ഇന്ത്യയും ബംഗ്ലാദേശും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നു
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്യംഗ്ലയുടെ ധാക്ക സന്ദര്‍ശനം ബംഗ്ലാദേശുമായുളള ഇന്ത്യയുടെ അടുത്ത ബന്ധം പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന് കീഴില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. 2019 ജനുവരി വരെ ബംഗ്ലാദേശിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ശ്യംഗ്ലയുടെ ധാക്ക സന്ദര്‍ശനം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല അടുത്തിടെ ഇന്ത്യയിലുണ്ടായ ചില സംഭവ വികാസങ്ങളില്‍ ബംഗ്ലാദേശ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ബംഗ്ലാദേശിലും ഉണ്ടാകാനിടയുണ്ടെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ അതിന്
അടിസ്ഥാനമില്ലെന്നും ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ ഒരു കാരണവശാലും ബംഗ്ലാദേശിനെ ബാധിക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശനത്തിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രധാനമായും വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം. ബംഗബന്ധു ഷെയ്ക്ക് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ഈമാസം മധ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. ഷെയ്ക്ക് മുജിബുര്‍ റഹ്മാന്‍ നമ്മുടേയും ദേശീയ നായകനാണെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. മറ്റ് നിരവധി വിഷയങ്ങളും വരും ആഴ്ചകളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.
അടുത്ത കാലത്തായി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സംയുക്തമായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചത് ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി. ചരിത്രപരമായ അതിര്‍ത്തി കരാര്‍, സമുദ്രാതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍, അന്താരാഷ്ട്ര വ്യവഹാരത്തിലൂടെ പരിഹരിച്ചത് തുടങ്ങിയവ വിവിധ പ്രശ്‌നങ്ങളിലെ ഇന്ത്യയുടെ സമീപനം വെളിവാക്കുന്നതാണ്.
അതിര്‍ത്തി നിര്‍ണ്ണയം മേഖലയിലെ പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വ്യക്തമായ അതിര്‍ത്തി നിര്‍ണയത്തിന്റെ
അഭാവം മൂലമാണ് 2001-ല്‍ പൃഥിവായില്‍ ഇരുരാജ്യങ്ങളുടെയും സുരക്ഷാസേനകള്‍ തമ്മില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ കുറഞ്ഞെങ്കിലും അനധികൃത പ്രവര്‍ത്തനങ്ങളും വെടിവയ്പ് സംഭവങ്ങളും അതിര്‍ത്തി മേഖലയിലെ സുരക്ഷയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.
2011-ല്‍ തുണിത്തരങ്ങള്‍ ഉള്‍പ്പെടെ 61 ഇനങ്ങളുടെ തീരുവ എടുത്തു കളഞ്ഞത് ബംഗ്ലാദേശുമായുള്ള ഉഭയകകഷി വ്യാപാരം കുതിച്ചുയരാന്‍ ഇടയാക്കി. കയറ്റുമതി പ്രോത്സാഹന ബ്യൂറോയുടെ കണക്കുകളനുസരിച്ച് അടുത്തകാലത്ത് ബംഗ്ലാദേശിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 42 ശതമാനത്തോളം ഉയര്‍ന്ന് 1.25 ബില്യണ്‍ ഡോളറിലെത്തി. ബംഗ്ലാദേശിന്റെ വാര്‍ഷിക വളര്‍ച്ച 7 ശതമാനമായതിനാല്‍ ഉഭയകക്ഷി വ്യാപാരത്തിന് അത് കൂടുതല്‍ ഉത്തേജനം നല്‍കും. എന്നിരുന്നാലും തീരുവകള്‍ അല്ലാത്ത മറ്റ് ചില തടസ്സങ്ങള്‍ ഉഭയകക്ഷി വ്യാപാരത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ഗതാഗത - വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തിയും, നിര്‍ദ്ദിഷ്ട ബംഗ്ലാദേശ്-ഭൂട്ടാന്‍- ഇന്ത്യ-നേപ്പാള്‍ BBIN, BIMSTEC മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉപയോഗപ്പെടുത്തി
വ്യാപാരം ഉയരത്തിലെത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. വ്യാപാര വാണിജ്യ മേഖലയില്‍ ജലപാതകളും ഒരു പ്രധാന പങ്കു വഹിക്കാന്‍ പോവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈമാസം നടക്കാനിരിക്കുന്ന ധാക്ക സന്ദര്‍ശനത്തില്‍ പ്രതിരോധ സഹകരണം മുഖ്യ ചര്‍ച്ചാവിഷയമാകാനാണ് സാധ്യത. പ്രതിരോധ മേഖലയില്‍ 500 ദശലക്ഷം ഡോളറിന്റെ വായ്പാസഹായം ഇന്ത്യ ബംഗ്ലാദേശിന് വാഗ്ദാനം നല്‍കുകയും അത് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയും ചെയ്യുന്നു.
തീര നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കഴിഞ്ഞവര്‍ഷം ഇരു രാജ്യങ്ങളും ധാരണ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നടക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ ഇതിനോടകം തീവ്രവാദ വിരുദ്ധ അഭ്യാസ പ്രകടനമായ സമ്പ്രീതി നടത്തുകയുണ്ടായി. സുരക്ഷാ സംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് പട്രോളിംഗ് സംവിധാനവും ഏകോപിപ്പിച്ചിട്ടുണ്ട്. 7.5 ഡോളറിന്റെ വായ്പാ പദ്ധതി നടപ്പിലാക്കേണ്ടത് അടിയന്തരാവശ്യമാണ്. കഴിഞ്ഞ 8 വര്‍ഷകാലയളവില്‍ നല്‍കിയ നാല് വായ്പാ സഹായങ്ങളുടെ 5.1 ശതമാനം മാത്രമാണ് ഇതുവരെ ബംഗ്ലാദേശ് വിനിയോഗിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ കാണിക്കുന്നു. 510 ദശലക്ഷം ഡോളറിന്റെ മൂന്ന് റയില്‍വേ
പദ്ധതികളില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ 87 ദശലക്ഷം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഫണ്ട് വിനിയോഗം സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ബംഗ്ലാദേശ് തയ്യാറാക്കുന്നത് മന്ദഗതിയിലാണ്. അതിനാല്‍ ചില പദ്ധതികള്‍ക്ക് അധിക ചെലവ് ഉണ്ടാകുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയതായി ട്രെയിന്‍-ബസ് സര്‍വീസുകള്‍ ആരംഭിച്ചതോടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. ഇന്ത്യയുടെ 'അയല്‍ക്കാര്‍ ആദ്യം' എന്ന നയത്തിന്റെ ഭാഗമായി വിസ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതും, പ്രത്യേക മെഡിക്കല്‍ വീസ അനുവദിക്കാന്‍ തുടങ്ങിയതും മറ്റൊരു പ്രധാന കാര്യമാണ്. ഈ പശ്ചാത്തലത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്യംഗ്ലയുടെ ധാക്ക സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ്.
തയ്യാറാക്കിയത് : ഡോ. സ്മൃതി എസ്. പട്‌നായിക്
ദക്ഷിണേഷ്യ നയതന്ത്ര വിശകലന വിദഗ്ധ
പരിഭാഷ വിവരണം : അനില്‍കുമാര്‍
Comments
Post a Comment