യു.എസ്. അഫ്ഗാനിസ്ഥാന്‍ സമാധാന ഉടമ്പടി പ്രതീക്ഷയോ ഭയമോ?

അഫ്ഗാന്‍ ദേശീയ സുരക്ഷ പ്രതിരോധ സേനയ്‌ക്കെതിരെ സൈനിക നടപടികള്‍ പുനരാരംഭിക്കുമെന്ന് താലിബാന്‍ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പിക്കാനായി രണ്ട് ദിവസം മുമ്പ് അമേരിക്കയും താലിബാനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചതിന് തൊട്ടു പിന്നാലെയാണ് താലിബാന്റെ നടപടി.
യു.എസ്. പ്രത്യേക പ്രതിനിധി ധാല്‍വായ് ഖാലിസാദും താലിബാന്‍ ഡെപ്യൂട്ടി ലീഡര്‍ മുല്ലാ അബ്ദുള്‍ ഖാനി ബിരാദറും കൂടി ചേര്‍ന്ന്

ഒന്‍പത് തവണത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്.
വെടിനിര്‍ത്തല്‍, വിദേശ സൈന്യത്തിന്റെ വിടുതല്‍, അഫ്ഗാനിസ്ഥാനിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ മധ്യസ്ഥത, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ സമാധാന ഉടമ്പടിയിലെ നാല് പ്രധാന ഘടകങ്ങളായിരുന്നു.
ഉടമ്പടി പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ്. സന്നദ്ധത അറിയിച്ചിരുന്നു. 14 മാസ സമയ പരിധിയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ യു.എസ്. പട്ടാളത്തേയും പിന്‍വലിക്കണമെന്ന് കരാറില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ മാര്‍ച്ച് 20-ഓടു കൂടി 5000 താലിബാന്‍ തടവുകാരെ വിട്ടയയ്ക്കണമെന്ന താലിബാന്റെ ആവശ്യവും യു.എസ്. ശരിവച്ചു. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ബാക്കിയുള്ള തടവുകാരെ കൂടി വിട്ടയയ1ക്കുമെന്ന് വാഷിംഗ്ടണ്‍ ഉറപ്പ് നല്‍കി.
എങ്ങനെയായാലും സ്വദേശീയ-അന്തര്‍ദ്ദേശീയ ഇടങ്ങളില്‍ ഒരേ സമയം ഭയവും പ്രതീക്ഷയുമാണ് ഈ ഉടമ്പടി കാഴ്ചവയ്ക്കുന്നത്. അഫ്ഗാന്‍ ജനതയോടും പുറംലോകത്തോടുമുള്ള താലിബാന്റെ തീവ്ര ചിന്താഗതിയും മറ്റ് തീവ്രവാദ സംഘടനകളോടുള്ള അനുഭാവവുമാണ് ഭയപ്പാടുളവാക്കുന്ന വിഷയം.

അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങാനുള്ള യു.എസ്. സൈന്യത്തിന്റെ നടപടി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്ന മറ്റൊരു ഭയം തന്നെയാണ്.
അഫ്ഗാനിസ്ഥാന്റെ വലിയൊരു വിഭാഗം സമാധാന പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുന്നുണ്ടെങ്കിലും ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അംഗീകാര വിഭജനം അഫ്ഗാന്‍ പൊതുസമൂഹത്തിലേക്ക് താലിബാന്‍ പോരാളികളെ നിരായുധീകരിച്ച് പുനക്രമീകരിക്കുക തുടങ്ങിയവ. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെയും ഭരണഘടനയുടെയും നിലനില്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമായി തീരും. കൂടാതെ ഗോത്ര വിഭാഗങ്ങളുടെയും വര്‍ഗ്ഗീയ വാദികളുടെയും അഭിപ്രായഭിന്നത അഫ്ഗാന്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കും. താലിബാനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 18 വര്‍ഷത്തെ ഏറ്റവും ശക്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കാബൂളിനേയും അഫ്ഗാന്റെ സുരക്ഷാ കേന്ദ്രങ്ങളേയും ആക്രമിക്കാന്‍ ശേഷിയുള്ള അറുപതിനായിരം പടയാളികളുടെ ശക്തമായ സൈനിക വിന്യാസം രാജ്യത്തെ എല്ലാ ജില്ലകളിലും ക്രമീകരിച്ചിട്ടുണ്ട്.
അമേരിക്ക പുനരാരംഭിച്ച സമാധാന ശ്രമങ്ങളോട് താലിബാന്റെ പല ഘടകങ്ങള്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. ഇവര്‍ അമേരിക്കന്‍ സേനക്കെതിരെയുള്ള ആക്രമണം തുടരുകയാണ്. തടവില്‍ കഴിയുന്ന 5000 താലിബാന്‍ കുറ്റവാളികളെ മോചിപ്പിച്ചാല്‍ മാത്രമെ

