യൂറോപ്പിലേയ്ക്കുളള അതിര്‍ത്തി ടര്‍ക്കി തുറക്കുന്നത് അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാക്കുന്നു
2015-ലേതിന് സമാനമായ അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ കാഴ്ചകളാണ് ടര്‍ക്കിയില്‍ അടുത്തിടെ ഉണ്ടാകുന്നത്. അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പിലേക്കുളള അതിര്‍ത്തി കഴിഞ്ഞയാഴ്ചയാണ് ടര്‍ക്കി തുറന്ന് നല്‍കിയത്. തങ്ങളുമായി ടര്‍ക്കി 2015-16 ല്‍ എത്തിച്ചേര്‍ന്ന കരാറിന്റെ ലംഘനമായാണ് യൂറോപ്യന്‍ യൂണിയന്‍ ഇതിനെ കാണുന്നത്. യൂറോപ്പിലേക്ക് നിലക്കാതെയുളള അഭയാര്‍ത്ഥി പ്രവാഹത്തിന് തടയിട്ടത് ഈ കരാറായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്നും. ഇതിലധികം അഭയാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമാണ് ടര്‍ക്കി വാദിക്കുന്നത്. ഇത് തളളിയ യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം ടര്‍ക്കിയിലെ അഭയാര്‍ത്ഥികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
ടര്‍ക്കി പ്രസിഡന്റ് എര്‍ദ്ദോഗനെതിരെ 2016-ല്‍ നടന്ന അട്ടിമറി ശ്രമത്തിന് ശേഷം ടര്‍ക്കി ഗവണ്‍മെന്റ്, എതിരാളികള്‍ക്കും മാധ്യമങ്ങള്‍ക്കെതിരേ പോലും കടുത്ത നടപടികളാണ് സ്വീകരിച്ചു പോരുന്നത്. ഒട്ടേറെ ജര്‍മ്മന്‍ പൗരന്മാര്‍ ടര്‍ക്കിയില്‍ തടവില്‍ കഴിയുന്നുണ്ട്. യൂറോപ്പും ടര്‍ക്കിയുമായുളള വ്യാപാരത്തിന് മാന്ദ്യം ബാധിച്ചിരിക്കുന്നു. ടര്‍ക്കിയിലും യൂറോപ്പിലും ശക്തി പ്രാപിച്ച് വരുന്ന തീവ്ര ദേശീയവാദ-വലതുപക്ഷ- അഭയാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയവും സംഭവം വഷളാക്കിയിട്ടുണ്ട്.
2015-ലെ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ നിന്ന് യൂറോപ്പ് കരകയറി വരുന്നതേയുളളൂ. ടര്‍ക്കിയെ ഒറ്റപ്പെടുത്താന്‍ യൂറോപ്പും, നാറ്റോയും തയ്യാറല്ല താനും. സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആണിത്.
സിറിയയില്‍ നിന്ന് ഏറ്റവുമധികം അഭയാര്‍ത്ഥികളെ കൈക്കൊണ്ട രാജ്യങ്ങളാണ് ടര്‍ക്കിയും, ജോര്‍ദ്ദാനും. 3.6 ദശലക്ഷം പേരാണ് സിറിയയില്‍ നിന്ന് ടര്‍ക്കിയിലേക്ക് കുടിയേറിയത്. ടര്‍ക്കിയിലെ ആഭ്യന്തര പരിതസ്ഥിതി ആശങ്കാവഹമാണ്. രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ച്ചയിലാണ്. വിലക്കയറ്റവും, തൊഴിലില്ലായ്മയും രൂക്ഷമാണ്. അഭയാര്‍ത്ഥികള്‍ക്ക് നേരെയുളള അക്രമങ്ങളും കൂടി വരുന്നു.
ഇദ്‌ലി ബില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സിറിയയില്‍ നിന്ന് ടര്‍ക്കിയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നുണ്ട്. 2019-ലെ 'പുന:സ്ഥാപന നയം' അനുസരിച്ച് ഇങ്ങനെ എത്തുന്നവരെ ടര്‍ക്കി നാടു കടത്തുന്നുമുണ്ട്. കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തുന്നത് രാജ്യത്തെ സമാധാനാന്തരീക്ഷത്തെ ക്ഷയിപ്പിക്കുമെന്ന് ടര്‍ക്കി ഭയപ്പെടുന്നു.
സിറിയന്‍ കര്‍ദ്ദുകളെയും ഗവണ്‍മെന്റിനെയും പരാജയപ്പെടുത്താന്‍ ടര്‍ക്കി യൂറോപ്പിന്റെ സഹായം ആഗ്രഹിക്കുന്നു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് കൂറുളള സിറിയന്‍ വിഭാഗം ആണ് ഇദലി ബില്‍ ടര്‍ക്കിയെ നേരിടുന്നത് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ നിര്‍ണ്ണായക ശക്തി ആവാന്‍ ടര്‍ക്കി പ്രസിഡന്റ് എര്‍ദ്ദേഗന് ആഗ്രഹമുണ്ട്. അറബ് ലോകത്തും അന്താരാഷ്ട്ര തലത്തിലും ടര്‍ക്കിക്കുണ്ടായിരുന്ന കീര്‍ത്തി ക്ഷയിച്ചിരിക്കുന്നു. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ എര്‍ദ്ദോഗന്‍ കാണുകയും സ്ഥിതി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
ഇദലി ബില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ ഒരു ദശലക്ഷത്തോളം അഭയാര്‍ത്ഥികളാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്തത്. യൂറോപ്പിനും, ടര്‍ക്കിക്കും ഒന്നുപോലെ തലവേദനയാകും ഇത്. അതിനാല്‍ യൂറോപ്പിനെ സമ്മര്‍ദത്തിലാക്കി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ടര്‍ക്കി ശ്രമിക്കുന്നത്. 2015-16 ലേത് പോലെ ബാള്‍ക്കന്‍ പാത അടച്ച് അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ടര്‍ക്കിക്ക് കഴിയുമെന്ന് യൂറോപ്പ് പ്രത്യാശിക്കുന്നു.
വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ടര്‍ക്കിയുടെ സൈനിക ഇടപെടലിനെ ഇന്ത്യ വിമര്‍ശിച്ചു. ഇത്തരം ഇടപെടല്‍ മേഖലയിലെ ശാന്തി ഇല്ലാതാക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്യും. ഒരു ദശലക്ഷത്തിലേറെയുളള സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിത്തെ ടര്‍ക്കിയും, യൂറോപ്പുമായുളള വടംവലി സാരമായി ബാധിക്കില്ലെന്ന പ്രത്യാശയും ആഗ്രഹവുമാണ് ഇന്ത്യയ്ക്ക് ഉളളത്.
തയ്യാറാക്കിയത് : ഡോ.ഇന്ദ്രാണി താലൂക്ദാര്‍
നയതന്ത്ര വിദഗ്ധ
അവതരണം : അരവിന്ദ് ജി.എസ്
Comments
Post a Comment