പാര്‍ലമെന്റില്‍ പോയ വാരം

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ 2020-21 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ഇപ്രകാരം പറഞ്ഞത്. വളര്‍ച്ചാ നിക്ഷേപത്തിന് ധനസഹായം നല്‍കാന്‍ ബാങ്കുകള്‍ ഇപ്പോള്‍ ഒരുക്കമാണ്. 2024-25 ഓടെ അടിസ്ഥാന സൗകര്യ വികസനത്തി നായി സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ചരക്കു സേവന നികുതി വരുമാനം സമാഹരിക്കുന്നതില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നാമമാത്ര മൊത്ത ആഭ്യന്തര ഉല്പാദനം 2014-15 ല്‍ രണ്ട് ലക്ഷം കോടി ഡോളറില്‍ നിന്ന് 2019-20 ഓടെ 2.9 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. യുവാക്കളുടെ ഉന്നമനത്തി നായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യില്‍ വിശ്വാസമുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നതെന്നും ശ്രീമതി നിര്‍മല പറഞ്ഞു.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കൊറോണ വൈറസ് ബാധയെ സംബന്ധിച്ച തല്‍സ്ഥിതി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതി രൂപവത്ക്കരിച്ചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ ദിനംപ്രതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുന്നുണ്ടെന്നും ഇതുവരെ 1,118 വിമാനങ്ങള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. വുഹാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തന ത്തില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ, മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് ഡോ. ഹര്‍ഷ് വര്‍ധന്‍ നന്ദി അറിയിച്ചു. കൊറോണ വൈറസ് ബാധ സംബന്ധിച്ച ക്ലിനിക്കല്‍ സാമ്പിളുകളുടെ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. 10.74 കോടി ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആശുപത്രി പരിരക്ഷയായി ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ലഭിക്കുമെന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു,

2019 നവംബര്‍ 9 നും 2020 ജനുവരി 31-നുമിടയില്‍ 44,951 തീര്‍ഥാടകര്‍ കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ സഞ്ചരിച്ചതായി ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്സഭയില്‍ പറഞ്ഞു. കൂടാതെ 2020 ജനുവരി 31 വരെ 35 ലക്ഷത്തി 40267 ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് നിത്യാനന്ദ റായ് ലോക്സഭയെ അറിയിച്ചു. 1955 ലെ പൗരത്വ നിയമ പ്രകാരം ഒ.സി.ഐ കാര്‍ഡുകള്‍ റദ്ദാക്കാമെന്നും മന്ത്രി പറഞ്ഞു. 2014 ഡിസംബര്‍ 31-നു മുമ്പ് അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ സൗകര്യം ഒരുക്കുകയാണ് 2019-ലെ പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇവര്‍ 1946-ലെ വിദേശികള്‍ക്കുള്ള നിയമം, 1920 ലെ പാസ്‌പോര്‍ട്ട് നിയമം എന്നിവയില്‍ നിന്ന് മുക്തരുമായിരിക്കണം.

രാജ്യത്ത് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനായി അമ്പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച തായി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് വളം, രാസവളം മന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി ആഘാതവും, മണ്ണ്, ജലാശയങ്ങള്‍, സമുദ്ര പരിസ്ഥിതി എന്നിവയെ പ്രതികൂലമായി ഇവ ബാധിക്കുമെന്നതും പരിഗണിച്ച് 2022-ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ പുറംതള്ളണ മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ ടൂറിസം നയത്തിന്റെ കരട് രൂപീകരിച്ചതായും അത് വിലയിരുത്തി വരുന്നതായും ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ടൂറിസത്തില്‍ സാമൂഹിക പങ്കാളിത്തം എന്നിവ പുതിയ നയത്തിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. ഇടവേളയിലാണ് ഇപ്പോള്‍ ഇരുസഭകളും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി മാര്‍ച്ച് ആദ്യ വാരം പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കും.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : വി. മോഹന്‍ റാവു
പത്രപ്രവര്‍ത്തകന്‍
വിവരണം : പി.എസ്. തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം