ഇന്ത്യ - ജര്‍മ്മന്‍ സഹകരണം ബഹുമുഖ തലങ്ങളിലേയ്ക്ക്

കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മ്യൂനിച്ച് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ഒമാന്‍, സ്‌പെയിന്‍, കുവൈറ്റ്, അര്‍മേനിയ, സൗദി അറേബ്യ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായും സിംഗപ്പൂര്‍, ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമായും അദ്ദേഹം സൗഹൃദ സംഭാഷണം നടത്തുകയുണ്ടായി.
പിന്നീട് ബെര്‍ലിന്‍ സന്ദര്‍ശിച്ച ഡോ. ജയ്ശങ്കര്‍ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസ്സുമായും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ആന്‍ഗ്രീറ്റ് ക്രാംപ് - കാരെന്‍ബെറുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനെ പറ്റിയും പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ച യ്ക്കിടെ ചര്‍ച്ച നടന്നു. ജര്‍മ്മനിയുമായി കാലങ്ങളായി തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫ്രാന്‍സും ജര്‍മ്മനിയും തുടങ്ങിവച്ച ബഹുമുഖ സഹകരണത്തില്‍ ഇന്ത്യയും ഭാഗമാകുന്നത്. എന്നാല്‍ തീവ്ര ദേശീയവാദവും വാണിജ്യവല്‍ക്കരണവും ബഹുമുഖ സഹകരണത്തിന് തിരിച്ചടിയാകുന്നുണ്ടെന്ന് ചര്‍ച്ചക്കിടെ ഡോ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കേന്ദ്രീകൃത നിയന്ത്രണവും അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡബ്ല്യൂ.ടി.ഒ യുടെ പ്രാധാന്യവും ഇന്ത്യ എക്കാലവും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ വിപുലീകരി
ക്കുന്നതിനെ കുറിച്ച് ഇരു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച ചെയ്തു. യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ജി-4 രാജ്യങ്ങളില്‍ ഇന്ത്യയും ജര്‍മ്മനിയും അംഗങ്ങളാണ്. യു.എന്‍. രക്ഷാ സമിതി പരിഷ്‌ക്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യയും ജര്‍മ്മനിയും നിരന്തരമായി ശ്രമിച്ചുവരികയാണെന്ന് ശ്രീ. ജയ്ശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യയുടെ ബഹുരാഷ്ട്ര സംരംഭങ്ങളായ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലും ദുരന്ത നിവാരണ കൂട്ടായ്മയിലും ജര്‍മ്മനി നല്‍കിയ സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യയും ജര്‍മ്മനിയുമായുള്ള ഊഷ്മള ബന്ധം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ജര്‍മ്മന്‍ ചാന്‍സലര്‍ അങ്കെലാ മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ശക്തമായ വ്യാപാര ബന്ധവും തന്ത്രപ്രധാന മേഖലകളിലെ സഹകരണവും ഇരു രാഷ്ട്രങ്ങളും തുടരുകയാണ്. വിവിധ അന്താരാഷ്ട്ര സമിതികളിലും ഇന്ത്യയും - ജര്‍മ്മനിയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇന്ത്യ - ജര്‍മ്മനി നയന്ത്രബന്ധം ആരംഭിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാവുന്നു. വിദേശകാര്യ സെക്രട്ടറിതല ബന്ധം ഒരു സ്ഥിരം സംവിധാനമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. അതിനായി നയതന്ത്ര വിഷയങ്ങളില്‍ വര്‍ഷം തോറും തുറന്ന ചര്‍ച്ച നടത്തുകയും ദേശീയതലത്തിലും മേഖലാടിസ്ഥാന
ത്തിലുമുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാനും തീരുമാനിച്ചി
ട്ടുണ്ട്. വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ആശയവിനിമയത്തിനും മാധ്യമ വിദഗ്ധരെ പരസ്പരം സന്ദര്‍ശിക്കും.
പ്രതിരോധരംഗത്തെ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ജര്‍മ്മന്‍ രാജ്യരക്ഷാ മന്ത്രിയുമായി ഡോ. ജയ്ശങ്കര്‍ ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച് കരാറിലേര്‍പ്പെടാനും ധാരണയായി. നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന
തോടൊപ്പം രാജ്യരക്ഷയ്ക്കു പുറമേ നാവിക സൈബര്‍ മേഖലകളിലെ സുരക്ഷാ വിഷയങ്ങളിലും ബന്ധം കൂടുതല്‍ വ്യാപിപ്പിക്കും.
രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും പരസ്പരം കൂടിക്കാഴ്ച നടത്താനും ധാരണയായി. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രണ്ട് പ്രതിരോധ ഇടനാഴികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ജര്‍മ്മനി താല്‍പര്യം പ്രകടിപ്പിച്ചു.
ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം
ശ്രീ. ജയ്ശങ്കര്‍ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് ബര്‍ലിന്‍ ചലച്ചിത്രമേള വലിയ അവസരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ നിന്ന് സാമ്പത്തിക മേഖലയിലേയ്ക്കും നയതന്ത്ര മേഖലയില്‍ നിന്ന് സാംസ്‌കാരിക മേഖലയിലേയ്ക്കും വരും വര്‍ഷങ്ങളില്‍ പരസ്പര സഹകരണം വ്യാപിക്കാനാകുമെന്ന് ഇരുരാഷ്ട്ര നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

തയ്യാറാക്കിയത് : രഞ്ജിത് കുമാര്‍,
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : നരേന്ദ്രമോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം