പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം
ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഗുജറാത്തില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു നേതാക്കള്‍ക്കുമിടയില്‍ ശ്രദ്ധേയമായ വ്യക്തിബന്ധമാണ് നിലനില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് ഗാന്ധിജി വഹിച്ച നിസ്തുലമായ പങ്ക് കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ സബര്‍മതി ആശ്രമ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയില്‍ ഒരു ലക്ഷത്തിലധികം ആളുകളെ സാക്ഷിയാക്കി നടന്ന നമസ്‌തേ ട്രംപ് പരിപാടിയേക്കാള്‍ മികച്ച മറ്റൊരു സ്വാഗതവും ഇന്ത്യയ്ക്ക് നല്‍കാനുമാകില്ല.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷത തുറന്നുകാട്ടുന്ന നൃത്ത-സംഗീത വിരുന്ന് കലാകാരന്മാര്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ നാനാത്വത്തിലും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സൗന്ദര്യത്തിലും ട്രംപിന് ഏറെ മതിപ്പുണ്ടായി. മോട്ടേരാ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് സാക്ഷികളായവരുടെയും പ്രസംഗം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും കേട്ടവരുടെയും കാതുകളില്‍ ട്രംപിന്റെ പ്രസംഗം സംഗീതമായി പടരുകയായിരുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ വികസനം തുടങ്ങി വിവിധ മേഖലകളില്‍ ഏഴ് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ മുന്നേറ്റത്തിന്റെ ചരിത്രത്തെ അഭിനന്ദിക്കാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധ ചെലുത്തി. ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി ഇതിനകം ഇന്ത്യ മാറിയിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ ബ്രിട്ടനെ പിന്തള്ളി അഞ്ചാമത്തെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ വളര്‍ന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സമൂഹത്തിന് 40 ലക്ഷം ഇന്തോ-അമേരിക്കകാര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും നയതന്ത്ര പങ്കാളിത്തം ശ്രദ്ധേയമായ പുരോഗതിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, തീവ്രവാദം ഉന്മൂലനം ചെയ്യുന്നത് ലക്ഷ്യമിട്ടുള്ള ഇന്തോ-അമേരിക്കന്‍ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. ഭീകരസംഘടനയായ ഐ.എസ്.ഐ.എസിന്റെ പൂര്‍ണനാശത്തെയും പശ്ചിമേഷ്യയിലെ അവരുടെ നേതാക്കളുടെ അന്ത്യത്തെയും കുറിച്ച് പരാമര്‍ശിച്ച ട്രംപ്, ഇന്തോ-അമേരിക്കന്‍ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ അമേരിക്കയുടെ ഉറ്റ സുഹൃത്താണെന്നും, ആയതിനാല്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാനെപ്പറ്റി ട്രംപ് നടത്തിയ പരാമര്‍ശം സന്ദര്‍ഭത്തിന് യോജിക്കാത്തതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പക്ഷേ, അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ട്രംപിന്റെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് വ്യക്തമാകും.
തന്റെ പ്രസ്താവനകളുടെ സന്തുലനം ഉറപ്പാക്കാനെന്നവണ്ണം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കിനെപ്പറ്റിയും അമേരിക്കന്‍ പ്രസിഡന്റ് വാചാലനായി.
എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ പാകിസ്ഥാനെ നിലനിര്‍ത്താനുള്ള തീരുമാനം ഇന്ത്യ-യു.എസ്.-ചൈന എന്നീ രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ട് അധികമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനും, ആ രാജ്യത്തിനുള്ള ഫണ്ടുകള്‍ പിന്‍വലിക്കാനും ട്രംപ് ഭരണകൂടം അടുത്തിടെ നടപടികള്‍ സ്വീകരിച്ചിരുന്നു. അമേരിക്കയുടെ ഇത്തരം നടപടികളു െപശ്ചാത്തലത്തില്‍, പാകിസ്ഥാനെപ്പറ്റി ട്രംപ് നടത്തിയ പ്രസ്താവനയുടെ പൊരുള്‍ മനസ്സിലാക്കാവുന്നതേ ഉള്ളു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പ്രതിരോധ-സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ട്രംപ് അടിവരയിട്ട് പറയുകയുണ്ടായി. ഇന്ത്യ-അമേരിക്ക സംയുക്ത സേനാ അഭ്യാസങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്, ഏറ്റവും മികച്ച സൈനിക ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്നും ഉറപ്പുനല്‍കി.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ആദ്യപാദം തികച്ചും ഔപചാരികം ആകുമെന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം ഇതിന് വിപരീതമായിരുന്നു.
ഇന്തോ-യു.എസ്. തന്ത്രപ്രധാന സഹകരണത്തിന്റെ ആവശ്യകത, ഉപയോഗം, ആഴം എന്നിവയെപ്പറ്റി ഇന്ത്യന്‍ സമൂഹത്തോട് സംവദിക്കാന്‍ തന്റെ പ്രസംഗത്തിലൂടനീളം ട്രംപ് ശ്രദ്ധിച്ചു.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു വലിയ കരാര്‍ അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന സൂചനയും ട്രംപ് പ്രസംഗത്തിലൂടെ നല്‍കി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും, ശീത യുദ്ധത്തിന്റെ അവസാനവും, ലോകഗതിയില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഇന്തോ-യു.എസ്. തന്ത്രപ്രധാന സഹകരണത്തിലുണ്ടായ വളര്‍ച്ച.
ഈ സഹകരണത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട് എന്നത് ശരിതന്നെ, പക്ഷേ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇന്തോ-യു.എസ്. സഹകരണം എന്നും ഉയര്‍ച്ചയുടെ പാതയിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളു.
ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതു മുതല്‍ അമേരിക്കയുമായുള്ള വ്യാപാര-വാണിജ്യ രംഗങ്ങളില്‍ ഇന്ത്യയ്ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, സമവായം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ഇടപാടുകളിലെത്താന്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമങ്ങള്‍ നടത്തി വരുന്നുമുണ്ട്.
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കപ്പെടുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ സമയം വേണമെന്ന് വേണം അനുമാനിക്കാന്‍. അടുത്ത് തന്നെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ ഒരു പുതിയ കരാര്‍ നിലവില്‍ വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം
തയ്യാറാക്കിയത് : പ്രൊഫ: ചിന്താമണി മഹാപാത്ര,
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല
പ്രോ: വൈസ് ചാന്‍സലര്‍.
വിവരണം : കിരണ്‍ ശങ്കര്‍
Comments
Post a Comment