ഉഭയകക്ഷി-തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഔദ്യോഗിക ചര്‍ച്ചകള്‍ കൊണ്ടും, ചടങ്ങുകള്‍ കൊണ്ടും സാര്‍ത്ഥകമായി. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇവരില്‍ നാല് പ്രസിഡന്റുമാരും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യ സന്ദര്‍ശിച്ചവരാണ് എന്നത് അടുത്ത കാലങ്ങളില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകുന്നതിനുളള തെളിവാണ്. പത്‌നി മെലാനിയ ട്രംപും, മകള്‍ ഇവാന്‍കയും, മരുമകന്‍ ജാരേദ് കുഷ്ണറും ഉള്‍പ്പെടെ ഉന്നതതല സംഘവും ട്രംപിനെ അനുഗമിച്ചിരുന്നു.
അഹമ്മദാബാദിലെത്തിയ ഡോണള്‍ഡ് ട്രംപിന് അത്ഭുതപൂര്‍വ്വമായ വരവേല്പാണ് ലഭിച്ചത്. സബര്‍മതി ആശ്രമ സന്ദര്‍ശനത്തിനു ശേഷം മൊട്ടേരാ സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ജനസഞ്ചയത്തെ ട്രംപും, പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിസംബോധന ചെയ്തു. അഞ്ചുമാസത്തിനു മുന്‍പ് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അഹമ്മദാബാദിലെ 'നമസ്‌തേ ട്രംപ്' പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പരിപാടിയില്‍ ട്രംപ് വാനോളം പുകഴ്ത്തി. എഴുപത് വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിലെ വന്‍കിട സാമ്പത്തിക ജനാധിപത്യ ശക്തികളിലൊന്നായി മാറിയ ഇന്ത്യ ആഗോളതലത്തില്‍ മറ്റേതൊരു രാജ്യത്തേയും അതിശയിപ്പിക്കുന്ന തരത്തില്‍ മുന്നേറുകയാണെന്ന് ട്രംപ് പറഞ്ഞു. ഇരു നേതാക്കളുടേയും പല കാര്യങ്ങളിലൂളള വ്യക്തിപരമായ ഐക്യം പരിപാടിയിലുടനീളം ദൃശ്യമായിരുന്നു. നമസ്‌തേ ട്രംപ് പരിപാടിക്കുശേഷം ആഗ്രയിലെത്തിയ ട്രംപും, സംഘവും താജ്മഹല്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ എത്തി.
രാഷ്ട്രപതിഭവനില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെ തന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് രാജ്ഘട്ടിലെത്തിയ ട്രംപും, ഭാര്യ മെലാനിയയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിയില്‍ പ്രണാമമര്‍പ്പിച്ചു. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഡോണള്‍ഡ് ട്രംപും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി. മേഖലാ-ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തില്ലെന്ന് അവര്‍ ഉറപ്പാക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു മാത്രമല്ല മുംബൈ, പത്താന്‍കോട്ട് ഭീകര ആക്രമണങ്ങള്‍ ഉള്‍പ്പെടെയുളളവയുടെ സൂത്രധാരന്മാരെ നിയമത്തിനു മുന്നില്‍ കോണ്ടുവരണമെന്നും നേതാക്കള്‍ പാകിസ്ഥാനോടാവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ വികസനത്തിലും സുരക്ഷയിലും ഇന്ത്യ വഹിക്കുന്ന പങ്കിനെ ട്രംപ് സ്വാഗതം ചെയ്തു. ചര്‍ച്ചകള്‍ക്കുശേഷം ഇരു നേതാക്കളും ന്യൂഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. വ്യവസായ പ്രമുഖരുടെ യോഗത്തിലും ട്രംപ് സംബന്ധിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെയും സംഘത്തിന്റെയും ബഹുമാനാര്‍ത്ഥം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക വിരുന്ന് നല്‍കി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്ക്കുന്ന ബന്ധത്തില്‍ ശ്രദ്ധേയമായ പുരോഗതികൈവരിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നതതല സന്ദര്‍ശനം വഴിയൊരുക്കി. പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണത്തില്‍ ഇന്ത്യ, അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചുറപ്പിച്ചു. അമേരിക്കന്‍ നിര്‍മ്മിത MH-60R നാവിക ഹെലികോപ്റ്ററുകളും AH-64E അപ്പാച്ചെ ഹെലികോപ്പറ്ററുകളും വാങ്ങാനുളള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇന്ത്യാ-പെസഫിക് മേഖലയുടെ വികസനം സംബന്ധിച്ച ഇരു രാജ്യങ്ങളുടേയും യോജിപ്പും സന്ദര്‍ശനത്തില്‍ പ്രകടമായി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അന്താരാഷ്ട്ര വികസന ധനകാര്യ കോര്‍പ്പറേഷന്റെ സ്ഥിരം സംവിധാനം ഇന്ത്യയില്‍ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ആഗോള അടിസ്ഥാന സൗകര്യ വികസനത്തിനായുളള ബ്ലൂ ഡോട്ട് നെറ്റ്‌വര്‍ക്ക് എന്ന ആശയത്തില്‍ ട്രംപും, പ്രധാനമന്ത്രി നരേന്ദ്രമോദിയും താത്പര്യം പ്രകടിപ്പിച്ചു.
ആഭ്യന്തര സുരക്ഷാ സഹകരണം ശക്തമാക്കാനും, മയക്കുമരുന്ന് കടത്തലിനെതിരായി ഇരു രാജ്യങ്ങളുടേയും നീതിനിര്‍വ്വഹണ ഏജന്‍സികള്‍ക്കിടയില്‍ കര്‍മ്മസമിതി രൂപീകരിക്കാനും നേതാക്കള്‍ തീരുമാനിച്ചു.
ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ സമഗ്രമായ വ്യാപാര കരാറിലേയ്ക്ക് നീങ്ങാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഊര്‍ജ്ജസഹകരണം, അസംസ്‌കൃത എണ്ണ ഇറക്കുമതി, അമേരിക്കന്‍ പെട്രോളിയം വ്യവസായത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ധാരണയായിട്ടുണ്ട്. ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മറ്റു മേഖലകളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കി.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനും, ആണവ വിതരണ ഗ്രൂപ്പായ NSG-ല്‍ പ്രവേശം ലഭിക്കുന്നതിനും ഇന്ത്യയ്ക്കുളള അമേരിക്കയുടെ പിന്തുണ ട്രംപ് ആവര്‍ത്തിച്ചു. യഥാര്‍ത്ഥത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഫലപ്രദവും തീര്‍ത്തും അവിസ്മരണീയവുമായിരുന്നു.
നിങ്ങള്‍കേട്ടത് വാര്‍ത്താവലോകനം
തയ്യാറാക്കിയത് : നവതേജ് സര്‍ന
അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനാപതി
വിവരണം : അനില്‍കുമാര്‍.എ
Comments
Post a Comment