അഫ്ഗാന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് ഘനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ഗവണ്‍മെന്റ് താലിബാന്റെ ആവശ്യം നിരാകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിരവധി തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും, പുതിയ നേതൃത്വത്തിന് കീഴില്‍ താലിബാന്‍ വീണ്ടും സജീവമാവുകയും ചെയ്തതായി കരുതപ്പെടുന്നു. ഇത് സമാധാന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
സമാധാന ശ്രമങ്ങള്‍ക്ക് താലിബാനേയും അമേരിക്കയേയും സഹായിക്കുന്ന പാകിസ്ഥാന്‍, അമേരിക്കയുടെ സമാധാന ഉടമ്പടിയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തി തടയുന്ന സംസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്താല മാത്രമേ അഫ്ഗാന്‍ സമാധാന ശ്രമങ്ങളില്‍ പാകിസ്ഥാന്‍ അമേരിക്കയുമായി സഹകരിക്കുകയുള്ളൂവെന്ന് ഇസ്ലാമാബാദ് നേരത്തെ അറിയിച്ചിരുന്നു. ഭാവിയിലെ സമാധാന ചര്‍ച്ചകള്‍ക്ക് ജര്‍മ്മനിയും നോര്‍വേയും ആതിഥ്യമരുളാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അഫ്ഗാനിലെ യുദ്ധ ഭൂമിയിലും സമാധാന ചര്‍ച്ച വേദിയിലും വലിയ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

അഫ്ഗാനിസ്ഥാന്റെ സമാധാനത്തിനും സമഗ്ര വികസനത്തിനും പിന്തുണ നല്‍കുന്ന ഇന്ത്യ അഫ്ഗാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 300 കോടി ഡോളറിന്റെ സഹായം 2001 മുതല്‍ നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെ ഭീകരവാദികളുടെ സുരക്ഷാ താവളമല്ലാതാക്കുന്നതിനും പാകിസ്ഥാന്റെ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
അഫ്ഗാനിസ്ഥാന്‍ നേതൃത്വം നല്‍കുന്ന സമാധാന പ്രവര്‍ത്തനങ്ങളെ ഇന്ത്യ എക്കാലവും പിന്തുണച്ചിരുന്നു. പരമാധികാരവും സുസ്ഥിരതയുമുള്ള ഒരു രാജ്യമായി അഫ്ഗാന്‍ മാറുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2001-ന് മുന്‍പുള്ള നേട്ടങ്ങളിലേക്ക് രാജ്യത്തെ എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായമുണ്ടായാല്‍ മാത്രമേ അഫ്ഗാനിസ്ഥാന് മുന്നോട്ട് വിജയകരമായി പ്രയാണം നടത്താന്‍ സാധിക്കുകയുള്ളു.

തയ്യാറാക്കിയത് : ഡോ. സ്മിത
അഫ്ഗാന്‍ പാക് നയതന്ത്ര വിദഗ്ധ

പരിഭാഷ വിവരണം : ജയലക്ഷ്മി പി.ജെ.

Comments