ഇന്ത്യ-പോര്‍ച്ചുഗല്‍ സഹകരണത്തിലെ പുതിയ അധ്യായം
പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റെബെലോ കഴിഞ്ഞ വാരത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍ പരസ്പരം പ്രയോജനകരമായ 14 ഓളം ധാരണാപത്രങ്ങളില്‍ ഇരു രാജ്യവും ഒപ്പുവച്ചു എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ സവിശേഷത. സമുദ്ര-ഗതാഗതം, തുറമുഖ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍, എയ്‌റോസ്‌പേസ്, നയതന്ത്ര പരിശീലനം, ശാസ്ത്ര ഗവേഷണം, പൊതുനയം എന്നിവ ഒപ്പുവച്ച കരാറുകളില്‍പ്പെട്ട വിഷയങ്ങളില്‍ പെടുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യ-പോര്‍ച്ചുഗല്‍ ബന്ധം പുനര്‍ നിര്‍വചിക്കപ്പെടുകയും പരിവര്‍ത്തന വിധേയമാകുകയും ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിനാണ് പോര്‍ച്ചുഗല്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ തുടക്കമായത്. നയതന്ത്ര തലത്തില്‍ ദ്രുത ഗതിയിലുള്ള മാറ്റങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച കാരണമായിട്ടുണ്ട്.
ഇന്ത്യയ്ക്കും പോര്‍ച്ചുഗലിനും പൊതുവായ താത്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളുടെ ഒരു നീണ്ടനിര ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവചനാതീതമായ സാഹചര്യങ്ങളാണ് പൊതുവേ ലോക രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ ശക്തിയാകാനുള്ള മത്സരം, ഭൗമ-സാമ്പത്തിക, ഭൗമ-നയതന്ത്ര ബന്ധങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മത്സരങ്ങള്‍, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ്, പാരമ്പര്യേതര സുരക്ഷാ ഭീഷണികള്‍ തുങ്ങിയവയാണ് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍. 21-ാം നൂറ്റാണ്ടിലെ സുപ്രധാന വിഷയമായ ആഗോളവത്ക്കരണം സംശയകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. ദേശീയതയ്ക്ക് പ്രാധാന്യം കൈവരികയും ഒട്ടേറെ രാജ്യങ്ങള്‍ തദ്ദേശവത്കരണത്തിലേക്ക് മാറുകയും ചെയ്യുന്ന പ്രവണതയാനുള്ളത്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തിലേക്ക് കടക്കുമ്പോഴും സാങ്കേതിക വിദ്യ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. ട്രാന്‍സ്-അറ്റ്‌ലാന്റിക് ബന്ധത്തിലെ വിള്ളലുകള്‍ യൂറോപ്പിനോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സഹകരണത്തിന്റെ പ്രാധാന്യം ഏറുന്നത്.
ആഗോള വേദിയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിയും യൂറോപ്യന്‍ യൂണിയനിലെ പോര്‍ച്ചുഗലിന്റെ അംഗത്വവും ഇരു ശക്തികള്‍ക്കും സമന്വയത്തിന് പ്രേരണ നല്‍കുന്നു. കൊറോണ വൈറസ് പോലുളള പൊതുവായ ഭീഷണികള്‍ പരസ്പര സഹകരണത്തിനുള്ള സാധ്യതകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യയും പോര്‍ച്ചുഗലും സുരക്ഷാ ആശങ്കകള്‍ക്ക് പരസ്പരം ആഴത്തില്‍ വിലകല്‍പിക്കുന്നു. 2019- ലെ പുല്‍വാമ ഭീകരാക്രമണത്തെ പോര്‍ച്ചുഗീസ് പാര്‍ലമെന്റ് നിസ്സംശയം അവലപിച്ചിരുന്നു. 2005 ല്‍ ഭീകരവാദിയായ അബു സലീമിനെ ലിസ്ബണില്‍ നിന്ന് നാടുകടത്തി. രാജ്യാന്തര സംഘടനകളില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിന് ഉറച്ച പിന്തുണ നല്‍കുന്ന പോര്‍ച്ചുഗല്‍ ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ ശില്പിയെന്നു വിശേഷിപ്പിക്കാവുന്ന രാജ്യമാണ്. 500 വര്‍ഷം മുമ്പുതന്നെ വാസ്‌കോഡ ഗാമ ഇന്ത്യയിലേക്ക് യാത്ര ചെയ്ത സമുദ്രപാത ഇന്ത്യന്‍ മഹാസമുദ്രവും അറ്റ്‌ലാന്റിക് സമുദ്രവും ചേര്‍ന്ന സമുദ്ര മേഖലയുടെ ഭൗമശാസ്ത്രപരവും സുരക്ഷാപരവുമായ പ്രാധാന്യം വിളിച്ചോതുന്നു.
