കരിമ്പട്ടികയിലല്ല , ഗ്രേ പട്ടികയില്‍ : പാകിസ്താന് ഒരവസരം കൂടി നല്‍കി എഫ്.എ.റ്റി.എഫ്

പാരീസില്‍ ലോകത്തിലെ 205 രാജ്യങ്ങളില്‍ നിന്നുള്ള 800 ല്‍ അധികം പ്രതിനിധികളുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ പ്ലീനറി ആരംഭിച്ചപ്പോള്‍ തന്നെ ഗ്രേ പട്ടികയില്‍ നിന്ന് പുറത്തുവരാനുള്ള പാകിസ്താന്റെ സാധ്യതയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ സജീവമായിരുന്നു.
മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെ പാകിസ്ഥാനും മറ്റ് രാജ്യങ്ങളും എടുത്ത നിലപാടുകളുടെ പുരോഗതിയെക്കുറിച്ചും പ്ലീനറി ചര്‍ച്ച ചെയ്തു. ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയായി തുടരുന്നവയാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2018 ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ ഈ പട്ടികയിലുണ്ട്.
ഈ വര്‍ഷം ജൂണ്‍ വരെ പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ സമര്‍പ്പിച്ച കംപ്ലയിന്‍സ് റിപ്പോര്‍ട്ട് വിലയിരുത്താന്‍ അന്താരാഷ്ട്ര സഹകരണ അവലോകന ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിയുമായിരുന്നു. അതേസമയം ഭീകരവാദത്തിന് ധനസഹായം തടയുന്നതിന് പാകിസ്ഥാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന നിഗമനമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍-ഇ-തായ്ബ നേതാവ് ഹാഫിസ് സയീദിനെ ശിക്ഷിക്കാനുള്ള നീക്കം നടത്തിയതിലൂടെ ലോക സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചിട്ടും കാര്യങ്ങള്‍ കരയ്ക്കടുത്തില്ല. 2020 ഫെബ്രുവരി 13 ന് പുറത്തുവിട്ട രാജ്യങ്ങളുടെ കാലിക അവലോകന പ്രകാരം നിര്‍ദ്ദേശിച്ച 40 ശുപാര്‍ശകളില്‍ ഒരെണ്ണം മാത്രമേ പാകിസ്ഥാന്‍ പൂര്‍ണമായും പാലിച്ചിട്ടുള്ളുവെന്നാണ് സൂചന.

ഗ്രേ പട്ടികയില്‍ നിന്നും നീക്കണമെന്ന അപേക്ഷയെ സുഹൃത്തായ ചൈനപോലും പിന്തുണയ്ക്കാത്ത വിധമായിരുന്നു പാകിസ്താന്റെ ആജ്ഞാലംഘനം. നിലവില്‍ FATF അധ്യക്ഷത വഹിക്കുന്നത് ചൈനയാണ്. പാകിസ്താനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് തുര്‍ക്കി ഒഴികെ എല്ലാ രാജ്യങ്ങളും അനുകൂലിച്ചു. ജൂണില്‍ അടുത്ത പ്ലീനറി സമ്മേളനം വരെയാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും അവസാനിപ്പിക്കാന്‍ നടപടികളൊന്നും തന്നെ പാകിസ്താന്‍ കൈക്കൊണ്ടില്ലെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ FATF പുറത്തിറക്കിയ മ്യൂച്വല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സമയപരിധി കഴിഞ്ഞിട്ടും ഇത് ഗൗരവമായി പരിഗണിക്കാത്ത പാകിസ്താന്റെ മനോഭാവം ആശങ്കയും നിരാശയും ഉളവാക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫെബ്രുവരി 2020 ഓടെ ഭീകര വിരുദ്ധ കര്‍മ്മ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കിയിരിക്കണമെന്ന് FATF പാകിസ്താന് ശാസനയും നല്‍കി. അല്ലാത്തപക്ഷം പാകിസ്താനുമായുള്ള വ്യാപാര ഇടപാടുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും FATF മുന്നറിയിപ്പ് നല്‍കി.
പ്രതിബദ്ധതകളില്‍ വീഴ്ച വരുത്തിയതായി പാകിസ്താന് ബോധമുണ്ട്. ഗ്രേ പട്ടികയില്‍ നിന്നും പുറത്തുപോകാനല്ല മറിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാനാണ് പാകിസ്താന്‍ സുഹൃത്തായ ചൈനയെ ആശ്രയിക്കുന്നത്. എന്തായാലും തീരുമാനങ്ങള്‍ അഭിപ്രായ ഐക്യത്തോടെ തന്നെ ആയിരിക്കുമെന്നാണ് FATF നിയമങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എല്ലാ ഭീകര സംഘടനാ നേതാക്കളെയും കുറ്റവിചാരണ ചെയ്ത് ഭീകരതയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പ്രതിബദ്ധത വ്യക്തമാക്കാനും FATF ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍പെട്ടില്ല എന്ന് ആശ്വസിക്കുന്നുണ്ടെങ്കിലും സ്വയം ഗ്രേ പട്ടികയില്‍പ്പെട്ടതില്‍ പാകിസ്താന്‍ നേതാക്കള്‍ വ്യസനിക്കുന്നുണ്ട്. ഭീകരതയുമായുള്ള അടുപ്പം പാകിസ്ഥാന്റെ രാഷ്ട്രീയ, സാമൂഹിക , സാമ്പത്തിക, നിയമ വ്യവസ്ഥകളെ മൊത്തത്തില്‍ മലിനമാക്കി. തല്‍ഫലമായി ഭീകരവാദ ഭീഷണിക്കെതിരെ നടപടികളെടുക്കാന്‍ പോലും പാകിസ്താന് സാധ്യമല്ലാതായി. ഈ അവസരം ലോകത്തെ കബളിപ്പിക്കാനുള്ളതല്ല, പ്രായശ്ചിത്തം ചെയ്യാനുള്ളതാണെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കണം. അല്ലാത്തപക്ഷം കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഉറ്റ സുഹൃത്തുക്കള്‍ക്കു പോലും സാധിച്ചെന്നു വരില്ല.

തയ്യാറാക്കിയത് : ഡോ. അശോക് ബെഹുറിയ
സീനിയര്‍ ഫെലോ, ദക്ഷിണേഷ്യന്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍, ഐ.ഡി.എസ്.എ

വിവരണം : ദീപു.എസ്.എല്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം