് കോടതി 11 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കിയതിന്റെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട്, പാകിസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗം സെയ്ദിനെതിരെ 23 എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹാഫീസ് സെയ്ദിനും സഹായി സഫര്‍ ഇഖ്ബാലിനും ആണ് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ അബ്ദുള്‍ റൗഫ് വാട്ടോ അറിയിച്ചു. രണ്ടു കേസുകളിലെയും ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും അതുകൊണ്ട് ഹാഫീസ് സെയ്ദിന് ആകെ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സെയ്ദിന്റെ അഭിഭാഷകന്‍ ഇമ്രാന്‍ ഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ പാകിസ്ഥാനു മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ഹാഫീസ് സെയ്ദിനെ ജയിലിലടക്കാന്‍ കാരണമായതെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് പാകിസ്ഥാന്‍ തീരുമാനമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര സംഘടനകള്‍ക്കും എതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുമോ, അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ നടപടിയെടുക്കുമോ, മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമോ എന്നീ കാര്യങ്ങള്‍ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു എന്നു വരുത്താന്‍ ഹാഫീസ് സെയ്ദിനെതിരായ നടപടി പാകിസ്ഥാന് ആവശ്യമായിരുന്നു. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ യോഗം അടുത്ത ആഴ്ച നടക്കാനിരിക്കെ പ്രത്യേകിച്ചും. യോഗത്തില്‍ പാകിസ്ഥാനെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന രാജ്യങ്ങളുള്‍പ്പെടുന്ന കരിമ്പട്ടികയില്‍ പെടുത്താനുള്ള ചര്‍ച്ച നടക്കാനിരിക്കുകയാണ്.
നിലവില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പാകിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുന്നതോടെ ബാങ്ക് ഇടപാടുകളിലും നിയന്ത്രണം നേരിടേണ്ടി വരും. ഇപ്പോള്‍ത്തന്നെ തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കൂടുതല്‍ ആഘാതമേല്‍പ്പിക്കും.
ഹാഫീസ് സെയ്ദിനെ ശിക്ഷിച്ചത് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ മതിയാകുമോ എന്നത് എഫ്.എ.ടി.എഫ്. യോഗം ചര്‍ച്ച ചെയ്യും. പാകിസ്ഥാന്‍ ഇതുവരെ കരിമ്പട്ടികയില്‍പ്പെടാതിരുന്നതിന് കാരണമായത് ചൈന, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ എതിര്‍പ്പാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഈ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഹാഫീസ് സെയ്ദിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലുള്ള പാകിസ്ഥാന്റെ പരാജയത്തെ ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു. എങ്കിലും, അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി സമാധാനക്കരാറിന് അമേരിക്ക ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ട്രംപിന് പാകിസ്ഥാന്റെ പിന്തുണ അനിവാര്യമാണ്. പാകിസ്ഥാന്‍ സൈന്യവും താലിബാനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
നേരത്തെ, ബെയ്ജിംഗില്‍ നടന്ന എഫ്.എ.ടി.എഫ്. യോഗത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പാകിസ്ഥാന്‍ വിശദീകരിച്ചിരുന്നു. ചൈനയും, മലേഷ്യയും, തുര്‍ക്കിയും പാകിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്തു. അന്ന് അമേരിക്കയും പാകിസ്ഥാന്റെ വിശദീകരണങ്ങളെ ചോദ്യം ചെയ്തിരുന്നില്ല. അതിനു ശേഷം പാരീസില്‍ നടന്ന യോഗത്തിലാണ് നിശ്ചയിക്കപ്പെട്ട
27 മാനദണ്ഡങ്ങളില്‍ 22 ഉം പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെട്ടത്. രൂക്ഷ വിമര്‍ശനം നേരിട്ട പാകിസ്ഥാനോട് കരിമ്പട്ടികയില്‍ പെടുത്തേണ്ടി വരുമെന്ന് യോഗം അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
ദീര്‍ഘകാലമായി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും വസ്തുതകളെ മറച്ചു പിടിക്കുകയാണ് പാകിസ്ഥാന്‍. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടു പോലും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പാകിസ്ഥാന്‍ തുടര്‍ന്നു പോന്നു. കൃത്യം ഒരു വര്‍ഷം മുമ്പാണ് പാകിസ്ഥാന്‍ സഹായത്തോടെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. ഇത് ഇന്ത്യാ-പാക് ബന്ധം വഷളാക്കുകയും ചെയ്തു.
ഭീകരത നയമായി സ്വീകരിച്ചിരിക്കുന്ന പാകിസ്ഥാനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ എഫ്.എ.ടി.എഫ്. യോഗത്തിലെടുക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമായിരിക്കും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം
തയ്യാറാക്കിയത് : കൗശിക് റോയ്,
വാര്‍ത്താ വിശകലന വിദഗ്ധന്‍
വിവരണം : രഞ്ജിത്ത് പി.
Comments
Post a Comment