അതുപോലെ, പോര്‍ച്ചുഗലിന്റെ ശക്തമായ സംരഭകത്വ അന്തരീക്ഷവും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഇന്ത്യയ്ക്ക് മാതൃകയാക്കാവുന്നവയാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതങ്ങള്‍, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഇ-ഗവേണന്‍സ് എന്നീ മേഖലകളില്‍ പോര്‍ച്ചുഗല്‍, കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ ഡിജിറ്റല്‍ മേഖലയിലെ കരുത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുതു സാങ്കേതികവിദ്യയുടെ സഹായത്തൊടെ ആധുനികവത്ക്കരിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന് സഹായകമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നീ പരിവര്‍ത്തനോന്മുഖ പദ്ധതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ പോര്‍ച്ചുഗീസ് കമ്പനികള്‍ക്ക് സാധിക്കും. പോര്‍ച്ചുഗീസ് കമ്പനികളെ സംബന്ധിച്ചിടത്തോളം പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള പരീക്ഷണശാലയായി ഇന്ത്യയെ മാറ്റാന്‍ കഴിയും. കുടിയേറ്റം, ഗതാഗതം എന്നീ മേഖലകളിലെ പരസ്പര ധാരണ, ഇന്ത്യയുടെ വമ്പിച്ച മാനവ വിഭവ ശേഷിയെയും പോര്‍ച്ചുഗലിന്റെ മാനവ വിഭവശേഷിയുടെ ആവശ്യകതയെയും പരസ്പര പൂരകമാക്കി തീര്‍ക്കുവാന്‍ പോന്നതാണ്. ഉഭയകക്ഷി വ്യാപാരം
100 കോടി യൂറോ കടന്നതും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതും ശുഭസൂചനകളാണ്.
വ്യാപാര സൗഹൃദാന്തരീക്ഷവും കുറഞ്ഞ ചെലവുകളും ബ്രെക്‌സിറ്റിന് ശേഷം പോര്‍ച്ചുഗലിനെ യൂറോപ്പിലേക്കുള്ള വ്യാപാര വാതായനമാക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. ലുസോഫോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ നേതൃത്വം പോര്‍ച്ചുഗലിനായതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കമ്പനികളുടെ പ്രവേശനത്തിന് പോര്‍ച്ചുഗീസ് ബന്ധങ്ങള്‍ സഹായകരമാണ്. ഈ രാജ്യങ്ങളാല്‍ ഇന്തോ-പോര്‍ച്ചുഗീസ് സംയുക്ത സംരംഭങ്ങള്‍ക്കും സാധ്യതയേറെയാണ്.
പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ സാന്നിധ്യം ആരോഗ്യ മേഖലയിലും ആദ്ധ്യാത്മികവിനിമയത്തിലും സാധ്യതകള്‍ തുറന്നിടുന്നു. യോഗ, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യത വളരെയേറെയുണ്ട്. ഫുട്‌ബോള്‍, വിനോദസഞ്ചാരം, പുനരുപയോഗ ഊര്‍ജ്ജം, പ്രതിരോധം, കൃഷി, സമുദ്രവിജ്ഞാനീയം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലും സഹകരണ സാധ്യതയുണ്ട്.
എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ പോര്‍ച്ചുഗീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ-പോര്‍ച്ചുഗീസ് ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നു തന്നെ കരുതാം.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം
തയ്യാറാക്കിയത് : രജോര്‍ഷി റോയ്,
IDSA, ഗവേഷണ-അവലോകന വിദഗ്ധന്‍.
വിവരണം : പി.എസ്. തുളസിദാസ്
Comments
Post a Comment